2009, ഡിസംബർ 23, ബുധനാഴ്‌ച

യു.എ.ഖാദറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

സുപ്രസിദ്ധ കഥാകാരന്‍ യു എ ഖാദര്‍ 2009 ലെ കേന്ദ്ര സാഹിത്യ അവാര്‍ഡിന് അര്‍ഹനായി.അദ്ദേഹത്തിന്‍റെ 'തൃക്കോട്ടൂര്‍ പെരുമ'യ്ക്കാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്.മലയാളത്തനിമ മുറ്റി നില്‍ക്കുന്ന അദ്ദേഹത്തിന്‍റെ കഥകളെല്ലാം അനുവാചക ഹൃദയങ്ങളെ സ്വാധീനിച്ചവയാണ്.ഈ കൃതിക്ക് 1984 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയിരുന്നു.അമ്പതോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ തൃക്കോട്ടൂരിന്‍റെ ഈ കഥാകാരന്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റാണ്.ജന്മം കൊണ്ട് ബര്‍മ്മക്കാരനാണെന്കിലും കൊയിലാണ്ടിക്കടുത്തുള്ള പന്തലായനിയിലാണ് വളര്‍ന്നത്‌.ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ചിത്രകല അഭ്യസിച്ച അദ്ദേഹം തന്റെ മാധ്യമമായി തെരഞ്ഞെടുത്തത് കഥയാണ്.1955 മുതല്‍ ആനുകാലികങ്ങളില്‍ എഴുതിത്തുടങ്ങി.കേരള സര്‍ക്കാര്‍ സര്‍വീസിലും ആകാശവാണിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.തന്റെ ഗ്രാമത്തെ ഇത്രമേല്‍ ഇഷ്ടപ്പെടുകയും തൃക്കോട്ടൂരിനെ പുറം ലോകത്തിനു കാട്ടിക്കൊടുക്കുകയും ചെയ്ത ഈ കഥാകാരന്‍ തന്‍റെ ചുറ്റുമുള്ള കഥാപാത്രങ്ങളെ തന്മയത്തത്തോടെ വരച്ചു കാണിച്ചു.തച്ചന്‍ കുന്നിലെ രജിസ്ട്റാപ്പീസും, കീഴൂരിലെ പുവെടിത്തറയുമെല്ലാം തൃക്കോട്ടൂര്‍ കഥകളിലെ പശ്ചാത്തലങ്ങളില്‍ ചിലത് മാത്രം .വടകര ചന്തയില്‍ ചൂടി വില്‍ക്കുന്ന പെണ്ണുങ്ങളും, മേപ്പയൂരിലെ കണാരപണിക്കരും തൃക്കോട്ടൂര്‍ കഥകളില്‍ മിന്നിമറയുന്നു.കേരള സാഹിത്യ അക്കാദമി,കേരള ലളിതകലാ അക്കാദമി,സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം എന്നിവയില്‍ അദ്ദേഹം അംഗമായിട്ടുണ്ട്.അബുദാബി ശക്തി അവാര്‍ഡ്,മലയാറ്റൂര്‍ അവാര്‍ഡ്,എസ്. കെ പൊറ്റെക്കാട്‌ അവാര്‍ഡ്,സി .എച്ച്. മുഹമ്മദുകോയ സാഹിത്യ അവാര്‍ഡ് തുടങ്ങി മറ്റു പുരസ്കാരങ്ങളും യു എ ഖാദര്‍ നേടിയിരുന്നു. അമ്പതിനായിരം രൂപയും ഫലകവും ഉള്‍പ്പെട്ട അവാര്‍ഡ് 2010 ഫിബ്രവരി 16 ന് കേന്ദ്ര സാഹിത്യ അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് സമ്മാനിക്കും.

അഭിപ്രായങ്ങളൊന്നുമില്ല: