2014, ജനുവരി 31, വെള്ളിയാഴ്‌ച

കേരളരക്ഷാമാർച്ച് നാളെ പ്രയാണം ആരംഭിക്കും


'മതനിരപേക്ഷ ഇന്ത്യ,വികസിത കേരളം' എന്ന മുദ്രാവാക്യമുയർത്തി സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നയിക്കുന്ന കേരളരക്ഷാമാർച്ച് നാളെ പ്രയാണം ആരംഭിക്കും.നാളെ വൈകീട്ട് 3 മണിയ്ക്ക് വിപ്ലവകേരളത്തിന്റെ ഇതിഹാസ ഭൂമിയായ വയലാറിന്റെ മണ്ണിൽ പാർട്ടി പി ബി മെമ്പർ എസ് രാമചന്ദ്രൻ പിള്ള മാർച്ച് ഫ്ലാഗ് ഓഫ് ചെയ്യും.മാർച്ചിൽ പിണറായിക്ക് പുറമേ കേന്ദ്രകമ്മറ്റി അംഗങ്ങളായ എ വിജയരാഘവൻ,ഇ പി ജയരാജൻ,പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയെറ്റ് അംഗങ്ങളായ എ കെ ബാലൻ,എം വി ഗോവിന്ദൻ,എളമരം കരീം,ബേബി ജോണ്‍ എന്നീ നേതാക്കളും അണിനിരക്കും.ജാഥ 14 ജില്ലകളിലെ 124 കേന്ദ്രങ്ങളിലെയും  സ്വീകരണങ്ങൾ ഏറ്റു വാങ്ങി ഫിബ്രവരി 26 ന് ബുധനാഴ്ച വൈകുന്നേരം 5.30 ന് കോഴിക്കോട്ട് സമാപിക്കും.കേരള രാഷ്ട്രീയത്തിൽ വഴിത്തിരിവാകാൻ പോകുന്ന മാർച്ച് വൻവിജയമാക്കുന്നതിനുള്ള ചിട്ടയായ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടന്നുവരുന്നു.മാർച്ചിന്റെ വിശദവിവരങ്ങളും സ്വീകരണകേന്ദ്രങ്ങളിൽ നിന്നുള്ള തത്സമയദൃശ്യങ്ങളും ഉൾക്കൊള്ളുന്ന വെബ്സൈറ്റിന്റെ ഉദ്ഘാടനം പാർട്ടി പി ബി മെമ്പറും പ്രതിപക്ഷ ഉപനാതാവും കൂടിയായ കോടിയേരി ബാലകൃഷ്ണൻ നിർവ്വഹിച്ചു.ഫേസ്ബുക്കിലും കേരളരക്ഷാ മാർച്ചിന്റെ പേജ് ലഭ്യമാണ്.വെബ് വിലാസങ്ങൾ താഴെ കൊടുക്കുന്നു...
www.keralarakshamarchlive.in
Facebook/Keralarakshamarch 

2014, ജനുവരി 25, ശനിയാഴ്‌ച

സ്കൂൾ കലോത്സവം കൊടിയിറങ്ങി;പാലക്കാട്ടും കോഴിക്കോടിന്റെ ജൈത്രയാത്ര..!






ഏഴ് ദിനരാത്രങ്ങളിലായി വള്ളുവനാടിന്റെ ഹൃദയതന്ത്രികളെ ത്രസിപ്പിച്ച കൗമാരപ്രതിഭകളുടെ കലാമാമാങ്കം-സംസ്ഥാന സ്കൂൾ കലോത്സവം- ഇന്ന് വൈകീട്ട് കൊടിയിറങ്ങി.വിജയകിരീടമണിയാനുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ പാലക്കാടിനെ പരാജയപ്പെടുത്തി കോഴിക്കോട് തുടർച്ചയായ എട്ടാം തവണയും സ്വർണ്ണക്കപ്പിൽ മുത്തമിട്ടു. മത്സരങ്ങൾക്ക് തിരശ്ശീല വീണപ്പോൾ 926 പോയിന്റുകളോടെ കോഴിക്കോട് ഒന്നാം സ്ഥാനത്ത് എത്തി.കോഴിക്കോട് ഹൈസ്ക്കൂൾ വിഭാഗത്തിൽ 420 ഉം ഹയർ സെക്കണ്ടറി വിഭാഗത്തിൽ 506 ഉം പോയിന്റുകൾ കരസ്ഥമാക്കി.കലോത്സവവേദികളിൽ കോഴിക്കോടിനെതിരെ വെല്ലുവിളിയുയർത്തിയ പാലക്കാട് ഹൈസ്ക്കൂൾ വിഭാഗത്തിൽ 429 ഉം ഹയർസെക്കണ്ടറി വിഭാഗത്തിൽ 491 ഉം പോയിന്റുകളോടെ മൊത്തം 920 പോയിന്റുകൾ നേടി രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. കോഴിക്കോടിനും പാലക്കാടിനും ഒപ്പത്തിനൊപ്പം പോരാടിയ
തൃശ്ശൂർ 918 പോയിന്റുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.സംസ്കൃതോൽസവത്തിൽ 95 വീതം പോയിന്റുകളോടെ കോട്ടയം, മലപ്പുറം ജില്ലകൾ ജേതാക്കളായി.അറബിക് കലോത്സവത്തിൽ കോഴിക്കോട്,പാലക്കാട്,കണ്ണൂർ,മലപ്പുറം ജില്ലകൾ 95 പോയിന്റുകൾ വീതം നേടി മുന്നിലെത്തി.ഒന്നാമത്തെ വേദിയായ 'മഴവില്ലിൽ' വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന്റെ അധ്യക്ഷതയിൽ നടന്ന സമാപനസമ്മേളനം സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സന്നിഹിതനാവാൻ കഴിയാതിരുന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ സന്ദേശം സമ്മേളനത്തിൽ കേൾപ്പിച്ചു. അടുത്ത വർഷത്തെ സ്കൂൾ കലോത്സവം എറണാകുളത്ത് നടത്താൻ തീരുമാനമായി.

2014, ജനുവരി 18, ശനിയാഴ്‌ച

സ്കൂൾ കലോത്സവത്തിന് പാലക്കാട്ട് നാളെ തിരിതെളിയും


ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായ കേരള സ്കൂൾ കലോത്സവത്തി ന്  നാളെ പാലക്കാട്ട് തുടക്കമാവും.നാളെ വൈകീട്ട് 4 മണിയ്ക്ക് പാലക്കാട് ഇന്ദിരാഗാന്ധി മുൻസിപ്പാൽ സ്റ്റേഡിയത്തിൽ ഒരുക്കിയ 'മഴവില്ല്' എന്ന പ്രധാന വേദിയിലാണ് ഉദ്ഘാടന ചടങ്ങുകൾ.ഉച്ചയ്ക്ക് 2 മണിയ്ക്ക് ഗവ.വിക്ടോറിയ
കോളേജ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയ്ക്കു ശേഷം,വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കലോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.ചലച്ചിത്ര നടൻ ബാലചന്ദ്രമേനോൻ അതിഥിയായിരിക്കും.അൻപത്തിനാലാമത് കലോത്സവത്തെ അനുസ്മരിപ്പിക്കാൻ 54 ഗായകർ അണിനിരക്കുന്ന സ്വാഗതഗാനവും,പാലക്കാടിന്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന ദൃശ്യാവിഷ്ക്കാരങ്ങളും നൃത്ത ശിൽപ്പങ്ങളും ഉദ്ഘാദന ചടങ്ങുകൾക്ക് മാറ്റ് കൂട്ടും. തുടർന്ന് പ്രധാന വേദിയിലും മറ്റു വേദികളിലും മൽസരങ്ങൾക്ക് തിരശ്ശീലയുയരും.18 വേദികളിലായി 242 ഇനങ്ങളിൽ 10000 ത്തിൽപരം കലാപ്രതിഭകളാണ് ഏഴു നാൾ നീളുന്ന കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. വിജയികൾക്ക് നല്കുന്നതിനുള്ള 117.5 പവന്റെ സ്വർണ്ണക്കപ്പ്  കഴിഞ്ഞ വർഷം വിജയകിരീടം ചൂടിയ കോഴിക്കോട്ട്‌ നിന്നും പാലക്കാട്ട് എത്തിച്ചു കഴിഞ്ഞു. ഈ വർഷം മറ്റു ട്രോഫികൾക്ക് പുറമേ ഹൈസ്കൂൾ,ഹയർസെക്കണ്ടറി ചാമ്പ്യന്മാർക്ക് ഇറാം ഗ്രൂപ്പിന്റെ ട്രോഫിയും 35000 രൂപയുടെ ക്യാഷ് അവാർഡും നല്കുന്നുണ്ട്.
25 ന് നടക്കുന്ന സമാപനസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ സമ്മാനങ്ങൾ വിതരണം ചെയ്യും .ഇനി വരുന്ന ഏഴ് രാപ്പലുകളിൽ വള്ളുവനാടിന്റെ കണ്ണും കാതും കലോത്സവവേദികൾക്ക് നേരെ തുറന്നു വെയ്ക്കും.