2010, നവംബർ 27, ശനിയാഴ്‌ച

ചൈനീസ് കരുത്ത്‌ തെളിയിച്ച്‌ ഏഷ്യന്‍ ഗെയിംസ് കൊടിയിറങ്ങി

പേള്‍ നദിയില്‍ പൊട്ടിവിരിഞ്ഞ വര്‍ണ്ണപ്പൂക്കളുടെ മാസ്മരികതയില്‍ കാണികള്‍ തരിച്ചു നില്‍ക്കെ,അലങ്കരിച്ച നൌകകളില്‍ നിന്നും ഒഴുകിയെത്തിയ ദേവസംഗീതത്തിന്‍റെ താളത്തില്‍ നര്‍ത്തകികള്‍ ചുവടു വെച്ച് നീങ്ങവേ, ഏഷ്യയിലെ കായിക മഹാമേളയ്ക്ക് ചൈനയിലെ ഗ്വാങ്ഷൂവില്‍ കൊടിയിറങ്ങി.ചൈനീസ് ജനതയുടെ സംഘാടക മികവും,കായികമായ കരുത്തും മേളയിലുടനീളം തെളിഞ്ഞു നിന്നിരുന്നു.ഉല്‍ഘാടന ചടങ്ങുകള്‍ മുതല്‍ സമാപനം വരെ മുന്‍കാല മേളകളില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്താന്‍ സംഘാടകര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.16 ദിവസങ്ങള്‍ നീണ്ടു നിന്ന കായിക മാമാങ്കത്തിനൊടുവില്‍ ഇന്ന് നടന്ന സമാപന ചടങ്ങുകള്‍ ഹൃദയഹാരിയായി തീരുകയും ചരിത്രത്തില്‍ ഇടം പിടിക്കുകയും ചെയ്തു.മെഡല്‍ വേട്ടയില്‍ ആതിഥേയരായ ചൈന മറ്റു രാജ്യങ്ങളെ തുടക്കം മുതല്‍ക്ക് തന്നെ ബഹുദൂരം പിന്നിലാക്കിയിരുന്നു.199 സ്വര്‍ണവും 119 വെള്ളിയും 98 വെങ്കലവും ഉള്‍പ്പടെ 416 മെഡലുകളാണ് ചൈന വാരിക്കൂട്ടിയത്.സ്വര്‍ണമെഡലുകളുടെ എണ്ണത്തില്‍ ഒന്നിന്‍റെ കുറവ് കൊണ്ടുമാത്രം അവര്‍ക്ക് ഡബിള്‍ സെഞ്ചുറി തികയ്ക്കാന്‍ കഴിഞ്ഞില്ല.മെഡല്‍നിലയില്‍ രണ്ടാം സ്ഥാനത് നില്‍ക്കുന്ന കൊറിയക്ക് 76 സ്വര്‍ണവും 65 വെള്ളിയും 91 വെങ്കലവും കൂടി ആകെ 232 മെഡലുകളുംമൂന്നാം സ്ഥാനക്കാരായ ജപ്പാന് 48 സ്വര്‍ണവും 74 വെള്ളിയും 94 വെങ്കലവും ചേര്‍ത്ത് മൊത്തം 216 മെഡലുകളാണ് ലഭിച്ചത്.മെഡല്‍പട്ടികയില്‍ ആറാം സ്ഥാനം കരസ്ഥമാക്കിയ ഇന്ത്യക്ക് 14 സ്വര്‍ണവും 17 വെള്ളിയും 33 വെങ്കലവും കൂടി ആകെ 64 മെഡലുകള്‍ കിട്ടി.ഏഷ്യന്‍ ഗെയിംസില്‍ മുമ്പ് ഇന്ത്യക്ക് ഇത്രയും നേട്ടം കൊയ്യാന്‍ കഴിഞ്ഞിരുന്നില്ല.ഈ നേട്ടത്തില്‍ പങ്കു വഹിച്ച കേരളത്തിന്റെ ചുണക്കുട്ടികളെ നമുക്ക് ഈ അവസരത്തില്‍ അനുമോദിക്കാം.2014 ല്‍ ദക്ഷിണ കൊറിയയിലെ ഇന്‍ഷിയോണില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ കായിക താരങ്ങള്‍ ഏഷ്യാഡിനോട് ഇന്ന് വിട പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല: