2012, ഏപ്രിൽ 5, വ്യാഴാഴ്‌ച

ബദല്‍ ശക്തിയാവാന്‍ ഇടതുപക്ഷം മാത്രം-പ്രകാശ് കാരാട്ട്



കോണ്‍ഗ്രസ്സിനും ബി ജെ പി ക്കുമെതിരെ ബദല്‍ ശക്തിയാവാന്‍ ഇടതുപക്ഷ-ജനാധിപത്യ സഖ്യത്തിന് മാത്രമേ കഴിയൂ എന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു.കോഴിക്കോട് ടാഗോര്‍ ഹാളിലെ സുര്‍ജിത്-ജ്യോതി ബസു നഗറില്‍ പാര്‍ട്ടിയുടെ ഇരുപതാം കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാരാട്ട്.കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു പി എ യും ബി ജെ പി നയിക്കുന്ന എന്‍ ഡി എ യും രാജ്യത്ത് നിലയുറപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ ഇടതുപക്ഷ-ജനാധിപത്യ ബദല്‍ കെട്ടിപ്പടുക്കാന്‍ സിപിഐ എമ്മിനെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.സാമ്രാജ്യത്വത്തിന്റെ സഹായത്തോടെ ഇന്ത്യയില്‍ നടപ്പിലാക്കുന്ന നവലിബറല്‍ നയങ്ങളുടെ കെടുതികള്‍ അനുഭവിക്കുന്ന ജനവിഭാഗങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി രൂപം നല്‍കുമെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കും സാമ്രാജ്യത്വ അധിനിവേശത്തിനുമെതിരെ നിരന്തരം പോരാടുന്നത് സി പി ഐ എമ്മും ഇടതുപക്ഷ പാര്‍ട്ടികളും മാത്രമാണെന്ന് പ്രതിനിധി സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.പാര്‍ട്ടി കോണ്‍ഗ്രസ് വിജയിപ്പിക്കാന്‍ കോഴിക്കോട്ടെ എല്ലാ വിഭാഗം ജനങ്ങളും പൂര്‍ണ്ണ മനസ്സോടെ സഹകരിക്കുന്നുണ്ടെന്നും അതിനു തെളിവാണ് പരിപാടികളില്‍ പങ്കെടുക്കുന്ന വന്‍ജനാവലിയുടെ സാന്നിദ്ധ്യമെന്നും ചടങ്ങില്‍ സ്വാഗത പ്രസംഗം നടത്തിക്കൊണ്ടു സ്വാഗതസംഘം ചെയര്‍മാന്‍ പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.ഇരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെയും പാര്‍ട്ടികോണ്‍ഗ്രസ്സുകള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ പൊതുമുന്നേറ്റത്തിനു നാന്ദി കുറിക്കുമെന്ന് സി പി ഐ നേതാവ് എ ബി ബര്‍ദാന്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് പറഞ്ഞു.ഇന്ന് രാവിലെ മുതല്‍ പ്രമേയങ്ങളിന്മേലുള്ള ചര്‍ച്ചകള്‍ പുനരാംഭിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: