2014, ജനുവരി 18, ശനിയാഴ്‌ച

സ്കൂൾ കലോത്സവത്തിന് പാലക്കാട്ട് നാളെ തിരിതെളിയും


ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായ കേരള സ്കൂൾ കലോത്സവത്തി ന്  നാളെ പാലക്കാട്ട് തുടക്കമാവും.നാളെ വൈകീട്ട് 4 മണിയ്ക്ക് പാലക്കാട് ഇന്ദിരാഗാന്ധി മുൻസിപ്പാൽ സ്റ്റേഡിയത്തിൽ ഒരുക്കിയ 'മഴവില്ല്' എന്ന പ്രധാന വേദിയിലാണ് ഉദ്ഘാടന ചടങ്ങുകൾ.ഉച്ചയ്ക്ക് 2 മണിയ്ക്ക് ഗവ.വിക്ടോറിയ
കോളേജ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയ്ക്കു ശേഷം,വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കലോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.ചലച്ചിത്ര നടൻ ബാലചന്ദ്രമേനോൻ അതിഥിയായിരിക്കും.അൻപത്തിനാലാമത് കലോത്സവത്തെ അനുസ്മരിപ്പിക്കാൻ 54 ഗായകർ അണിനിരക്കുന്ന സ്വാഗതഗാനവും,പാലക്കാടിന്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന ദൃശ്യാവിഷ്ക്കാരങ്ങളും നൃത്ത ശിൽപ്പങ്ങളും ഉദ്ഘാദന ചടങ്ങുകൾക്ക് മാറ്റ് കൂട്ടും. തുടർന്ന് പ്രധാന വേദിയിലും മറ്റു വേദികളിലും മൽസരങ്ങൾക്ക് തിരശ്ശീലയുയരും.18 വേദികളിലായി 242 ഇനങ്ങളിൽ 10000 ത്തിൽപരം കലാപ്രതിഭകളാണ് ഏഴു നാൾ നീളുന്ന കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. വിജയികൾക്ക് നല്കുന്നതിനുള്ള 117.5 പവന്റെ സ്വർണ്ണക്കപ്പ്  കഴിഞ്ഞ വർഷം വിജയകിരീടം ചൂടിയ കോഴിക്കോട്ട്‌ നിന്നും പാലക്കാട്ട് എത്തിച്ചു കഴിഞ്ഞു. ഈ വർഷം മറ്റു ട്രോഫികൾക്ക് പുറമേ ഹൈസ്കൂൾ,ഹയർസെക്കണ്ടറി ചാമ്പ്യന്മാർക്ക് ഇറാം ഗ്രൂപ്പിന്റെ ട്രോഫിയും 35000 രൂപയുടെ ക്യാഷ് അവാർഡും നല്കുന്നുണ്ട്.
25 ന് നടക്കുന്ന സമാപനസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ സമ്മാനങ്ങൾ വിതരണം ചെയ്യും .ഇനി വരുന്ന ഏഴ് രാപ്പലുകളിൽ വള്ളുവനാടിന്റെ കണ്ണും കാതും കലോത്സവവേദികൾക്ക് നേരെ തുറന്നു വെയ്ക്കും.  

അഭിപ്രായങ്ങളൊന്നുമില്ല: