2015, ഫെബ്രുവരി 11, ബുധനാഴ്‌ച

ലോകകപ്പ് ക്രിക്കറ്റ്-ഓവലുകൾ ഒരുങ്ങി,ക്രിക്കറ്റാരാധകർ ആഹ്ലാദത്തിമർപ്പിൽ...




ഇരുപത്തിമൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പ് ക്രിക്കറ്റിനെ വരവേൽക്കാൻ ഓസ്ട്രേലിയയിലെയും ന്യൂസീലന്ഡിലെയും ഓവലുകൾ എന്ന് കൂടി വിളിക്കുന്ന ക്രിക്കറ്റ്മൈതാനങ്ങളിലെ പിച്ചുകൾ സജീവമാകാൻ ഇനി മൂന്ന് ദിനരാത്രങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളു...1992 ൽ ഓസ്ട്രേലിയ അവസാനമായി വേദിയായതിന് ശേഷം ക്രിക്കറ്റ് കളിയിലും മത്സരങ്ങളുടെ നടത്തിപ്പിലും സാരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.1975 ൽ ജന്മമെടുത്ത ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് നാൽപ്പത് വയസ്സ് പൂർത്തിയാകുമ്പോൾ, അതിന്റെ പത്താമത് പതിപ്പാണ്‌ ഫിബ്രവരി 14 ന് പുലർച്ചെ ക്രൈസ്റ്റ് ചർച്ചിലെ ഹാഗ്ലി ഓവലിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തോടെ ലോകത്തെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികളുടെ മുമ്പിലെത്തുന്നത്. ഓസ്ട്രേലിയയിൽ ക്രിക്കറ്റ് ദേശീയ വിനോദമായി പ്രഖ്യാപിച്ചിട്ടുണ്ട്.അതുകൊണ്ട് തന്നെ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കാൻ  അവിടത്തെ പ്രാദേശിക സർക്കാരുകൾ കഴിവതെല്ലാം ചെയ്യുന്നുമുണ്ട്.വർഷങ്ങൾക്ക് മുമ്പ് ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിൽ നിന്നും ഒരു കൂട്ടം കുറ്റവാളികളുമായി സിഡ്നിയിൽ കപ്പലിറങ്ങിയ    ക്യാപ്റ്റൻ ജയിംസ് കുക്ക് ആണ് ഓസ്ട്രേലിയയിൽ ക്രിക്കറ്റ് പറിച്ച് നട്ടത്.ഇന്നിപ്പോൾ ആ കളിയുടെ നെറുകയിൽ വിജയ പതാക വീശി വിരാജിക്കുന്ന ഓസീസിന്റെ കരങ്ങളിൽ മത്സര നടത്തിപ്പ് ഏൽപ്പിച്ചതിൽ ഐ സി സി യ്ക്ക് പിഴവൊന്നും പറ്റിയിട്ടില്ല.ഐസിസി യുടെ ആഭിമുഖ്യത്തിൽ 4 വർഷം കൂടുമ്പോൾ സംഘടിപ്പിക്കുന്ന ലോകകപ്പ്‌ ക്രിക്കറ്റ് ടൂർണമെന്റിൽ ഇത്തവണ പങ്കെടുക്കുന്ന ടീമുകളിൽ കരുത്തരായ ഇന്ത്യ,ഓസ്ട്രേലിയ,ദക്ഷിണാഫ്രിക്ക,ന്യൂസീലാന്ഡ് എന്നീ ടീമുകളും താരതമ്യേന ദുർബലരായ അഫ്ഗാനിസ്ഥാൻ,സ്കോട്ട്ലാന്ഡ്,യു എ ഇ എന്നിവയും ഉൾപ്പെടുന്നു.14 രാജ്യങ്ങളിൽ നിന്നുള്ള 14 ടീമുകൾ ഓസ്ട്രേലിയയിലെയും ന്യൂസീലാന് ഡിലെയും 7 വീതം ഓവലുകളിലാണ് 49 കളികളിലായി  മാറ്റുരയ്ക്കുന്നത്.പ്രാഥമിക റൌണ്ട് മത്സരങ്ങൾക്കായി 14 ടീമുകളെ എ എന്നും ബി എന്നും രണ്ട് പൂളുകളിൽ പെടുത്തിയിരിക്കുന്നു.പൂൾ എ യിൽ ഓസ്ട്രേലിയ,ശ്രീലങ്ക,ഇംഗ്ലണ്ട്,ന്യൂസീലാന്ഡ്,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാൻ,സ്കോട്ട്ലാന്ഡ് എന്നീ ടീമുകളും പൂൾ ബിയിൽ ഇന്ത്യ,ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാൻ,വെസ്റ്റ്‌ ഇൻഡീസ്,സിംബാബ്‌വെ,അയർലാന്ഡ്,യു എ ഇ എന്നീ ടീമുകളും അണിനിരക്കും. പ്രാഥമിക മത്സരങ്ങൾ റൌണ്ട് റോബിൻ ഫോർമാറ്റിൽ നടത്തുന്നത് കൊണ്ട് ഒരു പൂളിലെ എല്ലാ ടീമുകളും പരസ്പരം മത്സരിക്കണം.ഫിബ്രവരി 14 മുതൽ മാർച്ച്‌ 15 വരെ നടക്കുന്ന ഈ മത്സരങ്ങളിൽ ഓരോ പൂളിൽ നിന്നും പോയിന്റ്‌ അടിസ്ഥാനത്തിൽ 4 ടീമുകൾ വീതം  സൂപ്പർ 8 ൽ പ്രവേശിക്കും.ഈ ടീമുകൾ തമ്മിൽ മാർച്ച് 18 മുതൽ 21 വരെ നടക്കുന്ന ക്വാർട്ടർ ഫൈനലുകളിൽ ഏറ്റുമുട്ടും.ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നോക്ക് ഔട്ട്‌ അടിസ്ഥാനത്തിലാണ്. ഇതിലെ ജേതാക്കൾ മാർച്ച് 24,26 തിയ്യതികളിൽ നടക്കുന്ന സെമിഫൈനലുകളിലേക്ക് യോഗ്യത നേടും.മാർച്ച്‌ 29 ന് രാവിലെ 9 മണിക്ക് ഓസ്ട്രേലിയയിലെ മെൽബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ ലോക ചാമ്പ്യന്മാരെ തീരുമാനിക്കുന്നതിനുള്ള കലാശപ്പോരാട്ടം നടക്കും.ആദ്യദിവസമായ ഫിബ്രവരി 14 ന് പുലർച്ചെ 3.30 ന് ന്യൂസിലാന്ഡിലെ  ക്രൈസ്റ്റ് ചർച്ചിലെ ഹാഗ്ലിഓവലിൽ നടക്കുന്ന ഉദ്ഘാടനമത്സരം ന്യൂസീലാൻഡും ശ്രീലങ്കയും തമ്മിലാണ്.അന്ന് രാവിലെ ഒരു ലക്ഷം കാണികൾക്ക് കളി കാണാവുന്ന ഓസ്ട്രേലിയയിലെ ചരിത്രപ്രധാനമായ മെൽബണിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ എതിരിടും.നിലവിലെ ലോക ചാമ്പ്യന്മാരായ ഇന്ത്യയുടെ ആദ്യമത്സരം പിറ്റേ ദിവസം രാവിലെ 9 മണിക്ക് പാക്കിസ്ഥാനുമായി അഡലെയ്ഡ് ഓവലിലാണ്.കളിയിലെ ജയപരാജയങ്ങളെ കുറിച്ചുള്ള പ്രവചനം ഇപ്പോൾ നടത്തുന്നില്ല.ഈയിടെ ഓസ്ട്രേലിയയിൽ നടന്ന ത്രിരാഷ്ട്രടെസ്റ്റിൽ ഇന്ത്യയുടെ മോശമായ പ്രകടനം വെച്ച് നോക്കുമ്പോൾ കപ്പ് നില നിർത്തുവാൻ ഇന്ത്യ ഏറെ വിയർപ്പൊഴുക്കേണ്ടി വരും.സ്വന്തം നാട്ടിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ ലോകകപ്പ് ഉയർത്തിപ്പിടിക്കാൻ ഓസീസിന് കഴിയുമോ എന്നതും കാത്തിരുന്ന് കാണാം.ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെണ്ടുല്ക്കർ ഇത്തവണയും ലോകകപ്പ്ക്രിക്കറ്റിന്റെ ബ്രാൻഡ് അംബാസിഡറാണ്. ലോകമെമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്ക് മത്സരങ്ങൾ ലൈവ് ടെലി കാസ്റ്റിങ്ങിലൂടെ അവരുടെ സ്വീകരണ മുറികളിലെത്തിക്കാൻ സംഘാടകർ വിപുലമായ സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.ഇ എസ പി എന്നും സ്റ്റാർ സ്പോർട്സും ചേർന്നാണ് ബ്രോഡ്കാസ്റ്റിങ്ങിനുള്ള അവകാശം ഐ സി സി യിൽ നിന്നും വിലയ്ക്ക് വാങ്ങിയിട്ടുള്ളത്.ഇന്ത്യയിൽ സ്റ്റാർ സ്പോർട്സ്‌ ചാനൽ 3 ൽ കളി കാണാവുന്നതാണ്.ഐ സി സി യുടെ വെബ്സൈറ്റിൽ നിന്നും യാഹൂ ക്രിക്കറ്റ്,ഇ എസ് പി എൻ ക്രിസ് ഇൻഫോ എന്നീ സൈറ്റുകളിൽ നിന്നും സ്കോർ നില അപ്പപ്പോൾ ലഭ്യമായിരിക്കും. 

അഭിപ്രായങ്ങളൊന്നുമില്ല: