2009, ജൂൺ 3, ബുധനാഴ്‌ച

അടൂര്‍ ഗോപാലകൃഷ്ണന് വീണ്ടും അംഗീകാരം

2008 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.ലോകപ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ഒരു പെണ്ണും രണ്ടാണും ഏറ്റവും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.ഏറ്റവും നല്ല സംവിധായകനും തിരക്കഥാകൃത്തിനുമുള്ള അവാര്‍ഡുകളും സ്വന്തമാക്കി,അടൂര്‍ ചലച്ചിത്ര രംഗത്തെ തന്റെ അംഗീകാരം ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിച്ചു. മികച്ച നടനായി ലാലും(തലപ്പാവ് ) നടിയായി പ്രിയങ്കയും(വിലാപങ്ങള്‍ക്കപ്പുറം)അവാര്‍ഡുകള്‍ നേടി.ഈ വര്‍ഷം ഏര്‍പ്പെടുത്തിയ ഏറ്റവും നല്ല ഹാസ്യനടനുള്ള അവാര്‍ഡ്‌ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിലെ അഭിനയത്തിന് മാമുക്കോയ കരസ്ഥമാക്കി.ഏറ്റവും നല്ല കഥാകൃത്തിനുള്ള അവാര്‍ഡ്‌ വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിന്‍റെ കഥയ്ക്ക്‌ ആര്യാടന്‍ ഷൌക്കത്തിന് ലഭിച്ചു.ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത ഭൂമി മലയാളം രണ്ടാമത്തെ മികച്ച ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. സത്യന്‍ അന്തിക്കാടിന്റെ ഇന്നത്തെ ചിന്താ വിഷയം എന്ന സിനിമയെ കാലാമൂല്യമുള്ളതും ജനപ്രീതി നേടിയതുമായ ചിത്രമായി തെരഞ്ഞെടുത്തു.മികച്ച നവാഗത സംവിധായകനായി തലപ്പാവ് സംവിധാനം ചെയ്ത മധുപാല്‍ അര്‍ഹനായി.ഏറ്റവും മികച്ച ഗാനരചയിതാവായി ഒ എന്‍ വി കുറുപ്പും(ഗുല്‍മോഹര്‍)സംഗീത സംവിധായകനായി എം ജയചന്ദ്രനും(മാടമ്പി)തെരഞ്ഞെടുക്കപ്പെട്ടു.ഏറ്റവും നല്ല ഗായകന്‍ ശങ്കര്‍ മഹാദേവനും(കല്യാണക്കച്ചേരി-മാടമ്പി) ഗായിക മഞ്ജരി(മുള്ളുള്ള മുരിക്കിന്മേല്‍-വിലാപങ്ങള്‍ക്കപ്പുറം).മലയാള സിനിമകളുടെ നിലവാരം കുറഞ്ഞു വരുന്നതായി ജൂറി ചെയര്‍മാന്‍ ഗിരീഷ്‌ കാസറവള്ളി അഭിപ്രായപ്പെട്ടു.വിദ്യാഭ്യാസ-സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബിയാണ് അവാര്‍ഡ്‌ വിവരങ്ങള്‍ പ്രഖ്യാപിച്ചത്.ജൂറി അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: