2012, ഫെബ്രുവരി 10, വെള്ളിയാഴ്‌ച

അനന്തപുരിയെ ചെങ്കടലാക്കി സിപിഐഎം സംസ്ഥാന സമ്മേളനം സമാപിച്ചു



തൊഴിലാളി വര്‍ഗ്ഗം ചുടുചോര നല്‍കി ചുവപ്പിച്ച ചെങ്കൊടികള്‍ തോളിലേന്തി ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍-അവര്‍ക്ക് മുന്നിലായി ബാന്‍ഡ് മേളത്തിന്റെ താളത്തില്‍ ചുവടു വെച്ച് പട്ടാളച്ചിട്ടയില്‍ നടന്നുനീങ്ങിയ ചുവപ്പ് സേന-അനന്തപുരിയെ ചെങ്കടലാക്കി,വലതുപക്ഷ മാധ്യമങ്ങളുടെ മനക്കോട്ടകള്‍ തകര്‍ത്തു തരിപ്പണമാക്കി സിപിഐഎം സംസ്ഥാന സമ്മേളനം സമാപിച്ചു.നേരത്തെ പിന്തിരിപ്പന്‍ ബൂര്‍ഷ്വാ മാധ്യമങ്ങളുടെ കണക്കുകൂട്ടലുകളും കള്ളവാര്‍ത്തകളും മറികടന്നു നാലാം തവണയും പിണറായി വിജയനെ സംസ്ഥാന സെക്രട്ടറിയായും,84 അംഗ സംസ്ഥാനസമിതിയെയും എതിരില്ലാതെ തെരഞ്ഞെടുത്തു.ഒരുലക്ഷം വനിതാസഖാക്കള്‍ ഉള്‍പ്പെടെ മൂന്നു ലക്ഷത്തോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ മനുഷ്യമഹാസമുദ്രം പോലെ പൊതുസമ്മേളന വേദിയായ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ സ.ബാലാനന്ദന്‍ നഗറില്‍ ഒഴുകിയെത്തുകയായിരുന്നു.തുടര്‍ന്ന് 25000 റെഡ് വളണ്ടിയര്‍മാരില്‍ നിന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും അഭിവാദ്യങ്ങള്‍ സ്വീകരിച്ചു.പ്രകാശ് കാരാട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.കേരളത്തില്‍ യുഡിഎഫ് ഭരണത്തിന്‍ കീഴില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കുകയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അദ്ധ്യക്ഷനായി.പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള,വൃന്ദാ കാരാട്ട്,കോടിയേരി ബാലകൃഷ്ണന്‍,കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു.പൊതുസമ്മേളനത്തിനു ശേഷം കലാഭവന്‍ മണിയുടെയും സംഘത്തിന്റെയും മെഗാഷോ 'മണികിലുക്കം' അരങ്ങേറി.

അഭിപ്രായങ്ങളൊന്നുമില്ല: