ഏഴ് ദിനരാത്രങ്ങളിലായി വള്ളുവനാടിന്റെ ഹൃദയതന്ത്രികളെ ത്രസിപ്പിച്ച കൗമാരപ്രതിഭകളുടെ കലാമാമാങ്കം-സംസ്ഥാന സ്കൂൾ കലോത്സവം- ഇന്ന് വൈകീട്ട് കൊടിയിറങ്ങി.വിജയകിരീടമണിയാനുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ പാലക്കാടിനെ പരാജയപ്പെടുത്തി കോഴിക്കോട് തുടർച്ചയായ എട്ടാം തവണയും സ്വർണ്ണക്കപ്പിൽ മുത്തമിട്ടു. മത്സരങ്ങൾക്ക് തിരശ്ശീല വീണപ്പോൾ 926 പോയിന്റുകളോടെ കോഴിക്കോട് ഒന്നാം സ്ഥാനത്ത് എത്തി.കോഴിക്കോട് ഹൈസ്ക്കൂൾ വിഭാഗത്തിൽ 420 ഉം ഹയർ സെക്കണ്ടറി വിഭാഗത്തിൽ 506 ഉം പോയിന്റുകൾ കരസ്ഥമാക്കി.കലോത്സവവേദികളിൽ കോഴിക്കോടിനെതിരെ വെല്ലുവിളിയുയർത്തിയ പാലക്കാട് ഹൈസ്ക്കൂൾ വിഭാഗത്തിൽ 429 ഉം ഹയർസെക്കണ്ടറി വിഭാഗത്തിൽ 491 ഉം പോയിന്റുകളോടെ മൊത്തം 920 പോയിന്റുകൾ നേടി രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. കോഴിക്കോടിനും പാലക്കാടിനും ഒപ്പത്തിനൊപ്പം പോരാടിയ
തൃശ്ശൂർ 918 പോയിന്റുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.സംസ്കൃതോൽസവത്തിൽ 95 വീതം പോയിന്റുകളോടെ കോട്ടയം, മലപ്പുറം ജില്ലകൾ ജേതാക്കളായി.അറബിക് കലോത്സവത്തിൽ കോഴിക്കോട്,പാലക്കാട്,കണ്ണൂർ,മലപ്പുറം ജില്ലകൾ 95 പോയിന്റുകൾ വീതം നേടി മുന്നിലെത്തി.ഒന്നാമത്തെ വേദിയായ 'മഴവില്ലിൽ' വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന്റെ അധ്യക്ഷതയിൽ നടന്ന സമാപനസമ്മേളനം സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സന്നിഹിതനാവാൻ കഴിയാതിരുന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ സന്ദേശം സമ്മേളനത്തിൽ കേൾപ്പിച്ചു. അടുത്ത വർഷത്തെ സ്കൂൾ കലോത്സവം എറണാകുളത്ത് നടത്താൻ തീരുമാനമായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ