2011 നവംബർ 16, ബുധനാഴ്‌ച

സി പി ഐ എം ഇരുപതാം പാര്‍ട്ടികോണ്‍ഗ്രസ് സ്വാഗതസംഘം രൂപീകരിച്ചു





ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ മാറോട് ചേര്‍ത്തുവെച്ച കോഴിക്കോട് നഗരം മറ്റൊരു ചരിത്രസംഭവത്തിന് സാക്ഷ്യം വഹിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി.സഖാക്കള്‍ കൃഷ്ണപിള്ളയും ഇ എം എസും എ കെ ജിയും വളര്‍ത്തിയെടുത്ത കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഇരുപതാം പാര്‍ട്ടികോണ്‍ഗ്രസ്സിന്റെ സ്വാഗതസംഘം രൂപീകരണയോഗം ഇന്നലെ നടന്നു.ടാഗോര്‍ ഹാളിലും പുറത്തും തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് പാര്‍ടിപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് ആദ്യമായി നടക്കുന്ന സി പി ഐ എം പാര്‍ടികോണ്‍ഗ്രസ് വിജയപ്പിക്കുന്നതിനു 5001 അംഗ സ്വാഗതസംഘം രൂപീകരിച്ചു.പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചെയര്‍മാനും, പാര്‍ട്ടി ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ജനറല്‍ സെക്രട്ടറിയുമായ സ്വാഗതസംഘത്തിന്റെ ഖജാന്‍ജി എളമരം കരീമാണ്.പി ബി മെമ്പര്‍ കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച സ്വാഗതസംഘം രൂപീകരണയോഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.ടി പി രാമകൃഷ്ണന്‍ സ്വാഗതവും പി സതീദേവി നന്ദിയും പറഞ്ഞു.എളമരം കരീം പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു.2012 ഏപ്രില്‍ 4 മുതല്‍ 9 വരെ നടക്കുന്ന പാര്‍ട്ടികോണ്‍ഗ്രസ്സിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന അനുബന്ധ പരിപാടികളും നടത്തപ്പെടും.സെമിനാറുകള്‍,പ്രദര്‍ശനങ്ങള്‍,കുടുംബസംഗമങ്ങള്‍,കലാ-കായിക മത്സരങ്ങള്‍ എന്നിവയും ഉണ്ടാവും.സമാപന ദിവസമായ ഏപ്രില്‍ 9 നു കാല്‍ലക്ഷം ചുവപ്പ് വളണ്ടിയര്‍മാരുടെ പരേഡും,ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്ത് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ബഹുജനറാലിയും ആസൂത്രണം ചെയ്തിട്ടുണ്ട്.ജില്ലയിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നടങ്കം പാര്‍ട്ടികോണ്‍ഗ്രസ് ചരിത്രസംഭാവമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു.

2011 ജൂലൈ 3, ഞായറാഴ്‌ച

പാര്‍ടി കോണ്‍ഗ്രസ്സിനു കോഴിക്കോട് വേദിയാകും

സി പി ഐ എം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്‌ കോഴിക്കോട്ട് വെച്ച് നടത്താന്‍ സംസ്ഥാനസമിതി യോഗം തീരുമാനിച്ചു.വിപ്ലവാചാര്യന്‍ ഇ എം എസ്സിന്റെയും പാവങ്ങളുടെ പടത്തലവന്‍ എ കെ ജി യുടെയും തട്ടകമായിരുന്ന കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസ്സിനു വേദിയാകുന്നത്‌ ഇത് ആദ്യമായാണ്‌.സംസ്ഥാന സമ്മേളനം ഫിബ്രവരി ആദ്യവാരത്തില്‍ തിരുവനന്തപുരത്ത് നടത്താനും തീരുമാനമായി.പാര്‍ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ സപ്തംബറിലും,ലോക്കല്‍ സമ്മേളനങ്ങള്‍ ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെയും,ഏരിയാ സമ്മേളനങ്ങള്‍ നവംബര്‍ 15 നും ഡിസംബര്‍ 15 നും ഇടയിലും,ജില്ലാ സമ്മേളനങ്ങള്‍ ഡിസംബര്‍ 15 നും ജനുവരി 15 നും മധ്യേയും നടത്തപ്പെടുന്നതാണ്.

2011 ജൂൺ 13, തിങ്കളാഴ്‌ച

സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ്‌ കേരളത്തില്‍

സി പി ഐ എം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്‌ 2012 ഏപ്രില്‍ മാസത്തില്‍ കേരളത്തില്‍ നടത്താന്‍ പാര്‍ട്ടി കേന്ദ്രകമ്മറ്റി യോഗം തീരുമാനിച്ചതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഹൈദരാബാദില്‍ അറിയിച്ചു.സ്ഥലവും തിയ്യതിയും പിന്നീട് തീരുമാനിക്കും.ഇതിനു മുമ്പ് രണ്ടുതവണ-1968 ല്‍ കൊച്ചിയിലും 1989 ല്‍ തിരുവനന്തപുരത്തുമാണ് പാര്‍ട്ടി കോണ്‍ഗ്രസ്സിനു കേരളം വേദിയായത്.പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായി ബ്രാഞ്ച് മുതല്‍ സംസ്ഥാനതലം വരെയുള്ള സമ്മേളനങ്ങള്‍ 2011 സപ്തംബര്‍ മുതല്‍ 2012 ഫിബ്രവരി വരെ നടക്കുന്നതാണ്.





2011 ജൂൺ 9, വ്യാഴാഴ്‌ച

എം എഫ് ഹുസൈന്‍ അന്തരിച്ചു

ലോകപ്രശസ്ത ഇന്ത്യന്‍ ചിത്രകാരന്‍ എം എഫ് ഹുസൈന്‍ അന്തരിച്ചു. ഇന്ത്യന്‍ സമയം രാവിലെ 8.30 ന് ലണ്ടനിലെ റോയല്‍ ബ്രാംപ്ടന്‍ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം.ശ്വാസകോശ സംബന്ധമായ അസുഖം കാരണമാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.ഇന്ത്യന്‍ പിക്കാസോ എന്ന് ഫോര്‍ബ്സ് മാസിക വിശേഷിപ്പിച്ച 95 വയസ്സായ ഹുസൈന്‍ 1915 സെപ്തംബര്‍ 17 ന് മഹാരാഷ്ട്രയിലെ പന്താര്‍ പൂരിലാണ് ജനിച്ചത്‌.ഹിന്ദു ദേവതകളുടെ ചിത്രം മോശമായി വരച്ചുവെന്നു ശിവസേന കുറ്റപ്പെടുത്തുകയും, ഭീഷണി നില നില്‍ക്കുകയും ചെയ്തപ്പോള്‍ 2006 ല്‍ അദ്ദേഹം ഇന്ത്യ വിടുകയും 2010 ല്‍ ഖത്തര്‍ പൌരത്വം സ്വീകരിക്കുകയും ചെയ്തു.മുസ്ലിം മതമൌലിക വാദികളും ഹുസൈനെ ഭീഷണിപ്പെടുത്തിയിരുന്നു.1973 ല്‍ പദ്മഭൂഷന്‍,1991 ല്‍ പദ്മവിഭൂഷന്‍,1996 ല്‍ പദ്മശ്രീ എന്നീ ബഹുമതികള്‍ നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിരുന്നു.ദേശത്തും വിദേശത്തും നിന്നുമായി നിരവധി പുരസ്കാരങ്ങളും ഹുസൈനെ തേടിയെത്തിയിരുന്നു.വിഖ്യാതനായ ആ കലാകാരന്റെ ഓര്‍മ്മയ്ക്ക്‌ മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കട്ടെ....

2011 ഏപ്രിൽ 3, ഞായറാഴ്‌ച

ലോകകപ്പ്‌ ക്രിക്കറ്റ്-ഇന്ത്യ ചാമ്പ്യന്മാര്‍

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ കാണികളെയും,ലോകത്തെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ആവേശകരമായ മത്സരത്തിനൊടുവില്‍ ആതിഥേയരായ ഇന്ത്യ, അതിന്റെ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ക്രിക്കറ്റ് മാസ്മരികത തെളിയിച്ച്, കളി അവസാനിക്കാന്‍ പത്തു പന്തുകള്‍ മാത്രം ബാക്കി നില്‍ക്കെ ലോകക്രിക്കറ്റിന്റെ മേധാവിത്വം പിടിച്ചെടുത്തു.1983 ല്‍ കപില്‍ദേവിന്‍റെ ചുണക്കുട്ടികള്‍ ഇന്ത്യയിലേക്ക്‌ കൊണ്ടുവന്ന ലോകകപ്പ്‌ 2011 ല്‍ ഒരിക്കല്‍ കൂടി ഇന്ത്യക്ക് സ്വന്തമായി.നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെയും,കരുത്തരും അയല്‍ക്കാരുമായ പാകിസ്ഥാനെയും തകര്‍ത്ത് ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യ ലങ്കാദഹനം പൂര്‍ത്തിയാക്കി കപ്പില്‍ മുത്തമിടുകയായിരുന്നു.ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ശ്രീലങ്കക്ക് രണ്ട് റണ്‍സുമായി ഓപ്പണര്‍ ഉപുല്‍ തരംഗ മടങ്ങിയത് തുടക്കത്തിലെ തിരിച്ചടിയായി.പുറത്താകാതെ 88 പന്തില്‍ നിന്നും 103 റണ്‍സെടുത്ത ജയവര്‍ദ്ധനെ,ക്യാപ്ടന്‍ കുമാര്‍ സംഗക്കാര(48/67 ) ,തിലകരത്നെ ദില്‍ഷന്‍ (33/49 ),സമരവീര (34/21 )എന്നിവരാണ് ശ്രീലങ്കയെ കരകയറ്റിയത്.50 ഓവറുകളില്‍ നിന്നും 6 വിക്കറ്റ് നഷ്ടത്തില്‍ 274 ന്റെ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ലങ്കയ്ക്ക് കഴിഞ്ഞു മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് റണ്ണൊന്നുമെടുക്കാവാതെ സെവാഗ് മടങ്ങിയത് ആശങ്കയുണ്ടാക്കി.സച്ചിന്‍ ടെണ്ഡുല്‍ക്കറാവട്ടെ 14 പന്തുകളില്‍ നിന്ന് 18 റണ്‍സുമായി ക്രീസ് വിടുകയും ചെയ്തു.തുടര്‍ന്നു ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തിയത് ഗൌതം ഗംഭീര്‍ (97/122 ),ക്യാപ്ടന്‍ ധോണി (91/79 ),വിരാട് കൊഹലി(35 /49 ),യുവരാജ് സിംഗ് (21/24 ).തുടങ്ങിയവരുടെ മികച്ച പ്രകടനം ഇന്ത്യക്ക് അവിസ്മരണീയ വിജയം സമ്മാനിക്കുകയായിരുന്നു. അങ്ങിനെ കളി തീരാന്‍ പത്തു പന്തുകള്‍ മാത്രം ബാക്കി നില്‍ക്കെ 48.2 ഓവറുകളില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്ത് ഇന്ത്യന്‍ കളിക്കാര്‍ മഹനീയമായ ആ ചരിത്ര ദൌത്യം നിറവേറ്റി, 121 കോടി ജനങ്ങളുടെ ആഗ്രഹം സഫലീകരിച്ചു.

2011 മാർച്ച് 31, വ്യാഴാഴ്‌ച

ലോകകപ്പ്‌ ക്രിക്കറ്റ്-അവസാന അങ്കത്തിന്‌ വാംഖഡെ ഒരുങ്ങി,കളത്തില്‍ ഇന്ത്യയും ലങ്കയും

ഒരു മാസത്തിലേറെയായി ഉപഭൂഖണ്ഡത്തിലെ വിവിധ വേദികളില്‍ നടന്നു വരുന്ന ക്രിക്കറ്റ് മാമാങ്കത്തിന് കൊടിയിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.ഏപ്രില്‍ 2 ന് ഉച്ച കഴിഞ്ഞ്2.30 ന് മുംബയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന കലാശക്കളിക്ക് കണ്ണും നാട്ടിരിപ്പാണ് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകര്‍.എം എസ് ധോണിയുടെ നായകത്വത്തില്‍ ഇന്ത്യന്‍ ചുണക്കുട്ടികളും,കുമാര്‍ സംഗക്കാര നയിക്കുന്ന ലങ്കന്‍ ടീമും ഏറ്റുമുട്ടുന്ന ഫൈനലില്‍ വിജയം ആരുടെ ഭാഗത്ത്‌ നില്‍ക്കും എന്ന് ഇപ്പോള്‍ പറയാനാവില്ല.
1983 ല്‍ കപില്‍ ദേവിന്റെ കാര്‍മ്മികത്വത്തില്‍ നേടിയ വിജയം ഇന്ത്യ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുമോ?1996 ല്‍ സംഭവിച്ചത് പോലെ ലങ്കന്‍ സിംഹക്കുട്ടികള്‍ കപ്പില്‍ മുത്തമിടുമോ?ഉത്തരം കിട്ടാന്‍ കളി കഴിയുന്നത്‌ വരെ കാത്തിരിക്കാം.മൊഹാലിയിലെ പി സി എ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ 35000 ത്തില്‍ പരം കാണികളെയും, ടെലിവിഷനിലൂടെ കളി കണ്ട 10 കോടിയിലധികം പ്രേക്ഷകരെയും സാക്ഷി നിര്‍ത്തി ഇന്ത്യ പാകിസ്ഥാനെതിരെ നേടിയ ചരിത്ര വിജയത്തിന്റെ ത്രില്ലിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍.തുടര്‍ച്ചയായ നാലാം കിരീടസ്വപ്നവുമായി പറന്നിറങ്ങിയ ഓസീസിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മലര്‍ത്തിയടിച്ചും, സെമിയില്‍ പാക്ക് പച്ചപ്പടയെ തുരത്തിയും ഇന്ത്യ നേടിയ നേട്ടം ആവര്‍ത്തിക്കട്ടെ എന്നാശിക്കാം.ശ്രീലങ്കയാവട്ടെ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ മുട്ട്കുത്തിച്ചും, സെമിയില്‍ കീവീസിന്റെ ചിറകരിഞ്ഞുമാണ് അവസാന അങ്കത്തിനു മുംബയിലേക്ക് വിമാനം കയറുന്നത്.വിരേന്ദ്ര സെവാഗ്,സച്ചിന്‍ ടെണ്ടുല്‍ക്കര്‍,വിരാട് കൊഹലി ,യുവരാജ് സിങ്ങ്,യുസഫ് പഠാന്‍ തുടങ്ങിയ ബാറ്റ്സ്മാന്‍മാരുടെ ബാറ്റിംഗ് മികവും, ഭാജിയുടെയും മുനാഫ് പട്ടേല്‍ മുതലായവരുടേയും ബൌളിങ്ങും ഒത്തുചേരുമ്പോള്‍ 2011 ലെ ലോകകപ്പ്‌ ഇന്ത്യക്ക് സ്വന്തമാകാന്‍ സാധ്യതകള്‍ ഏറെയാണ്‌.

2011 മാർച്ച് 27, ഞായറാഴ്‌ച

ലോകകപ്പ്‌ ക്രിക്കറ്റ്-ക്വാര്‍ട്ടര്‍ പോരാട്ടം കഴിഞ്ഞു,ഇനി സെമിയില്‍ നേര്‍ക്കുനേര്‍

ലോകകപ്പ്‌ ക്രിക്കറ്റില്‍ നിലവിലുള്ള ജേതാക്കളായ ഓസ്‌ട്രേലിയയടക്കം വമ്പന്മാര്‍ നിലം പൊത്തിയ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് സമാപനമായി.ഇന്ത്യ,പാകിസ്ഥാന്‍,ശ്രീലങ്ക,ന്യൂസീലാന്ഡ് എന്നീ ടീമുകള്‍ സെമി ഫൈനലുകളില്‍ കളിക്കാന്‍ യോഗ്യത നേടി.മാര്‍ച്ച്‌ 29 , 30 തിയ്യതികളില്‍ പകല്‍ രാത്രി മത്സരങ്ങളായാണ് സെമി ഫൈനലുകള്‍ നടക്കുന്നത്.ആദ്യ സെമിയില്‍ 29 ന്
ചൊവ്വാഴ്ച ഉച്ചക്ക് 2.30 ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ശ്രീലങ്കയും ന്യൂസീലാണ്ടും ഏറ്റുമുട്ടും.പ്രാഥമിക റൌണ്ടില്‍ എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായിരുന്ന ശ്രീലങ്ക കരുത്തരായ ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് തകര്‍ത്താണ് സെമി ഫൈനലില്‍ ഇടം നേടിയത്.ന്യൂസീലാണ്ടാവട്ടെ ദക്ഷിണാഫ്രിക്കക്കെതിരെ അട്ടിമറി വിജയം നേടിയാണ്‌ സെമിയിലെത്തുന്നത്.രണ്ടാം സെമി ഫൈനലില്‍ മാറ്റുരക്കുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടമാണ് ലോകം ഉറ്റുനോക്കുന്നത്.മാര്‍ച്ച്‌ 30 ന് ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് പഞ്ചാബിലെ മൊഹാലി പി സി എ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.എ ഗ്രൂപ്പില്‍ നിന്നും ഒന്നാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്തി വിക്കറ്റൊന്നും നഷ്ട്ടപ്പെടാതെ വിന്‍ഡീസിനെ കെട്ടുകെട്ടിച്ച് പാകിസ്ഥാനും, ബി ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറില്‍ കടന്ന് ഓസ്ട്രേലിയയുടെ തുടര്‍ച്ചയായ നാലാം കിരീട മോഹത്തിന് തടയിട്ട് ഇന്ത്യയും സെമി ഫൈനലില്‍ കടന്നു .ഏപ്രില്‍ 2 ന് മുംബൈയിലെ വെങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ ആരായിരിക്കും കൊമ്പ് കോര്‍ക്കുക?കാത്തിരിക്കാം,നമുക്ക് മാര്‍ച്ച്‌ 30 ന് കളി തീരുന്നത് വരെ...