2011, ജനുവരി 23, ഞായറാഴ്‌ച

സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് വീണ്ടും കിരീടം ചൂടി

കോട്ടയത്ത് സമാപിച്ച സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് തുടര്‍ച്ചയായി അഞ്ചാം തവണയും കലാകിരീടം ചൂടി.ആകെ 819 പോയിന്റുകള്‍ നേടിയാണ്‌ കോഴിക്കോട് പന്ത്രണ്ടാം പ്രാവശ്യം നൂറ്റിപ്പതിനേഴര പവന്റെ സ്വര്‍ണ്ണക്കപ്പില്‍ മുത്തമിടുന്നത്.776 പോയിന്റുമായി തൃശൂര്‍ രണ്ടാം സ്ഥാനത്തും 767 പോയിന്റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചു.പോലീസ് പരേഡ് ഗ്രൌണ്ടിലെ പ്രധാന വേദിയായ പൊന്‍കുന്നം വര്‍ക്കി നഗറില്‍ തടിച്ചു കൂടിയ വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി ഗാനഗന്ധര്‍വന്‍ പദ്മഭൂഷന്‍ ഡോ.കെ ജെ യേശുദാസ് സ്വര്‍ണ്ണക്കപ്പ് കോഴിക്കോട്ടെ ചുണക്കുട്ടികള്‍ക്ക് സമ്മാനിച്ചു.സമാപന സമ്മേളനം മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ മന്ത്രി എം എ ബേബി അദ്ധ്യക്ഷത വഹിച്ച സമാപന ചടങ്ങില്‍ വി എന്‍ വാസവന്‍ എം എല്‍ എ സ്വാഗതം ആശംസിച്ചു.നേരത്തെ നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച വര്‍ണ്ണാഭമായ സാംസ്കാരിക ഘോഷയാത്ര നഗരം ചുറ്റി പോലീസ് പരേഡ് ഗ്രൗണ്ടില്‍ സമാപിച്ചു.ഘോഷയാത്ര വീക്ഷിക്കുന്നതിനു പതിനായിരങ്ങള്‍ പാതയോരങ്ങളില്‍ കാത്തു നിന്നിരുന്നു.അക്ഷര നഗരിയിലെ ആറ് ദിനരാത്രങ്ങള്‍ കൌമാര കലയുടെ ചിലമ്പൊലി നാദത്താല്‍ മുഖരിതമാക്കിയ കലാമാമാങ്കത്തിന് അങ്ങിനെ തിരശ്ശീല വീണു.അടുത്ത വര്‍ഷം കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ വീണ്ടും കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ കലാപ്രിതഭകള്‍ കോട്ടയത്ത് നിന്നും വിടവാങ്ങി.

അഭിപ്രായങ്ങളൊന്നുമില്ല: