2011, ജനുവരി 14, വെള്ളിയാഴ്‌ച

സ്കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച തിരി തെളിയും

ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ കേരള സ്കൂള്‍ കലോത്സവത്തിന് 2011 ജനുവരി 17 ന് തിങ്കളാഴ്ച കോട്ടയത്ത്‌ തിരി തെളിയും.ജനുവരി 17 മുതല്‍ 23 വരെ കോട്ടയത്തുകാര്‍ക്ക് ഉത്സവലഹരിയില്‍ ആറാടാം.മുന്‍പ് 6 തവണ കലോത്സവത്തിന് വേദിയായ കോട്ടയം ഏറ്റവുമൊടുവില്‍ 1996 ലാണ് ആതിഥ്യം വഹിച്ചത്.അന്‍പത്തിയൊന്നാമത് കലോത്സവം ചരിത്ര സംഭവമാക്കാന്‍ അക്ഷരനഗരിയില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.9000 പ്രതിഭകള്‍ 17 വേദികളിലാണ് മാറ്റുരക്കുന്നത്.പോലീസ് പരേഡ് ഗ്രൌണ്ടാണ് പ്രധാന വേദി.മാമ്മന്‍ മാപ്പിള ഹാള്‍,തിരുനക്കര മൈതാനം,കെ പി എസ് മേനോന്‍ ഹാള്‍,നഗരത്തിലെ വിവിധ സ്കൂളുകള്‍ എന്നിവിടങ്ങളിലാണ് മറ്റു വേദികള്‍ ഒരുക്കിയിരിക്കുന്നത്.നെഹ്‌റു സ്റ്റേഡിയത്തിലാണ് ഭക്ഷണപ്പന്തല്‍.17 ന് രാവിലെ 10 മണിമുതല്‍ റയില്‍വെ സ്റ്റേഷന് സമീപമുള്ള എം ടി സെമിനാരി ഹയര്‍ സെക്കന്ഡറി സ്കൂളിലാണ് രജിസ്ട്രേഷന്‍.കലോത്സവത്തിന്റെ മുന്നോടിയായി നിറപ്പകിട്ടാര്‍ന്ന സാംസ്കാരിക ഘോഷയാത്രയും ഉണ്ടാവും.ഉച്ചയ്ക്ക് 2 മണിക്ക് നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയം മൈതാനത്തില്‍ നിന്നും പുറപ്പെടുന്ന ഘോഷയാത്ര ശാസ്ത്രി റോഡ്‌,വൈഎംസിഎ റോഡ്‌,സെന്‍ട്രല്‍ ജങ്ക്ഷന്‍ എന്നിവ പിന്നിട്ട് കെ കെ റോഡ്‌ വഴി കലക്ട്രറേറ്റ് ജന്കഷനിലെത്തി, പോലീസ് ഗ്രൗണ്ടില്‍ പ്രവേശിക്കും.കലോത്സവത്തിന്റെ ഭാഗ്യചിന്ഹമായ കണ്മണി മയില്‍ ,അന്പത്തിയൊന്നാമത് കലോല്സവത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് 51 വിദ്യാര്‍ത്ഥികളുടെ റോളര്‍ സ്കേറ്റിങ്ങ്, പഞ്ചവാദ്യം എന്നിവയാണ് മുന്‍ നിരയില്‍ നീങ്ങുക.സംഘാടക സമിതി ഭാരവാഹികള്‍,സാംസ്കാരിക നായകര്‍,ജനപ്രതിനിധികള്‍,അധ്യാപകര്‍ എന്നിവര്‍ നയിക്കുന്ന ഘോഷയാത്രയില്‍ 5000 ത്തിലേറെ വിദ്യാര്‍ഥികള്‍ അണിനിരക്കും.നാടന്‍ കലാരൂപങ്ങള്‍,നിരവധി നിശ്ചല ദൃശ്യങ്ങള്‍എന്‍ സി സി,സ്കൌട്ട് എന്നിവ ഘോഷയാത്രയ്ക്ക് മിഴിവേകും.
17 ന് വൈകീട്ട് 4 മണിക്ക് ഉല്‍ഘാടന ചടങ്ങുകള്‍ ആരംഭിക്കും.സ്വാഗതഗാനത്തോടൊപ്പം നൃത്താവിഷ്കാരവും അരങ്ങേറും.വിദ്യാഭ്യാസ-സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബിയുടെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കലോത്സവത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിക്കും.പ്രതിപക്ഷ നേതാവ് ഉമ്മന്ചാണ്‍ടി മുഖ്യപ്രഭാഷണം നടത്തും.കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.ഉല്‍ഘാടനത്തിനു ശേഷം വേദികളില്‍ മത്സര ഇനങ്ങള്‍ക്ക് തിരശ്ശീല ഉയരും.

അഭിപ്രായങ്ങളൊന്നുമില്ല: