2009, ജൂൺ 21, ഞായറാഴ്‌ച

ട്വന്റി 20 ലോകകപ്പ്‌ പാക്കിസ്ഥാന് ചരിത്രവിജയം


ഇംഗ്ലണ്ടിലെ ലോര്‍ഡ്സില്‍ നടന്ന ട്വന്റി 20 ഫൈനല്‍ മത്സരത്തില്‍ ശ്രീലങ്കയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി പാക്കിസ്ഥാന്‍ ലോകകപ്പ്‌ സ്വന്തമാക്കി.കഴിഞ്ഞ തവണ ജോഹന്നാസ്‌ ബര്‍ഗ്ഗില്‍ മുടിനാരിഴയ്ക്ക് നഷ്ടപ്പെട്ട ലോക ചാമ്പ്യന്‍ പദവി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ലോര്‍ഡ്സിലെ തിങ്ങിനിറഞ്ഞ കാണികളെയും,ലോകത്തെങ്ങുമുള്ള പാക് ആരാധകരെയും സാക്ഷി നിര്‍ത്തി പാക്കിസ്ഥാന്‍ നേടിയെടുത്തു.മത്സര ഫലം പ്രവചനാതീതമായിരുന്ന ഫൈനലില്‍ ടോസ്‌ നേടിയ ലങ്കന്‍ ക്യാപ്ടന്‍ കുമാര്‍ സംഗക്കാര ബാറ്റിംഗ് തെരഞ്ഞെടുത്തു.എന്നാല്‍ ശ്രീലങ്കന്‍ ടീമിന്റെ കരുത്തനായ ഓപ്പണര്‍ തിലകരത്നെ ആദ്യഓവറില്‍ തന്നെ റണ്ണൊന്നും എടുക്കാനാവാതെ പവലിയനിലേക്ക് മടങ്ങി.തുടര്‍ന്ന് 6 ഓവറുകള്‍ പൂര്‍ത്തിയാക്കും മുമ്പെ സനത് ജയസൂര്യയുടെതടക്കമുള്ള 3 വിക്കറ്റുകള്‍ ശ്രീലങ്കയ്ക്ക് നഷ്ട്ടമായി.ലങ്കന്‍ ടീമിനെ വന്‍ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തിയത് കുമാര്‍ സംഗക്കാരയുടെ അര്‍ദ്ധസെഞ്ച്വറി കടന്ന മെച്ചപ്പെട്ട സ്കോറിന്റെ ബലത്തിലാണ്.ശ്രീലങ്കന്‍ ഇന്നിംഗ്സ് 6 വിക്കറ്റിന് 138 റണ്സിന് അവസാനിച്ചു.

139 റണ്‍സിന്റെ വിജയലക്ഷൃവുമായി മറുപടിബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ ഷാഹിദ് അഫ്രീദിയുടെയും ശുഹൈബ് മാലിക്കിന്റെയും മിന്നുന്ന പ്രകടനത്തിന്റെ കരുത്തില്‍ 18.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്സെടുത്ത് വിജയം കണ്ടു.ഷാഹിദ് അഫ്രീദി മാന്‍ ഓഫ് ദി മാച്ചും,തിലക് രത്നെ ദില്‍ഷന്‍ മാന്‍ ഓഫ് ദി ടൂര്‍ണമെന്‍റുമാണ്. അങ്ങിനെ പാക്കിസ്ഥാനും പാക് ആരാധകര്‍ക്കും വളരെക്കാലം മനസ്സില്‍ സൂക്ഷിക്കാന്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞു .

അഭിപ്രായങ്ങളൊന്നുമില്ല: