2009, ജൂൺ 17, ബുധനാഴ്‌ച

T20 ലോകകപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ നാളെ തുടങ്ങും

ട്വന്റി 20 ലോകകപ്പിന്‌ വേണ്ടിയുള്ള സുപ്പര്‍ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി സെമി ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള കളമൊരുങ്ങി.ഒന്നാം സെമി ഫൈനല്‍ ജൂണ്‍ 18 നു രാത്രി 10 മണിയ്ക്ക് ട്രെന്‍റ്ബ്രിഡ്ജില്‍ ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും തമ്മിലും,രണ്ടാം സെമി ഫൈനല്‍ ജൂണ്‍ 19 നു രാത്രി 10 മണിയ്ക്ക് ഓവലില്‍ ശ്രീലങ്കയും വെസ്റ്റിന്‍ഡീസും തമ്മില്‍ നടക്കുന്നതാണ്.സുപ്പര്‍ എട്ട് ഇ ഗ്രൂപ്പില ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്ക കളിച്ച 5 കളികളും ജയിച്ച കരുത്തുമായാണ് കളത്തിലിറങ്ങുന്നത്.എഫ്‌ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ പാക്കിസ്ഥാനാവട്ടെ കഴിഞ്ഞ തവണ കൈവിട്ടുപോയ കപ്പില്‍ ഇത്തവണ മുത്തമിടാമെന്ന പ്രതീക്ഷയിലുമാണ്.എത്ര നന്നായി കളിച്ചാലും ദക്ഷിണാഫ്രിക്കയെ പിന്തുടരാറുള്ള നിര്‍ഭാഗ്യം അവരുടെ വിജയത്തിന് മങ്ങലേല്‍പ്പിക്കുമോയെന്ന എന്ന ആശങ്കയും ഇല്ലാതില്ല.രണ്ടാം സെമി ഫൈനലില്‍ ഏറ്റുമുട്ടുന്ന എഫ്‌ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ശ്രീലങ്കയും ഇ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ വെസ്റ്റിന്‍ഡീസും തമ്മില്‍ പൊരിഞ്ഞ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.എല്ലാ മത്സരങ്ങളിലും വിജയിച്ച ശ്രീലങ്ക ഇപ്പോള്‍ നല്ല ഫോമിലാണ്.എതിരാളിയായ വിന്‍ഡീസ് ആവട്ടെ പഴയ പ്രതാപം വീണ്ടെടുത്തു ലങ്കക്കാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന സ്ഥിതിയിലുമാണ്. ജൂണ്‍ 10 നു ആദ്യറൌണ്ടില്‍ കുമാര്‍ സംഗക്കാരയുടെ ലങ്കന്‍ സേന വിന്‍ഡീസിനെ 15 റണ്‍സിന് തുരത്തിയത് മറക്കാതിരിക്കുക.സെമി ഫൈനല്‍ മത്സരങ്ങള്‍ കടുത്തതാകുമെന്നതിന് സംശയമില്ല.സുപ്പര്‍ എട്ട് മത്സരങ്ങളുടെ പോയിന്‍റ് നില ചുവടെ കൊടുക്കുന്നു.
ഗ്രൂപ്‌ ഇ ദക്ഷിണാഫ്രിക്ക 6 വെസ്റ്റിന്‍ഡീസ് 4 ഇംഗ്ലണ്ട് 2 ഇന്ത്യ 0
ഗ്രൂപ്‌ എഫ്‌ ശ്രീലങ്ക 6 പാക്കിസ്ഥാന്‍ 4 ന്യുസീലാന്‍ഡ് 2 അയര്‍ലന്‍ഡ് 0
നിലവിലുള്ള ട്വന്റി 20 ചാംപ്യന്‍മാരായ ഇന്ത്യയ്ക്ക് സുപ്പര്‍ എട്ടില്‍ ഒരു ആശ്വാസജയം പോലും നേടാന്‍ കഴിയാതിരുന്നതും,ക്രിക്കറ്റ് ലോകത്തിലെ കരുത്തന്മാരും മുന്‍ ലോകചാംപ്യന്‍മാരുമായ ഓസ്ട്രേലിയ എല്ലാകളികളിലും തോറ്റ് പ്രാഥമിക റൌണ്ടില്‍ തന്നെ പുറത്തായതും ഈ T20 മത്സരങ്ങളിലെ വന്‍ ദുരന്തമാണ്.

ഇന്ത്യയുള്‍പ്പടെ എ ഗ്രൂപ്പിലെ 3 ടീമുകള്‍ക്കും സെമി ഫൈനലില്‍ എത്താന്‍ കഴിഞ്ഞില്ല.ബി ഗ്രൂപ്പില്‍ നിന്ന് പാക്കിസ്ഥാനും,സി ഗ്രൂപ്പില്‍ നിന്നു ശ്രീലങ്കയും വെസ്റ്റിന്‍ഡീസും,ഡി ഗ്രൂപ്പില്‍ നിന്ന് ദക്ഷിണാഫ്രിക്കയുമാണ് സെമി ഫൈനലില്‍ കളിക്കാന്‍ യോഗ്യത നേടിയത്.

അഭിപ്രായങ്ങളൊന്നുമില്ല: