2009, ഡിസംബർ 9, ബുധനാഴ്‌ച

അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് കോഴിക്കോട്ട് തുടക്കമായി

കേരള ഭാഷാ ഇന്സിറ്റിട്യൂട്ട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേള കോഴിക്കോട്ട് ഡോ.സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്തു.മാവൂര്‍ റോഡില്‍ അരയിടത്ത് പാലത്തിനു സമീപം കമലാ സുരയ്യാ നഗറില്‍ ഒരുക്കിയ പുസ്തകമേളയും സാംസ്കാരികോത്സവവും ഡിസംബര്‍ 15 ന് സമാപിക്കും.മേയര്‍ എം ഭാസ്കരന്‍ അദ്ധ്യക്ഷത വഹിച്ച ഉത്ഘാടനചടങ്ങില്‍ ഇസ്രായേലി എഴുത്തുകാരി സൂസന്‍ നഥാന്‍ മുഖ്യാതിഥിയായിരുന്നു.കെ ഇ എന്‍ കുഞ്ഞഹമ്മദിന്‍റെ 'സമൂഹം, സാഹിത്യം, സംസ്കാരം 'എന്ന പുസ്തകം ഡോ.സുകുമാര്‍ അഴീക്കോട് പ്രകാശനം ചെയ്തു.എ പ്രദീപ്കുമാര്‍ എം എല്‍ എ,ഭാഷാ ഇന്സ്റ്റിട്യൂട്ട് ഡയരക്ടര്‍ ഡോ.പി കെ പോക്കര്‍,യു എ ഖാദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി ഗസലുകള്‍ അവതരിപ്പിച്ചു.സര്‍ക്കാരിന്‍റെ സാംസ്കാരിക സ്ഥാപനങ്ങള്‍,സര്‍വ്വകലാശാലകള്‍ എന്നിവയുടെ പുസ്തകങ്ങളെ കൂടാതെ മറ്റു പ്രസാധകരുടെ ഇംഗ്ലീഷ്,ഹിന്ദി പുസ്തകങ്ങളും മേളയില്‍ വില്‍പ്പനയ്ക്കുണ്ട്.30 മുതല്‍ 50 ശതമാനം വരെ കിഴിവും നല്‍കുന്നുണ്ട്.വിദ്യാര്‍ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും സ്കൂളുകള്‍ക്കും പ്രത്യേകം ഇളവുകളും അനുവദിച്ചിട്ടുണ്ട്.ഗ്രാന്‍ഡ് ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സമ്മാനക്കൂപ്പണുകളും മേളയില്‍ ലഭ്യമാണ്.പുസ്തകമേളയുടെ ഭാഗമായി സെമിനാറുകള്‍,കമലാ സുരയ്യ അനുസ്മരണം, പുസ്തകപ്രകാശനം,കുട്ടികള്‍ക്കായുള്ള ചിത്രരചനാമത്സരം,കവിയരങ്ങ്,പ്രസാധക സമ്മേളനം,കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല: