
സത്യത്തിന്റെ തുറമുഖമെന്ന പേര് കേട്ട കോഴിക്കോട് കടപ്പുറത്ത്,ചൂഷണരഹിതമായ ഒരിന്ത്യക്ക് വേണ്ടി ജീവന്‍ കൊടുത്തും പോരാടുമെന്ന് പ്രതിജ്ഞ പുതുക്കി, നാടിന്റെ നാനാഭാഗത്ത് നിന്നും ഒഴുകിയെത്തിയ പതിനായിരങ്ങള്‍ അണിചേര്‍ന്ന് ജനസാഗരം തീര്‍ത്ത് സി പി ഐ എം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് തിരശ്ശീല വീണു.പാര്‍ട്ടിക്ക് കീഴില്‍ അണിനിരന്ന വര്‍ഗ്ഗ ബഹുജന സംഘടനകളുടെ ജനകീയ അടിത്തറ വെളിപ്പെടുത്തിയ വന്‍ ജനപങ്കാളിത്തത്തോടെ നഗരത്തിലും ജില്ലയിലെ ഗ്രാമങ്ങളിലും ഒരു മാസത്തിലേറെയായി നടന്നുവന്ന സെമിനാറുകള്‍ക്കും അനുബന്ധ പരിപാടികള്‍ക്കും ഇതോടെ സമാപനമായി.പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ തുടക്കം മുതല്‍ കോഴിക്കോട്ട് എത്തിയ പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടി ബന്ധുക്കളും അനുഭാവികളും ഒത്തു ചേര്‍ന്ന് നഗരവീഥികള്‍ കീഴടക്കുകയായിരുന്നു.സമാപന ദിവസമായപ്പോള്‍,അവര്‍ തെരുവോരങ്ങള്‍ തോറും തങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് വെച്ച ചെങ്കൊടികള്‍ ചുമലിലേന്തി മനുഷ്യ മഹാസമുദ്രമായി പൊതു സമ്മേളനം നടക്കുന്ന കടപ്പുറത്തെ എം പാന്ഥെ നഗറിലേക്ക് നീങ്ങുകയായിരുന്നു.കോഴിക്കോട് നഗരത്തെ വീര്‍പ്പുമുട്ടിച്ച റാലിയുടെ ഭാഗമായി 5000 വനിതകള്‍ ഉള്‍പ്പെടെ 25000 റെഡ് വളണ്ടിയര്‍മാര്‍, ക്രിസ്ത്യന്‍ കോളേജ്,സാമൂതിരി ഹൈസ്കൂള്‍,ഇ എം എസ് സ്റ്റേഡിയം എന്നീ കേന്ദ്രങ്ങളില്‍ നിന്നും തുടങ്ങി ബാന്‍ഡ് വാദ്യത്തിന്റെ അകമ്പടിയോടെ പട്ടാളചിട്ടയില്‍ നഗരവീഥിയിലൂടെ മാര്‍ച്ച് ചെയ്തു പൊതുസമ്മേളന വേദിയായ കടപ്പുറത്തെ എം കെ പാന്ഥെ നഗറില്‍ പ്രവേശിക്കുമ്പോള്‍ അറബിക്കടല്‍ തീരത്ത് മറ്റൊരു ചെങ്കടല്‍ തീര്‍ത്ത് ജനങ്ങള്‍ റോഡിലേക്ക് നിറഞ്ഞു കവിഞ്ഞു കഴിഞ്ഞിരുന്നു.വീണ്ടും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രകാശ് കാരാട്ട് ചുവപ്പ് സേനയുടെ അഭിവാദ്യം സ്വീകരിച്ചതോടെ സമ്മേളനനടപടികള്‍ ആരംഭിച്ചു.പുതുതായി തെരഞ്ഞെടുക്കപ്പെട്ട പിബി അംഗങ്ങള്‍ കടപ്പുറത്ത് കവിഞ്ഞൊഴുകിയ ജനലക്ഷങ്ങളെ അഭിവാദ്യം ചെയ്തു.സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ പി ബി അംഗം പിണറായി വിജയന്‍ അധ്യക്ഷത വഹിച്ച ബഹുജനറാലി പ്രകാശ് കാരാട്ട് ഉല്‍ഘാടനം ചെയ്തു.പിബി മെമ്പര്‍മാരായ എസ് രാമചന്ദ്രന്‍ പിള്ള,സീതാറാം യെച്ചൂരി,വൃന്ദാ കാരാട്ട്,മണിക്ക് സര്‍ക്കാര്‍,ബിമന്‍ ബസു,കോടിയേരി ബാലകൃഷ്ണന്‍,എം എ ബേബി എന്നീ നേതാക്കളും റാലിയില്‍ പ്രസംഗിച്ചു.സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ സ്വാഗതവും പി മോഹനനന്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് വിപ്ലവഗാനമേളയും ഉണ്ടായി.