2009, മാർച്ച് 23, തിങ്കളാഴ്‌ച

കോണ്ഗ്രസ്സിന്‍റെ ഒറ്റപ്പെടല്‍ പൂര്‍ണ്ണതയിലേക്ക്

തെരഞ്ഞെടുപ്പ് തിയ്യതി അടുത്തുവരുമ്പോള്‍ ദേശീയതലത്തില്‍ യുപിഎ ഘടക കക്ഷികളില്‍ നിന്നും കോണ്ഗ്രസ് കൂടുതല്‍ ഒറ്റപ്പെടുന്ന ചിത്രമാണ് സംസ്ഥാനങ്ങളില്‍ തെളിഞ്ഞു വരുന്നത്.തുടക്കത്തില്‍ ഒരു പാര്‍ട്ടിയുമായും അഖിലേന്ത്യാ അടിസ്ഥാനത്തില്‍ സഖ്യം ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ്സിനു സംസ്ഥാനങ്ങളില്‍ കൂട്ടുകെട്ടിന് ശ്രമം നടത്തേണ്ടിവന്നു.ഏതോ ഒരു വിദേശ ഏജന്‍സി നടത്തിയ സര്‍വ്വേയില്‍ നേരിയമുന്തൂക്കം ലഭിക്കുമെന്ന് കണ്ടതിലുള്ള അമിതമായ ആത്മവിശ്വാസം കോണ്‍ഗ്രസ്സിനെ വഴി തെറ്റിക്കുകയായിരുന്നു.ഏറ്റവും കൂടുതല്‍ എംപി മാരെ ലോക്സഭയിലേക്കു പറഞ്ഞയക്കുന്ന യുപി യില്‍ മുലായം സിംഗ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുമായി കൂട്ട് കൂടാനുള്ള കോണ്‍ഗ്രസ്സിന്റെ ശ്രമം പൊളിഞ്ഞു. നാല്‍പ്പത് സീറ്റുകളുള്ള ബീഹാറില്‍ സ്ഥിതി കൂടുതല്‍ പരുങ്ങലിലാണ്.യുപിഎ സര്‍ക്കാരില്‍ അംഗങ്ങളായ ലാലുവും പാസ്വാനും ചേര്‍ന്ന്‌ കോണ്‍ഗ്രസ്സിനെ ഒതുക്കുകയായിരുന്നു.വെറും മൂന്നു സീറ്റുമാത്രം അനുവദിച്ചതില്‍ പ്രതിഷേധിച്ച് ലാലുവും പാസ്വാനും മല്‍സരിക്കുന്ന മണ്ഡലങ്ങളിലൊഴികെ മറ്റെല്ലാ സീറ്റുകളിലും സ്വന്തമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ഒരുങ്ങുകയാണ്.യുപിഎ യുടെ വേറൊരു ഘടക കക്ഷിയായ ഝാര്‍ക്കണ്ഡിലെ ജെഎംഎം കോണ്‍ഗ്രസ്സുമായി തെറ്റി എല്ലാ സീറ്റുകളിലും മല്‍സരിക്കുമെന്ന് ഷിബു സോറന്‍റെ മകന്‍ ദുര്‍ഗ്ഗ സോറന്‍ പ്രഖ്യാപിച്ചു.മഹാരാഷ്ട്റയില്‍ എന്‍സിപി-കോണ്‍ഗ്രസ് കൂട്ടുകെട്ട് നിലവില്‍ വന്നെന്കിലും മുന്നണിയെ പിന്താങ്ങുന്ന ആര്‍പിഐ ക്ക് ആര് സീറ്റ് നല്കും എന്നതിനെ ചൊല്ലി തര്‍ക്കം തുടരുന്നു.
തമിഴ് നാട്ടില്‍ പി എം കെ (പട്ടാളി മക്കള്‍ കക്ഷി)ഡിഎംകെ മുന്നണി വിട്ടു ജയലളിതയുടെ കൂടെ ചേരാന്‍ ഒരുങ്ങുന്നു.തെരഞ്ഞെടുപ്പ് ദിവസമെത്തുന്പോള്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.

1 അഭിപ്രായം:

അല്‍ഭുത കുട്ടി പറഞ്ഞു...

ഇത് കൊണ്ടൊക്കെ എന്ത് പ്രശ്നം എന്റെ മാഷേ. മടി ശീലയില്‍ കാശുണ്ടെങ്കില്‍ സീറ്റിനാനോ പഞ്ഞം. ആണവകരാര്‍ വോട്ടെടുപ്പില്‍ കണ്ടതല്ലേ അങ്കം.തെരെഞ്ഞെടുപ്പ് കഴിഞാല്‍ ഇനി കോണ്‍ഗ്രസ്സിന്റെ പിന്തുണ വേണം ആര്‍ക്കും. കളി ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല. ഒറ്റപ്പെട്ടാലും പുല്ലാണ് കോണ്‍ഗ്രസ്സിന്.
1.രാഷ്ട്രീയ കൂട്ടികൊടുപ്പ്
2.പണം
3.വര്‍ഗ്ഗീയത
എന്നീ മേഖലകളില്‍ എക്കാലത്തെയും താരങ്ങളാണ് അരങ്ങില്‍. ജയ് ഹിന്ദ്