2009, മാർച്ച് 12, വ്യാഴാഴ്‌ച

നബിദിനം നാടെങ്ങും ആഘോഷിച്ചു

പ്രവാചകന്‍ മുഹമ്മദ് നബി (സ.അ)യുടെ ജന്മദിനമായ റബീഉല്‍ അവ്വല്‍ 12, വിശ്വാസികള്‍ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ ലോകത്തിലെ ഇതര ഭാഗങ്ങളോടൊപ്പം കേരളത്തിലും നബിദിനമായി ആഘോഷിച്ചു.തെക്കന്‍ കേരളത്തില്‍ മാര്‍ച്ച് 9 നും വടക്കന്‍ കേരളത്തില്‍ മാര്‍ച്ച് 10 നുമായിരുന്നു നബിദിനം കൊണ്ടാടിയത്.മുസ്ലിം മതസംഘടനകളുടെ ആഭിമുഖ്യത്തില്‍ മദ്രസകള്‍,മഹല്ലുകള്‍,പള്ളികള്‍ എന്നിവ കേന്ദ്രീകരിച്ച് നബിദിന റാലികള്‍,മൌലൂദ് പാരായണം,പ്രഭാഷണങ്ങള്‍,മറ്റ് സാംസ്കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിച്ചിരുന്നു.
ആഘോഷപരിപാടികളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.കേന്ദ്ര-സംസ്ഥാന സര്‍ക്കാരാപ്പീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതലായവയ്ക്ക് മിലാദ് ശരീഫ് പ്രമാണിച്ചു അവധി നല്‍കിയിരുന്നു.നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ അറേബ്യയിലെ മക്കയില്‍ ഖുറൈഷി ഗോത്രത്തിലെ അബ്ദുല്‍ മുത്തലിബിന്റെ മകനായ അബ്ദുള്ളയുടെയും ആമിനാബീവിയുടെയും മകനായി റബീഉല്‍ അവ്വല്‍ 12 നാണ് പ്രവാചകന്‍ ജനിച്ചത്‌.റസൂല്‍ ഗര്‍ഭസ്ഥശിശുവായിരിക്കുന്പോള്‍ തന്നെ പിതാവായ അബ്ദുള്ള മരണപ്പെട്ടു പോയതിനാല്‍ പിതാമഹനായ അബ്ദുല്മുത്തലിബിന്റെയും അദ്ദേഹത്തിന്റെ മരണശേഷം പിതൃസഹോദരനായ അബൂതാലിബിന്റെയും സംരക്ഷണത്തില്‍ വളര്‍ന്നു വന്ന മുഹമ്മദ് മക്കാനിവാസികളുടെ കണ്ണിലുണ്ണിയായി വളരുകയും, വിശ്വസ്തന്‍ എന്ന അര്‍ഥം വരുന്ന അല്‍- അമീന്‍ എന്ന പേരു സന്ബാദിക്കുകയും ചെയ്തു .യുവാവായിരിക്കെ മക്കയിലെ വര്‍ത്തക പ്രമുഖയായ ഖദീജ ബീവിയുടെ കച്ചവടസംഘത്തില്‍ അംഗമാവുകയും താമിസയാതെ ഖദീജ ബീവിയെ വിവാഹം ചെയ്യുകയുമുണ്ടായി.നാല്‍പ്പതാമത്തെ വയസ്സില്‍ പ്രവാചകപദവി ലഭിയ്ക്കുകയും, ഇസ്ലാം മതത്തിന്റെ വളര്‍ച്ചക്ക്‌ മരണം വരെയും തൌഹീദിന്റെ മാര്‍ഗ്ഗത്തില്‍ ചരിക്കുകയും ചെയ്തത് ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു .

അഭിപ്രായങ്ങളൊന്നുമില്ല: