2009, ജൂൺ 21, ഞായറാഴ്‌ച

ട്വന്റി 20 ലോകകപ്പ്‌ പാക്കിസ്ഥാന് ചരിത്രവിജയം


ഇംഗ്ലണ്ടിലെ ലോര്‍ഡ്സില്‍ നടന്ന ട്വന്റി 20 ഫൈനല്‍ മത്സരത്തില്‍ ശ്രീലങ്കയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി പാക്കിസ്ഥാന്‍ ലോകകപ്പ്‌ സ്വന്തമാക്കി.കഴിഞ്ഞ തവണ ജോഹന്നാസ്‌ ബര്‍ഗ്ഗില്‍ മുടിനാരിഴയ്ക്ക് നഷ്ടപ്പെട്ട ലോക ചാമ്പ്യന്‍ പദവി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ലോര്‍ഡ്സിലെ തിങ്ങിനിറഞ്ഞ കാണികളെയും,ലോകത്തെങ്ങുമുള്ള പാക് ആരാധകരെയും സാക്ഷി നിര്‍ത്തി പാക്കിസ്ഥാന്‍ നേടിയെടുത്തു.മത്സര ഫലം പ്രവചനാതീതമായിരുന്ന ഫൈനലില്‍ ടോസ്‌ നേടിയ ലങ്കന്‍ ക്യാപ്ടന്‍ കുമാര്‍ സംഗക്കാര ബാറ്റിംഗ് തെരഞ്ഞെടുത്തു.എന്നാല്‍ ശ്രീലങ്കന്‍ ടീമിന്റെ കരുത്തനായ ഓപ്പണര്‍ തിലകരത്നെ ആദ്യഓവറില്‍ തന്നെ റണ്ണൊന്നും എടുക്കാനാവാതെ പവലിയനിലേക്ക് മടങ്ങി.തുടര്‍ന്ന് 6 ഓവറുകള്‍ പൂര്‍ത്തിയാക്കും മുമ്പെ സനത് ജയസൂര്യയുടെതടക്കമുള്ള 3 വിക്കറ്റുകള്‍ ശ്രീലങ്കയ്ക്ക് നഷ്ട്ടമായി.ലങ്കന്‍ ടീമിനെ വന്‍ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തിയത് കുമാര്‍ സംഗക്കാരയുടെ അര്‍ദ്ധസെഞ്ച്വറി കടന്ന മെച്ചപ്പെട്ട സ്കോറിന്റെ ബലത്തിലാണ്.ശ്രീലങ്കന്‍ ഇന്നിംഗ്സ് 6 വിക്കറ്റിന് 138 റണ്സിന് അവസാനിച്ചു.

139 റണ്‍സിന്റെ വിജയലക്ഷൃവുമായി മറുപടിബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ ഷാഹിദ് അഫ്രീദിയുടെയും ശുഹൈബ് മാലിക്കിന്റെയും മിന്നുന്ന പ്രകടനത്തിന്റെ കരുത്തില്‍ 18.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്സെടുത്ത് വിജയം കണ്ടു.ഷാഹിദ് അഫ്രീദി മാന്‍ ഓഫ് ദി മാച്ചും,തിലക് രത്നെ ദില്‍ഷന്‍ മാന്‍ ഓഫ് ദി ടൂര്‍ണമെന്‍റുമാണ്. അങ്ങിനെ പാക്കിസ്ഥാനും പാക് ആരാധകര്‍ക്കും വളരെക്കാലം മനസ്സില്‍ സൂക്ഷിക്കാന്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞു .

2009, ജൂൺ 20, ശനിയാഴ്‌ച

T20 ആരവങ്ങള്‍ അടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.ആരായിരിക്കും കപ്പില്‍ മുത്തമിടുക?

ട്വന്റി 20 ലോകകപ്പിന് വേണ്ടിയുള്ള ഫൈനല്‍ നാളെ ജൂണ്‍ 21 നു രാത്രി 7.30 നു ലോര്‍ഡ്സില്‍ നടക്കുന്നതാണ്.
ഒന്നാം സെമി ഫൈനലില്‍ ശഹീദ് അഫ്രീദിയുടെ ഓള്‍ റൌണ്ട് മികവില്‍ പാക്കിസ്ഥാന്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ തറപറ്റിച്ച് കലാശക്കളിയില്‍ ഇടം ഉറപ്പിച്ചപ്പോള്‍,തിലക് രത്നെ ദില്‍ഷന്‍റെ കൂറ്റന്‍ സ്കോറിന്റെ ബലത്തില്‍ വിന്‍ഡീസിനെ കെട്ടുകെട്ടിച്ച് നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ശ്രീലങ്കയും
പാക്കിസ്ഥാനെ നേരിടാന്‍ ഒരുങ്ങുന്നു.കഴിഞ്ഞ തവണ ജോഹന്നാസ്‌ ബര്‍ഗ്ഗില്‍ ഏഷ്യയില്‍ നിന്നുള്ള ഇന്ത്യ പാക്കിസ്ഥാനുമായിട്ടാണ് മാറ്റുരച്ചതെന്കില്‍ ഇത്തവണ ഏഷ്യയിലെ തന്നെ രണ്ടു ടീമുകകളാണ് ഏറ്റുമുട്ടുന്നതെന്ന സവിശേഷതയുമുണ്ട്.2007ല്‍ കൈവിട്ടു പോയ ലോകകപ്പില്‍ ഈ പ്രാവശ്യം മുത്തമിടാന്‍ കഴിയുമെന്നാണ് പാക്കിസ്ഥാന്‍ പ്രതീക്ഷിക്കുന്നത്.ഷഹീദ് അഫ്രീദിയുടെ മികച്ച ഫോമും ശക്തമായ ബാറ്റിംഗ്-ബൌളിംഗ് നിരകളും അവരുടെ പ്രതീക്ഷയ്ക്ക് ചിറകു മുളപ്പിക്കുന്നു. ഉമര്‍ ഗുല്ലും മിസ്ബാഹുല്‍ ഹഖും പാക്കിസ്ഥാന്റെ തിളക്കമാര്‍ന്ന കളിക്കാര്‍ തന്നെ.എന്നാല്‍ തിലക് രത്നെ ദില്‍ഷന്‍റെയും സനത് ജയസൂര്യയുടെയും കരുത്തില്‍ പാക് വെല്ലുവിളി മറികടക്കാമെന്ന് തന്നെയാണ് ശ്രീലങ്ക കരുതുന്നത്. ഇതുവരെ തോല്‍ക്കാതെ കളിച്ച ടീമെന്ന ബഹുമതിയും ശ്രീലങ്കയ്ക്ക് സ്വന്തം.ക്രിക്കറ്റ്‌ ലോകത്തിലെ അതികായന്മാരായ കംഗാരുക്കളെ പ്രഥമ റൌണ്ടില്‍ പുറത്താക്കിയതും കുമാര്‍ സംഗക്കാരയുടെ ലങ്കന്‍ സേനയാണെന്നതും ഓര്‍ക്കുക.സുപ്പര്‍ എട്ട് മത്സരത്തില്‍ പാക്കിസ്ഥാനെ 19 റണ്‍സിന് തോല്‍പ്പിച്ചതും ശ്രീലങ്കയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. .ഏതായാലും ഫൈനലിലെ പോരാട്ടത്തിന്റെ ഫലം പ്രവചനാതീതം എന്ന് മാത്രമെ ഇപ്പോള്‍ പറയുന്നുള്ളൂ.കാരണം ഇത് കളി ക്രിക്കറ്റ്‌ ആണ്.വമ്പന്മാര്‍ പലരും അടി തെറ്റി വീഴുന്നതും വന്മരങ്ങള്‍ കടപുഴകി നിലം പൊത്തുന്നതും നാമെത്ര കണ്ടതാണ്..! കപ്പില്‍ ആരായിരിക്കും മുത്തമിടുക എന്നറിയാന്‍ കളി തീരുന്നത് വരെ നമുക്ക് കാത്തിരിക്കാം.

2009, ജൂൺ 17, ബുധനാഴ്‌ച

T20 ലോകകപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ നാളെ തുടങ്ങും

ട്വന്റി 20 ലോകകപ്പിന്‌ വേണ്ടിയുള്ള സുപ്പര്‍ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി സെമി ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള കളമൊരുങ്ങി.ഒന്നാം സെമി ഫൈനല്‍ ജൂണ്‍ 18 നു രാത്രി 10 മണിയ്ക്ക് ട്രെന്‍റ്ബ്രിഡ്ജില്‍ ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും തമ്മിലും,രണ്ടാം സെമി ഫൈനല്‍ ജൂണ്‍ 19 നു രാത്രി 10 മണിയ്ക്ക് ഓവലില്‍ ശ്രീലങ്കയും വെസ്റ്റിന്‍ഡീസും തമ്മില്‍ നടക്കുന്നതാണ്.സുപ്പര്‍ എട്ട് ഇ ഗ്രൂപ്പില ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്ക കളിച്ച 5 കളികളും ജയിച്ച കരുത്തുമായാണ് കളത്തിലിറങ്ങുന്നത്.എഫ്‌ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ പാക്കിസ്ഥാനാവട്ടെ കഴിഞ്ഞ തവണ കൈവിട്ടുപോയ കപ്പില്‍ ഇത്തവണ മുത്തമിടാമെന്ന പ്രതീക്ഷയിലുമാണ്.എത്ര നന്നായി കളിച്ചാലും ദക്ഷിണാഫ്രിക്കയെ പിന്തുടരാറുള്ള നിര്‍ഭാഗ്യം അവരുടെ വിജയത്തിന് മങ്ങലേല്‍പ്പിക്കുമോയെന്ന എന്ന ആശങ്കയും ഇല്ലാതില്ല.രണ്ടാം സെമി ഫൈനലില്‍ ഏറ്റുമുട്ടുന്ന എഫ്‌ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ശ്രീലങ്കയും ഇ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ വെസ്റ്റിന്‍ഡീസും തമ്മില്‍ പൊരിഞ്ഞ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.എല്ലാ മത്സരങ്ങളിലും വിജയിച്ച ശ്രീലങ്ക ഇപ്പോള്‍ നല്ല ഫോമിലാണ്.എതിരാളിയായ വിന്‍ഡീസ് ആവട്ടെ പഴയ പ്രതാപം വീണ്ടെടുത്തു ലങ്കക്കാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന സ്ഥിതിയിലുമാണ്. ജൂണ്‍ 10 നു ആദ്യറൌണ്ടില്‍ കുമാര്‍ സംഗക്കാരയുടെ ലങ്കന്‍ സേന വിന്‍ഡീസിനെ 15 റണ്‍സിന് തുരത്തിയത് മറക്കാതിരിക്കുക.സെമി ഫൈനല്‍ മത്സരങ്ങള്‍ കടുത്തതാകുമെന്നതിന് സംശയമില്ല.സുപ്പര്‍ എട്ട് മത്സരങ്ങളുടെ പോയിന്‍റ് നില ചുവടെ കൊടുക്കുന്നു.
ഗ്രൂപ്‌ ഇ ദക്ഷിണാഫ്രിക്ക 6 വെസ്റ്റിന്‍ഡീസ് 4 ഇംഗ്ലണ്ട് 2 ഇന്ത്യ 0
ഗ്രൂപ്‌ എഫ്‌ ശ്രീലങ്ക 6 പാക്കിസ്ഥാന്‍ 4 ന്യുസീലാന്‍ഡ് 2 അയര്‍ലന്‍ഡ് 0
നിലവിലുള്ള ട്വന്റി 20 ചാംപ്യന്‍മാരായ ഇന്ത്യയ്ക്ക് സുപ്പര്‍ എട്ടില്‍ ഒരു ആശ്വാസജയം പോലും നേടാന്‍ കഴിയാതിരുന്നതും,ക്രിക്കറ്റ് ലോകത്തിലെ കരുത്തന്മാരും മുന്‍ ലോകചാംപ്യന്‍മാരുമായ ഓസ്ട്രേലിയ എല്ലാകളികളിലും തോറ്റ് പ്രാഥമിക റൌണ്ടില്‍ തന്നെ പുറത്തായതും ഈ T20 മത്സരങ്ങളിലെ വന്‍ ദുരന്തമാണ്.

ഇന്ത്യയുള്‍പ്പടെ എ ഗ്രൂപ്പിലെ 3 ടീമുകള്‍ക്കും സെമി ഫൈനലില്‍ എത്താന്‍ കഴിഞ്ഞില്ല.ബി ഗ്രൂപ്പില്‍ നിന്ന് പാക്കിസ്ഥാനും,സി ഗ്രൂപ്പില്‍ നിന്നു ശ്രീലങ്കയും വെസ്റ്റിന്‍ഡീസും,ഡി ഗ്രൂപ്പില്‍ നിന്ന് ദക്ഷിണാഫ്രിക്കയുമാണ് സെമി ഫൈനലില്‍ കളിക്കാന്‍ യോഗ്യത നേടിയത്.

2009, ജൂൺ 15, തിങ്കളാഴ്‌ച

T20 ലോകകപ്പ്‌ ടീം ഇന്ത്യക്ക് ഇനി നാട്ടിലേക്ക് മടങ്ങാം

ട്വന്റി 20 ചാംപ്യന്‍മാരായ ഇന്ത്യ സെമി ഫൈനല്‍ പോലും കാണാതെ പുറത്തായി നാട്ടിലേക്ക് മടങ്ങുന്നു.ലോര്‍ഡ്സില്‍ നടന്ന രണ്ടാമത്തെ സുപ്പര്‍ എട്ട് മത്സരത്തില്‍ ഇംഗ്ളണ്ടിനോട് 3 റണ്‍സിന് തോറ്റതോടെ ഇന്ത്യ പുറത്തായി.നേരത്തെ ആദ്യമത്സരത്തില്‍ ഇന്ത്യ വിന്‍ഡീസിനോട് അടിയറവു പറഞ്ഞിരുന്നു.ടോസ്‌ നേടിയ ഇന്ത്യ ബൌളിംഗ് തെരഞ്ഞെടുക്കുകയും ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 7 വിക്കറ്റിനു 157 റണ്‍സിന് അവസാനിക്കുകയും ചെയ്തു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.ബൌളിംഗ് ബാറ്റിംഗ് നിരകള്‍ ഒരുപോലെ തകര്‍ന്നു പോയതാണ് ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണം.ദക്ഷിണാഫ്രിക്കയുമായുള്ള അടുത്ത മത്സരം ഇന്ത്യക്ക് ഔപചാരികം മാത്രമാണ്.
2007 ല്‍ ജോഹന്നാസ്‌ ബര്‍ഗ്ഗില്‍ നിന്നും 100 കോടി ജനങ്ങളുടെ അഭിമാനമായി നേടിയ ലോക കപ്പ്‌ ഇനി ഇന്ത്യ തിരിച്ചു നല്‍കണം.

2009, ജൂൺ 14, ഞായറാഴ്‌ച

ഇ എം എസിന്റെ ജന്മനാട്ടില്‍ സ്മാരക സമുച്ചയത്തിന് ശിലയിട്ടു


കമ്മ്യൂണിസ്റ്റ് ആചാര്യനും നവകേരള ശില്പ്പിയുമായ ഇ എം എസിന് സഖാവിന്റെ ജന്മനാടായ ഏലംകുളത്ത്
നിര്‍മ്മിക്കുന്ന സ്മാരക സമുച്ചയത്തിന് സി പി ഐ (എം) ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട് തറക്കല്ലിട്ടു.കുന്തിപ്പുഴയുടെ തീരത്ത് ഏലംകുളം മനയോട് ചേര്‍ന്ന ഒരേക്കര്‍ സ്ഥലത്താണ് ലൈബ്രറി,ചരിത്ര മ്യു‌സിയം,കോട്ടേജുകള്‍,കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ഉള്‍പ്പെടുന്ന സ്മാരക സമുച്ചയം ഉയരുന്നത്.തറക്കല്ലിടല്‍ ചടങ്ങില്‍ എ വിജയരാഘവന്‍ എം പി അദ്ധ്യക്ഷനായി.തദ്ദേശ സ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദ്‌ കുട്ടി,കെ സൈതാലികുട്ടി,കെ ഉമ്മര്‍ മാസ്റ്റര്‍,ടി കെ ഹംസ,പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.ഇ എം എസിന്റെ മക്കളായ ഡോ.മാലതി,ഇ എം രാധ മരുമകന്‍ ഡോ.എ ഡി ദാമോദരന്‍,ചെറുമകള്‍ ഡോ.സുമംഗല മറ്റു കുടുംബാംഗങ്ങള്‍ എന്നിവരും ചടങ്ങിനെത്തിയിരുന്നു.ജില്ലയിലെ നാനാഭാഗത്ത് നിന്നും ഒഴുകിയെത്തിയ പതിനായിരങ്ങള്‍ ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു.സ്മാരക നിര്‍മ്മാണ ചിലവിലേക്ക്‌ പാര്‍ട്ടി ഘടകങ്ങള്‍ ശേഖരിച്ച ഫണ്ട് പ്രകാശ്‌ കാരാട്ടിനെ ഏല്പിച്ചു.

2009, ജൂൺ 13, ശനിയാഴ്‌ച

T20 സുപ്പര്‍ എട്ടില്‍ ഇന്ത്യക്കും പാക്കിസ്ഥാനും പരാജയം



ട്വന്റി 20 സുപ്പര്‍ എട്ട് ആദ്യ മത്സരങ്ങളില്‍ ശ്രീലങ്ക പാക്കിസ്ഥാനെയും,വെസ്റ്റിന്‍ഡീസ് ഇന്ത്യയെയും മുട്ടുകുത്തിച്ചു. പാക്കിസ്ഥാന്‍ ശ്രീലങ്കയോട് 19 റണ്സിനും, ഇന്ത്യ വെസ്റ്റിന്‍ഡീസിനോട് 7 വിക്കറ്റിനുമാണ് തോറ്റത്.
വെസ്റ്റിന്‍ഡീസിന്‍റെ ഡ്വൈന്‍ ബ്രാവോയുടെ കരുത്തുറ്റ ബൌളിംഗ് (4 വിക്കറ്റ്‌)നും ബാറ്റിങ്ങ് (66 റണ്‍സ്)നും മുമ്പില്‍ ലോകചാന്പ്യന്‍മാരായ ഇന്ത്യക്ക് അടിയറവു പറയേണ്ടി വന്നു.ശ്രീലങ്കയുടെ തിലക് രത്നെയും ലസിത് മലിംഗയും മുരളീധരനും ചേര്‍ന്ന് പാക്കിസ്ഥാന്റെ തോല്‍വിക്ക് ആക്കം കൂട്ടി.
സ്കോര്‍ -ഇന്ത്യ 153/7 വിന്‍ഡീസ് 156/3 ശ്രീലങ്ക 150/7 പാക്കിസ്ഥാന്‍ 131/9

2009, ജൂൺ 11, വ്യാഴാഴ്‌ച

T20 സൂപ്പര്‍ എട്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ട്വന്റി 20 വേള്‍ഡ്‌ കപ്പിന് വേണ്ടിയുള്ള ആദ്യറൌണ്ടില്‍ നിന്നും രണ്ടാം റൌണ്ടിലേക്ക് യോഗ്യത നേടിയവര്‍ക്കുള്ള സുപ്പര്‍ എട്ട് മത്സരങ്ങള്‍ ഇന്ന് ഇംഗ്ലണ്ടിലെ ട്രെന്‍ഡ്ബ്രിഡ്ജില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 6 മണിക്ക് ന്യുസീലന്‍ഡും അയര്‍ലന്‍ഡും തമ്മിലുള്ള മത്സരത്തോടെ ആരംഭിക്കും.ഇന്നത്തെ രണ്ടാമത്തെ മത്സരം ട്രെന്‍ഡ് ബ്രിഡ്ജില്‍ തന്നെ രാത്രി 10 മണിക്ക് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ്.ഇന്ത്യ നാളെ ജൂണ്‍ 12 ന് രാത്രി 10 മണിക്ക് ലോര്‍ഡ്സില്‍ വെസ്റ്റിന്‍ഡീസിനെ നേരിടും.ആദ്യറൌണ്ട് മത്സരങ്ങളിലെ പോയിന്റ്‌ നില താഴെ
ഗ്രൂപ്‌ എ ഇന്ത്യ 4 അയര്‍ലന്‍ഡ് 2 ബംഗ്ലാദേശ് 0 ഗ്രൂപ്‌ ബി ഇംഗ്ളണ്ട് 2 പാകിസ്താന്‍ 2 നെതര്‍ലന്‍ഡ് 2 ഗ്രൂപ്‌ സി ശ്രീലങ്ക 4 വെസ്റ്റിന്‍ഡീസ് 2 ഓസ്ട്രേലിയ 0
ഗ്രൂപ്‌ ഡി ദക്ഷിണാഫ്രിക്ക 4 ന്യുസീലന്‍ഡ് 2 സ്കോട്ട്ലന്‍ഡ് 0
രണ്ടാം റൌണ്ട് മത്സരങ്ങള്‍ ജൂണ്‍ 16 ന് സമാപിക്കും.ഒന്നും രണ്ടും സെമി ഫൈനലുകള്‍ ജൂണ്‍ 18, 19 തിയ്യതികളില്‍ നടക്കും.ജൂണ്‍ 21 ന് രാത്രി ഇന്ത്യന്‍ സമയം 7.30 ന് ലോര്‍ഡ്സിലാണ് ഫൈനല്‍ മത്സരം.

2009, ജൂൺ 7, ഞായറാഴ്‌ച

ബംഗ്ലാദേശിനതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ട്രെന്‍ഡ്ബ്രിഡ്ജില്‍ നടന്ന T20 ഗ്രൂപ്പ് എ ആദ്യറൌണ്ട് മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ 25 റണ്‍സിന് തകര്‍ത്തുവിട്ടു.ടോസ്‌ നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ 181 റണ്‍സിനെ മറികടക്കാന്‍ ബംഗ്ലാദേശിന് സാധിച്ചില്ല.ഇരുപത്‌ ഓവറില്‍ 155 റണ്‍സെടുക്കാനെ അവര്ക്കു കഴിഞ്ഞുള്ളൂ. ഗൌതം ഗംഭീറിന്റെയും യുവരാജിന്റെയും കൂറ്റന്‍ സ്കോറുകളും, പ്ര്യഗ്യാന്‍ ഓജയുടെ മികച്ച ബൌളിങ്ങും ചേര്‍ന്ന് ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു.21 പന്തില്‍ നിന്നും ബംഗ്ലാദേശിന്റെ 4 വിക്കറ്റുകള്‍ വീഴ്ത്തിയ ഇടംകൈ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയാണ് മാന്‍ ഓഫ് ദി മാച്ച്.

2009, ജൂൺ 6, ശനിയാഴ്‌ച

T20 ആദ്യറൌണ്ടില്‍ ഇന്ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും

ട്വന്‍റി 20 ആദ്യറൌണ്ടില്‍ നിലവിലുള്ള ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് ബംഗ്ലാദേശുമായി ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം രാത്രി 10.30 നു ട്രെന്‍ഡ് ബ്രിഡ്ജിലാണ് മത്സരം.എം എസ് ധോണിയും ടീംഇന്ത്യയും കരുത്ത്‌ തെളിയിക്കുമെന്നാണ് കരുതപ്പെടുന്നത്. 2007 ലെ വിജയത്തിന് ശേഷം ഇന്ത്യന്‍ കളിക്കാര്‍ ധോണിയും കുട്ടികളും നല്ല ഫോമില്‍ തന്നെയാണ്.വലിയ വലിയ വിജയങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന ചെറിയ പരാജയങ്ങളെ നേരിടാനുള്ള മനക്കരുത്ത് ധോണിയും സഹപ്രവര്‍ത്തകരും സ്വായത്വമാക്കിക്കഴിഞ്ഞു.ഓപ്പണര്‍മാരായ സെവാഗ്-ഗംഭീര്‍ കൂട്ടുകെട്ടില്‍ ആരംഭിയ്ക്കുന്ന ശക്തമായ ബാറ്റിംഗ് നിര തന്നെയാണ് ഇന്ത്യക്ക് ആത്മവിശ്വാസം നല്കുന്നത്.സുരേഷ് റൈന,യുവരാജ്‌ സിംഗ് തുടങ്ങി മറ്റു ബാറ്റ്സ്മാന്‍മാരും ഇന്ത്യയുടെ കരുത്ത്‌ പലതവണ തെളിയിച്ചവരാണ്.ടീമിലെ 5 ഫാസ്റ്റ്‌ ബൌളര്‍മാരും സ്പിന്‍ബൌളറായ ഹര്‍ഭജന്‍ സിംഗും പ്രതീക്ഷക്കൊത്തുയരുമെന്ന് തന്നെയാണ് കണക്കാക്കുന്നത്.
ബംഗ്ലാദേശ്‌ പത്താമത്തെയും അവസാനത്തേയും ടെസ്റ്റ്‌ രാഷ്ട്രമാണെന്കിലും മത്സരങ്ങളില്‍ ചില അട്ടിമറികള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞേക്കും .ക്രിക്കറ്റ് ലോകത്ത് ബംഗ്ലാദേശിനെ പലര്‍ക്കും പേടിയാണ്. ഏകദിന ലോക കപ്പില്‍ നിന്നും ഇന്ത്യയെ അവര്‍ പുറത്താക്കിയത് മറക്കാറായിട്ടില്ല.എ ഗ്രൂപ്പിലെ മറ്റൊരു ടീമായ അയര്‍ലന്‍ഡ് കരുത്തരല്ലാത്തത് കൊണ്ടു തന്നെ ബംഗ്ലാദേശിന് രണ്ടാം റൌണ്ടില്‍ കടക്കാന്‍ കഴിഞ്ഞേക്കും. കാപ്ടന്‍ മുഹമ്മദ്‌ അശ്രഫുള്‍ ബംഗ്ലാദേശിന്‍റെ മികച്ച ബാറ്റ്സ്മാന്‍ കൂടിയാണെന്ന് ഓര്‍മ്മിക്കുക.ഏതായാലും ട്രെന്ഡ്ബ്രിഡ്ജിലെ ഇന്ത്യാ-ബംഗ്ലാദേശ് മത്സരം തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.

2009, ജൂൺ 5, വെള്ളിയാഴ്‌ച

ട്വന്‍റി 20 മത്സരങ്ങള്‍ക്ക് ഇന്ന് ഇംഗ്ലണ്ടില്‍ തുടക്കം

ലോകത്തെങ്ങുമുള്ള ക്രിക്കറ്റ്‌ പ്രേമികള്‍ക്ക് ഇനി ഉത്സാഹത്തിന്‍റേയും ഉല്‍ക്കണ്ഠയുടേയും ദിനരാത്രങ്ങള്‍. ഐ സി സി വേള്‍ഡ്‌ കപ്പിനുള്ള ട്വന്‍റി 20 മത്സരങ്ങള്‍ ഇന്നുരാത്രി ഇന്ത്യന്‍ സമയം 9 മണിയ്ക്ക് ഇംഗ്ളണ്ടിലെ ലോര്‍ഡ്സില്‍ ഉദ്ഘാടനം ചെയ്യപ്പെടും.ഇംഗ്ലണ്ടും ഹോളണ്ടും തമ്മിലാണ് ആദ്യ മത്സരം.നിലവിലുള്ള ചാമ്പ്യന്‍ മാരായ ഇന്ത്യയുടെ ചുണക്കുട്ടികള്‍ കാപ്ടന്‍ എം എസ് ധോണിയുടെ നേതൃത്വത്തില്‍ കപ്പ്‌ ആര്‍ക്കും വിട്ടുകൊടിക്കില്ലെന്ന വാശിയിലാണ്. സന്നാഹ മത്സരത്തില്‍ ന്യു‌സീലാണ്ടിനോട് അടിയറവു പറയേണ്ടി വന്നെങ്കിലും പാക്കിസ്ഥാനെ 9 വിക്കറ്റിനു തരിപ്പണമാക്കാന്‍ കഴിഞ്ഞത് ഇന്ത്യന്‍ കളിക്കാര്‍ക്ക്‌ ആവേശം പകര്‍ന്നിട്ടുണ്ട്.ഇന്നു തുടങ്ങുന്ന മത്സരങ്ങള്‍ ജൂണ്‍ 21 നു ലോര്‍ഡ്സില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തോടെ തിരശ്ശീല താഴ്ത്തും.ആദ്യറൌണ്ടില്‍ 12 ടീമുകളെ 4 ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പില്‍ നിന്നും ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ നേടുന്ന രണ്ടു ടീമുകള്‍ വീതം അടുത്ത റൌണ്ടിലേക്ക് യോഗ്യത നേടും.ഈ എട്ട് ടീമുകളെ രണ്ടു ഗ്രൂപ്പുകളായി തിരിക്കും.ഓരോ ഗ്രൂപ്പിലെയും ടീമുകള്‍ പരസ്പരം മത്സരിച്ച ശേഷം രണ്ടു വീതം ടീമുകള്‍ സെമിയിലേക്ക് യോഗ്യത നേടും. 12 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന 4 ഗ്രൂപ്പുകളുടെ വിവരങ്ങള്‍ താഴെ
ഗ്രൂപ്‌ എ ഇന്ത്യ ബംഗ്ലാദേശ് അയര്‍ലന്‍ഡ് ഗ്രൂപ്‌ ബി ഇംഗ്ളണ്ട് പാക്കിസ്ഥാന്‍ ഹോളണ്ട്
ഗ്രൂപ്‌ സി ഓസ്ട്രേലിയ വെസ്റ്റിന്‍ഡീസ് ശ്രീലങ്ക ഗ്രൂപ്‌ ഡി ദക്ഷിണാഫ്രിക്ക ന്യുസീലാന്‍ഡ് സ്കോട്ട്ലന്‍ഡ്.

2009, ജൂൺ 3, ബുധനാഴ്‌ച

അടൂര്‍ ഗോപാലകൃഷ്ണന് വീണ്ടും അംഗീകാരം

2008 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.ലോകപ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ഒരു പെണ്ണും രണ്ടാണും ഏറ്റവും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.ഏറ്റവും നല്ല സംവിധായകനും തിരക്കഥാകൃത്തിനുമുള്ള അവാര്‍ഡുകളും സ്വന്തമാക്കി,അടൂര്‍ ചലച്ചിത്ര രംഗത്തെ തന്റെ അംഗീകാരം ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിച്ചു. മികച്ച നടനായി ലാലും(തലപ്പാവ് ) നടിയായി പ്രിയങ്കയും(വിലാപങ്ങള്‍ക്കപ്പുറം)അവാര്‍ഡുകള്‍ നേടി.ഈ വര്‍ഷം ഏര്‍പ്പെടുത്തിയ ഏറ്റവും നല്ല ഹാസ്യനടനുള്ള അവാര്‍ഡ്‌ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിലെ അഭിനയത്തിന് മാമുക്കോയ കരസ്ഥമാക്കി.ഏറ്റവും നല്ല കഥാകൃത്തിനുള്ള അവാര്‍ഡ്‌ വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിന്‍റെ കഥയ്ക്ക്‌ ആര്യാടന്‍ ഷൌക്കത്തിന് ലഭിച്ചു.ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത ഭൂമി മലയാളം രണ്ടാമത്തെ മികച്ച ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. സത്യന്‍ അന്തിക്കാടിന്റെ ഇന്നത്തെ ചിന്താ വിഷയം എന്ന സിനിമയെ കാലാമൂല്യമുള്ളതും ജനപ്രീതി നേടിയതുമായ ചിത്രമായി തെരഞ്ഞെടുത്തു.മികച്ച നവാഗത സംവിധായകനായി തലപ്പാവ് സംവിധാനം ചെയ്ത മധുപാല്‍ അര്‍ഹനായി.ഏറ്റവും മികച്ച ഗാനരചയിതാവായി ഒ എന്‍ വി കുറുപ്പും(ഗുല്‍മോഹര്‍)സംഗീത സംവിധായകനായി എം ജയചന്ദ്രനും(മാടമ്പി)തെരഞ്ഞെടുക്കപ്പെട്ടു.ഏറ്റവും നല്ല ഗായകന്‍ ശങ്കര്‍ മഹാദേവനും(കല്യാണക്കച്ചേരി-മാടമ്പി) ഗായിക മഞ്ജരി(മുള്ളുള്ള മുരിക്കിന്മേല്‍-വിലാപങ്ങള്‍ക്കപ്പുറം).മലയാള സിനിമകളുടെ നിലവാരം കുറഞ്ഞു വരുന്നതായി ജൂറി ചെയര്‍മാന്‍ ഗിരീഷ്‌ കാസറവള്ളി അഭിപ്രായപ്പെട്ടു.വിദ്യാഭ്യാസ-സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബിയാണ് അവാര്‍ഡ്‌ വിവരങ്ങള്‍ പ്രഖ്യാപിച്ചത്.ജൂറി അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.