2009, മേയ് 3, ഞായറാഴ്‌ച

ഇന്ന് തൃശൂര്‍ പൂരം

ഇനി എല്ലാ വഴികളും തൃശൂരിലേക്ക്.പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ഉജ്ജ്വലവും നിറപ്പകിട്ടാര്‍ന്നതുമായ തുടക്കം. വെള്ളിയാഴ്ച്ച നടന്ന സാമ്പിള്‍ വെടിക്കെട്ടിന് ജനലക്ഷങ്ങള്‍ സാക്ഷൃം വഹിച്ചു.ഇന്നുമുതല്‍ രണ്ടുദിവസം പൂരനഗരി മേളക്കൊഴുപ്പിലും വര്‍ണ്ണക്കാഴ്ച്ചകളിലും ആറാടും.കേരളത്തിന്റെ സാംസ്കാരികത്തനിമയും മതമൈത്രിയും വിളിച്ചോതുന്ന പൂരം കാണാന്‍ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ലക്ഷക്കണക്കിന്‌ ജനങ്ങള്‍ തൃശൂരിലേക്ക് ഒഴുകിത്തുടങ്ങി. ഇലഞ്ഞിത്തറമേളത്തിന്‍റെ നാദലഹരിയില്‍ ലയിക്കാന്‍ നഗരം കാതോര്‍ത്തു കാത്തിരിക്കുന്നു. രാവിലെ കണിമംഗലം ശാസ്താവിന്‍റെ എഴുന്നള്ളിപ്പും തുടര്‍ന്ന് ആറ് ക്ഷേത്രങ്ങളില്‍ നിന്നുള്ള എഴുന്നള്ളിപ്പും ഉണ്ടാവും. പാറമേക്കാവ്,തിരുവമ്പാടി ക്ഷേത്രങ്ങളില്‍ നിന്നും വടക്കുംനാഥ ക്ഷേത്രത്തിലേക്ക് ഭഗവതിമാരുടെ വരവിനെ സൂചിപ്പിക്കുന്ന ചടങ്ങാണ് എഴുന്നള്ളിപ്പ്‌ .ചെണ്ട,മദ്ദളം,തിമില,ഇലത്താളം,ഇടയ്ക്ക എന്നിവ ചേര്‍ന്ന പഞ്ചവാദ്യം പൂരക്കാഴ്ച്ചകളില്‍ അത്യാകര്‍ഷകമാണ്.കേരളത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള ക്ഷേത്രങ്ങളിലെ ഗജവീരന്മാര്‍ അണിനിരക്കുന്ന അത്ഭുതക്കാഴ്ചയായ കുടമാറ്റം ഇന്ന് വൈകുന്നേരം അരങ്ങേറും.പൂഴി വാരി ഇട്ടാല്‍ നിലത്തെത്താത്ത മട്ടിലുള്ള ജനസഞ്ചയം ഇതിന് ദൃക്സാക്ഷികളാവും .വര്‍ണ്ണ പ്രപഞ്ചം വാരിവിതറുന്ന വെടിക്കെട്ട് പുലര്‍ച്ചെയാണ് നടക്കുക.നാളത്തെ പകല്‍പൂരത്തിനൊടുവില്‍ ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ ഈ വര്‍ഷത്തെ പൂരത്തിന് കൊടിയിറങ്ങും.

2 അഭിപ്രായങ്ങൾ:

ഹരിശ്രീ പറഞ്ഞു...

തൃശൂര്‍ പൂരം ആശംസകള്‍ !!!

karumban പറഞ്ഞു...

വൈകിയാണെങ്കിലും പൂരം ആശംസകള്‍