സഖാക്കള്‍ ഇഎംഎസ്,എകെജി,കൃഷ്ണപിള്ള,ഇ കെ നായനാര്‍ എന്നീ ജനനേതാക്കള്‍ ഒരുകാലത്ത് തങ്ങളുടെ കര്‍മ്മരംഗമായി തെരഞ്ഞെടുത്ത കോഴിക്കോട് പട്ടണം ,പ്രസ്ഥാനത്തിന്റെ നാള്‍വഴികളില്‍ അവിസ്മരണീയങ്ങളായ നിരവധി അനുഭവങ്ങള്‍ സമ്മാനിക്കാന്‍,സാമൂതിരിയുടെ സാംസ്കാരിക പൈതൃകം മനസ്സില്‍ സൂക്ഷിക്കുന്ന നഗരവീഥികളെ ചുവപ്പണയിച്ച്, ഇന്ത്യന്‍ ജനത വിശ്വാസമര്‍പ്പിച്ച വിപ്ലവപ്രസ്ഥാനമായ സിപിഐഎമ്മിന്റെ ഇരുപതാം പാര്‍ട്ടികോണ്‍ഗ്രസ്സിനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങി.വിപ്ലവസ്മരണകള്‍ സിന്ദൂരം ചാര്‍ത്തിയ വയലാറിന്റെ മണ്ണില്‍ നിന്ന് മാര്‍ച്ച് 31 ന് പാര്‍ട്ടി കേന്ദ്രകമ്മറ്റിയംഗം എ വിജയരാഘവന്റെ നേതൃത്വത്തില്‍ പുറപ്പെട്ട പതാക ജാഥയും, കര്‍ഷക പോരാട്ടങ്ങള്‍ കൊണ്ട് വീരേതിഹാസം രചിച്ച കയ്യൂര്‍ സമരഭൂമിയില്‍ നിന്ന് പി കരുണാകരന്‍ എം പി നയിക്കുന്ന കൊടിമര ജാഥയും,മലബാറിലെ ഭൂപ്രഭുത്വത്തിന്റെ ഉറക്കം കെടുത്തിയ ധീര രക്തസാക്ഷികളുടെ ചെഞ്ചോര കൊണ്ട് ചുവന്ന ഒഞ്ചിയത്ത് നിന്നും പി മോഹനനന്‍ മാസ്റ്റര്‍ നയിക്കുന്ന ദീപശിഖാ ജാഥയും നാളെ വൈകുന്നേരം,കോഴിക്കോട് കടപ്പുറത്ത് സംഗമിക്കും. അസ്തമന സൂര്യന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ചുവപ്പണിയിക്കുമ്പോള്‍ പൊതുസമ്മേളനവേദിയായ എം കെ പാന്ഥെ നഗറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പിണറായി വിജയന്‍ പതാക ഉയര്‍ത്തും.ആയിരങ്ങള്‍ സാക്ഷ്യം വഹിക്കുന്ന ഈ ചടങ്ങിനു ശേഷം പ്രതിനിധി സമ്മേളനം നടക്കുന്ന ടാഗോര്‍ ഹാളിലെ സുര്‍ജിത്-ജ്യോതിബസു നഗറില്‍ പ്രകാശ് കാരാട്ട് ദീപശിഖ സ്ഥാപിക്കും.മറ്റന്നാള്‍ രാവിലെ 9 .30 ന് ഉല്‍ഘാടന സമ്മേളനം ആരംഭിക്കും.സമ്മേളനത്തില്‍ 734 പ്രതിനിധികളും 70 നിരീക്ഷകരും 11 തലമുതിര്‍ന്ന നേതാക്കളും തുടര്‍ന്നുള്ള വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കും.ഏപ്രില്‍ 9 ന് കോഴിക്കോട് നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ചെങ്കടലാക്കി റെഡ് വളണ്ടിയര്‍ മാര്‍ച്ചും പൊതുസമ്മേളനവും നടക്കും.പാര്‍ട്ടി കോണ്‍ഗ്രസ് വിജയിപ്പിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.പ്രത്യയശാസ്ത്ര പ്രമേയവും മറ്റും ചര്‍ച്ച ചെയ്യപ്പെടുന്നതിനാല്‍ കോഴിക്കോട്ടു നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിനെ അതീവ പ്രാധാന്യത്തോടെയാണ് എല്ലാവരും ഉറ്റു നോക്കുന്നത്.സമ്മേളന നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വന്‍ മാധ്യമപ്പടയും വരും നാളുകളില്‍ നഗരത്തിലെത്തും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ