2009, ഡിസംബർ 29, ചൊവ്വാഴ്ച

ദേശാഭിമാനി ബംഗളൂരുവില്‍ നിന്നും

ബംഗളൂരുവിലെ ലക്ഷക്കണക്കിന്‌ മറുനാടന്‍ മലയാളികളുടെ സ്വപ്നസാക്ഷാല്‍ക്കാരമായി ദേശാഭിമാനിയുടെ ബംഗളൂരു എഡിഷന്‍ സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.ഇന്ദിരാ നഗറിലെ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഹാളില്‍ തിങ്കളാഴ്ച വൈകുന്നേരം ആയിരങ്ങളെ സാക്ഷി നിര്‍ത്തി പ്രശസ്ത എഴുത്തുകാരിയും ഉദയവാണിയുടെ പത്രാധിപയുമായ ഡോ.ആര്‍.പൂര്‍ണിമയ്ക്ക് ദേശാഭിമാനി പത്രം നല്‍കിക്കൊണ്ടാണ് പിണറായി ഈ ചരിത്ര ദൌത്യം നിറവേറ്റിയത്.പുതുവത്സരപ്പുലരി മുതല്‍ ഉദ്യാനനഗരിയിലെ പ്രഭാതങ്ങള്‍ക്ക് ചുവപ്പേകാന്‍ പാവപ്പെട്ടവന്റെ പടവാളായി മാറിക്കഴിഞ്ഞ നേരിന്‍റെ പത്രം ദേശാഭിമാനിയുമുണ്ടാവും.ഉല്‍ഘാടനം പ്രമാണിച്ച് തയ്യാറാക്കിയ പ്രത്യേക പതിപ്പ് ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി,ബംഗളൂരു പ്രസ് ക്ലബ് സെക്രടറി കെ സദാശിവ ഷേണായിക്ക് നല്‍കിക്കൊണ്ട് പുറത്തിറക്കി. സിപിഐ(എം)കര്‍ണാടക സംസ്ഥാന സെക്രടറി വി ജെ കെ നായര്‍ അദ്ധ്യക്ഷത വഹിച്ച ഉത്ഘാടന ചടങ്ങില്‍ ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ സ്വാഗതവും ദേശാഭിമാനി റീഡേഴ്സ് ഫോറം ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.പി. ജയരാജന്‍ എം എല്‍ എ,റസിഡന്‍റ് എഡിറ്റര്‍ പി .രാജീവ് എം പി,കെ. സദാശിവ ഷേണായി,ഡോ.ആര്‍.പൂര്‍ണിമ തുടങ്ങിയവര്‍ സംസാരിച്ചു.ഉല്‍ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.

ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഒരുക്കങ്ങള്‍ തിരുവനന്തപുരത്ത് പൂര്‍ത്തിയാവുന്നു

2010 ജനവരി 3 മുതല്‍ 7 വരെ തിരുവനന്തപുരത്ത് നടക്കുന്ന തൊണ്ണൂറ്റിയേഴാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ കാര്യവട്ടത്തുള്ള കേരള സര്‍വകലാശാലാ കാമ്പസ്സില്‍ പൂര്‍ത്തിയായി വരുന്നു.
രണ്ട് ദശകങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ ശാസ്ത്ര കോണ്‍ഗ്രസ്സിനു വേദിയൊരുങ്ങുന്നത്.ഇതിനു മുമ്പ് 1990 ല്‍ കൊച്ചിയിലാണ് ശാസ്ത്ര കോണ്‍ഗ്രസ് നടന്നത്.12 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ശാസ്ത്ര കോണ്ഗ്രസ്സിന്റെ സംഘാടനം ഐ എസ് ആര്‍ ഓയും കേരള സര്‍വകലാശാലയും സംയുക്തമായാണ് നിര്‍വ്വഹിക്കുന്നത്.20 വേദികളിലായി നടക്കുന്ന കോണ്‍ഗ്രസ്സില്‍ 7000 ത്തില്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കുന്നു.നോബല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടെ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ ശാസ്ത്രജ്ഞര്‍ മുതല്‍ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ വരെ കോണ്‍ഗ്രസില്‍ എത്തുന്നു.14 വേദികളില്‍ ഒരേ സമയം ചര്‍ച്ചകള്‍ നടക്കും.പ്രശസ്ത ശാസ്ത്രജ്ഞന്മാര്‍ സെമിനാറുകള്‍ക്ക് നേതൃത്വം നല്‍കും.'ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളി ദേശീയ കാഴ്ചപ്പാടില്‍' എന്നതാണ് കോണ്‍ഗ്രസ്സില്‍ മുഖ്യ വിഷയമായി എടുത്തിരിക്കുന്നത്.പ്രധാന മന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങ് ജനവരി 3 ന് ഞായറാഴ്ച രാവിലെ 10.15 ന് ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും.കുട്ടികളുടെ ശാസ്ത്ര കോണ്‍ഗ്രസ്,ശാസ്ത്ര പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.ഡിസംബര്‍ 31 വ്യാഴാഴ്ച മുതല്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ തിരുവനന്തപുരത്ത് എത്തിത്തുടങ്ങും.പ്രധാനമന്ത്രിയും പ്രമുഖ ശാസ്ത്രജ്ഞന്മാരും പങ്കെടുക്കുന്നതിനാല്‍ തലസ്ഥാനത്ത് കനത്ത സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു.

2009, ഡിസംബർ 23, ബുധനാഴ്‌ച

യു.എ.ഖാദറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

സുപ്രസിദ്ധ കഥാകാരന്‍ യു എ ഖാദര്‍ 2009 ലെ കേന്ദ്ര സാഹിത്യ അവാര്‍ഡിന് അര്‍ഹനായി.അദ്ദേഹത്തിന്‍റെ 'തൃക്കോട്ടൂര്‍ പെരുമ'യ്ക്കാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്.മലയാളത്തനിമ മുറ്റി നില്‍ക്കുന്ന അദ്ദേഹത്തിന്‍റെ കഥകളെല്ലാം അനുവാചക ഹൃദയങ്ങളെ സ്വാധീനിച്ചവയാണ്.ഈ കൃതിക്ക് 1984 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയിരുന്നു.അമ്പതോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ തൃക്കോട്ടൂരിന്‍റെ ഈ കഥാകാരന്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റാണ്.ജന്മം കൊണ്ട് ബര്‍മ്മക്കാരനാണെന്കിലും കൊയിലാണ്ടിക്കടുത്തുള്ള പന്തലായനിയിലാണ് വളര്‍ന്നത്‌.ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ചിത്രകല അഭ്യസിച്ച അദ്ദേഹം തന്റെ മാധ്യമമായി തെരഞ്ഞെടുത്തത് കഥയാണ്.1955 മുതല്‍ ആനുകാലികങ്ങളില്‍ എഴുതിത്തുടങ്ങി.കേരള സര്‍ക്കാര്‍ സര്‍വീസിലും ആകാശവാണിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.തന്റെ ഗ്രാമത്തെ ഇത്രമേല്‍ ഇഷ്ടപ്പെടുകയും തൃക്കോട്ടൂരിനെ പുറം ലോകത്തിനു കാട്ടിക്കൊടുക്കുകയും ചെയ്ത ഈ കഥാകാരന്‍ തന്‍റെ ചുറ്റുമുള്ള കഥാപാത്രങ്ങളെ തന്മയത്തത്തോടെ വരച്ചു കാണിച്ചു.തച്ചന്‍ കുന്നിലെ രജിസ്ട്റാപ്പീസും, കീഴൂരിലെ പുവെടിത്തറയുമെല്ലാം തൃക്കോട്ടൂര്‍ കഥകളിലെ പശ്ചാത്തലങ്ങളില്‍ ചിലത് മാത്രം .വടകര ചന്തയില്‍ ചൂടി വില്‍ക്കുന്ന പെണ്ണുങ്ങളും, മേപ്പയൂരിലെ കണാരപണിക്കരും തൃക്കോട്ടൂര്‍ കഥകളില്‍ മിന്നിമറയുന്നു.കേരള സാഹിത്യ അക്കാദമി,കേരള ലളിതകലാ അക്കാദമി,സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം എന്നിവയില്‍ അദ്ദേഹം അംഗമായിട്ടുണ്ട്.അബുദാബി ശക്തി അവാര്‍ഡ്,മലയാറ്റൂര്‍ അവാര്‍ഡ്,എസ്. കെ പൊറ്റെക്കാട്‌ അവാര്‍ഡ്,സി .എച്ച്. മുഹമ്മദുകോയ സാഹിത്യ അവാര്‍ഡ് തുടങ്ങി മറ്റു പുരസ്കാരങ്ങളും യു എ ഖാദര്‍ നേടിയിരുന്നു. അമ്പതിനായിരം രൂപയും ഫലകവും ഉള്‍പ്പെട്ട അവാര്‍ഡ് 2010 ഫിബ്രവരി 16 ന് കേന്ദ്ര സാഹിത്യ അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് സമ്മാനിക്കും.

2009, ഡിസംബർ 19, ശനിയാഴ്‌ച

കേരള രാജ്യാന്തര ചലച്ചിത്ര മേള കൊടിയിറങ്ങി


തിരുവനന്തപുരത്ത് നടന്നു വന്ന പതിനാലാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള സമാപിച്ചു.മേളയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാര്‍ഡായ സുവര്‍ണ്ണ ചകോരം ഇറാനിയന്‍ ചിത്രമായ അസ്ഗര്‍ ഫര്‍ഹാദിയുടെ എബൌട്ട്‌ എല്ലിയും,ഇന്തോനേഷ്യന്‍ ചിത്രമായ രവി ഭാര്‍വാനിയുടെ ഫിഷിംഗ് ഫ്ലാറ്റ്ഫോമും പങ്കുവെച്ചു . ഏറ്റവും നല്ല സംവിധായകനുള്ള രജത ചകോരം അവാര്‍ഡ് താജിക്കിസ്ഥാന്‍ ചിത്രമായ ട്രൂ നൂണ്‍ സംവിധാനം ചെയ്ത നസീര്‍ സയ്ദോവിന് ലഭിച്ചു.മേളയിലെ പ്രേക്ഷകര്‍ ഏറ്റവും നല്ല ചിത്രമായി ട്രൂ നൂണ്‍ തിരഞ്ഞെടുത്തു.നവാഗത സംവിധായകനുള്ള രജത ചകോരം അവാര്‍ഡ് മൈ സീക്രട്ട് സ്കൈ സംവിധാനം ചെയ്ത മസോദ സ്കയിയാന നേടി.അര്‍ജന്‍റീനിയന്‍ ചിത്രമായ എ ഫ്ലൈ ഇന്‍ ദി ആഷസ് മികച്ച ചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡിന് അര്‍ഹമായി.ജോഷി മാത്യുവിന്റെ പത്താം നിലയിലെ തീവണ്ടി മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡ് കരസ്ഥമാക്കി.മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാര്‍ഡ് ഫിഷിംഗ് ഫ്ലാറ്റ്ഫോമും,ഏറ്റവും നല്ല മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാര്‍ഡ് കേരള കഫെയും നേടി.സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബി അദ്ധ്യക്ഷത വഹിച്ച സമാപന ചടങ്ങില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനനന്ദന്‍ സുവര്‍ണ്ണ ചകോരം അവാര്‍ഡുകള്‍ വിതരണം ചെയ്തു.

2009, ഡിസംബർ 12, ശനിയാഴ്‌ച

ചലച്ചിത്രോല്‍സവത്തിനു തിരുവനന്തപുരത്ത് തിരി തെളിഞ്ഞു


പതിനാലാമത് രജ്യാന്തര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് ദീപം തെളിഞ്ഞു .നിശാഗന്ധി ഓപണ്‍ എയര്‍ സ്റ്റേജില്‍ പ്രശസ്ത സംവിധായകന്‍ മൃണാള്‍ സെന്‍, നിരവധി സിനിമാ പ്രവര്‍ത്തകരെയും ചലച്ചിത്രാസ്വാദകരേയും സാക്ഷി നിര്‍ത്തി മേളയ്ക്ക് തുടക്കം കുറിച്ചു.ലോക സിനിമയ്ക്ക് മൃണാള്‍ സെന്‍ നല്കിയ സംഭാവനയെ മുന്‍നിര്‍ത്തി മൂന്നു ലക്ഷം രൂപയുടെ പുരസ്കാരം അദ്ദേഹത്തിന് സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബി സമ്മാനിച്ചു.പഴയ തലമുറയിലെ പ്രസിദ്ധ നടി ശര്‍മ്മിളാ ടാഗോറിനെ കേന്ദ്ര മന്ത്രി ശശി തരൂരും ഫ്രഞ്ച് അംബാസഡര്‍ ജറോം ബോണോഫെന്റിനെ മേയര്‍ സി ജയന്‍ ബാബുവും ചടങ്ങില്‍ വച്ചു പൊന്നാട അണിയിച്ചു.കേരളത്തിന്റെ അഭിമാനമായ ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയ്ക്കും ചടങ്ങില്‍ ഉപഹാരം നല്‍കി.ഉത്ഘാടന ചിത്രങ്ങളായ അവസാനത്തെ അത്താഴവും, ഇരുളിലേക്കൊരു ചുവടും കാണികള്‍ക്ക് വേറിട്ടൊരു ചലച്ചിത്രാനുഭവമായി മാറി.മത്സര വിഭാഗം ചിത്രങ്ങളുടെ സ്ക്രീനിംഗ് ശനിയാഴ്ച ആരംഭിക്കും.ലോഹിതദാസിന്റെ ഭൂതക്കണ്ണാടിയുംലോകസിനിമാ വിഭാഗത്തില്‍ പഴശ്ശിരാജയും പ്രദര്‍ശിപ്പിക്കും.11 വിഭാഗങ്ങളിലായി 164 ചിത്രങ്ങള്‍ മേളയില്‍ കാണിക്കുന്നുണ്ട്.ഏഴായിരത്തിലേറെ ഡലിഗേറ്റുകള്‍ പങ്കെടുക്കുന്ന മേള 18 ന് സമാപിക്കും.

2009, ഡിസംബർ 9, ബുധനാഴ്‌ച

അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് കോഴിക്കോട്ട് തുടക്കമായി

കേരള ഭാഷാ ഇന്സിറ്റിട്യൂട്ട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേള കോഴിക്കോട്ട് ഡോ.സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്തു.മാവൂര്‍ റോഡില്‍ അരയിടത്ത് പാലത്തിനു സമീപം കമലാ സുരയ്യാ നഗറില്‍ ഒരുക്കിയ പുസ്തകമേളയും സാംസ്കാരികോത്സവവും ഡിസംബര്‍ 15 ന് സമാപിക്കും.മേയര്‍ എം ഭാസ്കരന്‍ അദ്ധ്യക്ഷത വഹിച്ച ഉത്ഘാടനചടങ്ങില്‍ ഇസ്രായേലി എഴുത്തുകാരി സൂസന്‍ നഥാന്‍ മുഖ്യാതിഥിയായിരുന്നു.കെ ഇ എന്‍ കുഞ്ഞഹമ്മദിന്‍റെ 'സമൂഹം, സാഹിത്യം, സംസ്കാരം 'എന്ന പുസ്തകം ഡോ.സുകുമാര്‍ അഴീക്കോട് പ്രകാശനം ചെയ്തു.എ പ്രദീപ്കുമാര്‍ എം എല്‍ എ,ഭാഷാ ഇന്സ്റ്റിട്യൂട്ട് ഡയരക്ടര്‍ ഡോ.പി കെ പോക്കര്‍,യു എ ഖാദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി ഗസലുകള്‍ അവതരിപ്പിച്ചു.സര്‍ക്കാരിന്‍റെ സാംസ്കാരിക സ്ഥാപനങ്ങള്‍,സര്‍വ്വകലാശാലകള്‍ എന്നിവയുടെ പുസ്തകങ്ങളെ കൂടാതെ മറ്റു പ്രസാധകരുടെ ഇംഗ്ലീഷ്,ഹിന്ദി പുസ്തകങ്ങളും മേളയില്‍ വില്‍പ്പനയ്ക്കുണ്ട്.30 മുതല്‍ 50 ശതമാനം വരെ കിഴിവും നല്‍കുന്നുണ്ട്.വിദ്യാര്‍ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും സ്കൂളുകള്‍ക്കും പ്രത്യേകം ഇളവുകളും അനുവദിച്ചിട്ടുണ്ട്.ഗ്രാന്‍ഡ് ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സമ്മാനക്കൂപ്പണുകളും മേളയില്‍ ലഭ്യമാണ്.പുസ്തകമേളയുടെ ഭാഗമായി സെമിനാറുകള്‍,കമലാ സുരയ്യ അനുസ്മരണം, പുസ്തകപ്രകാശനം,കുട്ടികള്‍ക്കായുള്ള ചിത്രരചനാമത്സരം,കവിയരങ്ങ്,പ്രസാധക സമ്മേളനം,കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.