2010, മേയ് 6, വ്യാഴാഴ്‌ച

ട്വന്‍റി 20 സൂപ്പര്‍ 8 ന് തുടക്കം, ഇന്ത്യയുടെ കളി നാളെ

ട്വന്‍റി 20 ലോക കപ്പിന് വേണ്ടി ഇന്ന് മുതല്‍ ഉശിരന്‍ മത്സരങ്ങള്‍.ബാര്‍ബഡോസില്‍ ഇന്നാരംഭിക്കുന്ന സൂപ്പര്‍ 8 ആദ്യ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ പാക്കിസ്ഥാന്‍ ഇംഗ്ളണ്ടുമായും, രണ്ടാമത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ന്യൂസീലാന്ഡുമായും ഏറ്റുമുട്ടും.12 ടീമുകള്‍ മാറ്റുരച്ച പ്രാഥമിക റൌണ്ടില്‍ ബംഗ്ലാദേശ്,സിംബാബ്‌വെ.അഫ്ഗാനിസ്ഥാന്‍,അയര്‍ലന്‍ഡ് എന്നീ ടീമുകള്‍ സൂപ്പര്‍ 8 ലേക്ക് കടക്കാനാവാതെ പുറത്തായി.യോഗ്യത നേടിയ ഇന്ത്യ,ആസ്ട്രേലിയ,വെസ്റ്റിന്‍ഡീസ്,ശ്രീലങ്ക എന്നീ ടീമുകളെ ഇ ഗ്രൂപ്പിലും പാക്കിസ്ഥാന്‍,ഇംഗ്ളണ്ട്,ദക്ഷിണാഫ്രിക്ക,ന്യൂസിലാന്ഡ് എന്നീ ടീമുകളെ എഫ് ഗ്രൂപ്പിലും പെടുത്തിയാണ് സൂപ്പര്‍ 8 മല്‍സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.ഓരോ ടീമും ഗ്രൂപ്പിലെ മറ്റു മൂന്ന് ടീമുകളുമായി മത്സരിച്ചു രണ്ടെണ്ണത്തിലെന്കിലും ജയിച്ചാലേ സെമി ഫൈനലില്‍ എത്തുകയുള്ളൂ.ബാര്‍ബഡോസിലും സെന്‍റ് ലൂസിയയിലുമായാണ് സൂപ്പര്‍ 8 മത്സരങ്ങള്‍ക്ക് വേദിയൊരുങ്ങുന്നത്.സെന്‍റ് ലൂസിയയിലെ വേഗം കുറഞ്ഞ പിച്ചിനെ അപേക്ഷിച്ച് ബൌളര്‍മാര്‍ക്ക് അനുകൂലമായ ബാര്‍ബഡോസിലെ ഗ്രൌണ്ട് കളിയുടെ ഗതി എങ്ങിനെ നിര്‍ണ്ണയിക്കുമെന്ന് കണ്ടറിയണം.മഴയുടെ കളി മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് ഭീഷണിയായിട്ടുണ്ട്.ഇന്ത്യയുടെ ആദ്യ മത്സരം നാളെ രാത്രി 7 മണിക്ക് ആസ്ട്രേലിയയുമായും,രണ്ടാമത്തെ മത്സരം മെയ്‌ 9 ന് ഞായറാഴ്ച വെസ്റ്റിന്‍ഡീസുമായി ബാര്‍ബഡോസിലും,മൂന്നാമത്തെ മത്സരം പതിനൊന്നാം തിയ്യതി ശ്രീലങ്കയുമായി സെന്‍റ് ലൂസിയയിലും നടക്കും.മൂന്നു മത്സരങ്ങളിലും കരുത്തരായ എതിരാളികളെയാണ് ഇന്ത്യയ്ക്ക് നേരിടാനുള്ളത്.മഹേന്ദ്രസിംഗ് ധോണിയുടെ നായകത്വവും സുരേഷ് കുമാര്‍ റയ്ന,യുവരാജ് സിംഗ് തുടങ്ങിയ കളിക്കാരുടെ മികച്ച ഫോമും ഇന്ത്യയ്ക്ക് തുണയാകുമെന്നു പ്രതീക്ഷിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല: