വന്‍കരയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ പതിനാറാമത് ഏഷ്യന്‍ ഗെയിംസിന് ചൈനയിലെ ഗ്വങ്ഷോവില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന തുടക്കം.നവംബര്‍ 12 മുതല്‍ 27 വരെ നീളുന്ന 42 മത്സര ഇനങ്ങളില്‍ 53 വേദികളിലായി 45 രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തോളം കായിക പ്രതിഭകള്‍ മാറ്റുരയ്ക്കും.വര്‍ണ്ണ വിളക്കുകളാല്‍ അലങ്കരിക്കപ്പെട്ട ഗോപുരങ്ങളെ സാക്ഷി നിര്‍ത്തി, ചൈനക്ക് മാത്രം സ്വന്തമായ 40000 കരിമരുന്നുപ്രയോഗങ്ങളുടെ അകമ്പടിയോടെ 21 സംഗീത സംവിധായകര്‍ ചിട്ടപ്പെടുത്തിയ, 190 മിനുട്ട് ദൈര്‍ഘ്യമേറിയ സംഗീത വിരുന്ന് ഒരുക്കിയ അന്തരീക്ഷത്തില്‍ ഉല്‍ഘാടന ചടങ്ങുകള്‍ വര്‍ണ്ണവിസ്മയമായി മാറി .ഹൈസിന്‍ഷ സ്ക്വയറിനെ തൊട്ടുരുമ്മി ഒഴുകുന്ന പേള്‍ നദിയിലാണ് ഉല്‍ഘാടന വേദി ഒരുക്കിയിരിക്കുന്നത്.45 അലംകൃത നൌകകളില്‍ കായിക താരങ്ങളെ കരയിലേക്ക് ആനയിച്ചു.നാന്‍ ഹായ് ഗോഡ് എന്ന നൌക ഇവയുടെ മുന്നിലായി സഞ്ചരിച്ചു.മുന്‍പ് നടന്ന കായികമേളകളുടെ ഉല്‍ഘാടന ചടങ്ങുകള്‍ മുഖ്യ വേദിയിലാണ് നടത്തപ്പെട്ടിരുന്നത്.എന്നാല്‍ ഈ പതിവില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തി ഉല്‍ഘാടന വേദി പേള്‍ നദിയിലേക്ക് മാറ്റുകയായിരുന്നു.മുഖ്യ സ്റ്റേഡിയത്തില്‍ കാണികള്‍ക്കായി 30000 ഇരിപ്പിടങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.ഇനിയുള്ള 15 ദിനരാത്രങ്ങള്‍ ലോകത്തെങ്ങുമുള്ള കായിക പ്രേമികളുടെ കണ്ണും കാതും പേള്‍ നദിക്കരയിലെ മനോഹര നഗരിയിലെ മത്സരവേദികളിലേക്ക്.മെഡല്‍ വേട്ടയില്‍ ആരായിരിക്കും മുന്നിലെത്തുകയെന്ന് നമുക്ക് കാത്തിരുന്നു കാണാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ