കര്‍ണ്ണാടകസംഗീത പ്രേമികള്‍ക്ക് 5 ദിവസത്തെ സംഗീത വിരുന്ന് ഒരുക്കികൊണ്ട് ത്യാഗരാജ ആരാധനാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മുപ്പതാമത് ത്യാഗരാജ ആരാധനാ ഉത്സവം ശെമ്മാങ്കുടി നഗറില്‍(തളി പത്മശ്രീ കല്യാണമണ്ഡപം)തുടക്കമായി.സീനിയര്‍ വിദുഷി ശ്രീമതി നീലാ രാംഗോപാല്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ആകാശവാണി കോഴിക്കോട് നിലയം ഡയരക്ടര്‍ കെ.രാജന്‍,സംഗീത ചികിത്സാ വിദഗ്ധന്‍ ഡോ.ടി.പി.മെഹറൂഫ് രാജ് എംഡി എന്നിവര്‍ സംസാരിച്ചു.മാനേജിങ്ങ് ട്രസ്റ്റി ഡോ.എ രാമനാഥന്‍ സ്വാഗതവും ട്രസ്റ്റി എം ഡി രാജാമണി നന്ദിയും പറഞ്ഞു.തുടര്‍ന്ന് സംഗീത പരിപാടികള്‍ അരങ്ങേറി.കുട്ടികളുടെ സംഗീതാര്‍ച്ചന,കുമാരി ശ്രീരഞ്ജിനി,സുമിത്ര നിധിന്‍,സുമിത്ര വാസുദേവ്,നീലാ രാംഗോപാല്‍,വിഷ്ണു ഭാട്ടിയ സഹോദരിമാര്‍ എന്നിവരുടെ കച്ചേരിയും, ചിത്ര നാരായണ സ്വാമിയുടെ വീണക്കച്ചേരിയും ആദ്യ ദിവസം തന്നെ അവതരിപ്പിക്കപ്പെട്ടു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേരളത്തിനകത്തും പുറത്തുമുള്ള സംഗീത പ്രതിഭകളുടെ കച്ചേരികളും കുട്ടികളുടെ സംഗീതാര്‍ച്ചനയും ഉണ്ടാവും.സംഗീതോല്‍സവം ഫിബ്രവരി 3 ന് സമാപിക്കും.
2010, ജനുവരി 30, ശനിയാഴ്‌ച
2010, ജനുവരി 18, തിങ്കളാഴ്‌ച
ദേശാഭിമാനി മലപ്പുറം എഡിഷന്‍ തുടങ്ങി
ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന്‍റെ മുന്നണിപ്പോരാളി വംഗനാടിന്‍റെ വീരപുത്രന്‍ ജ്യോതിബസുവിന്‍റെ വേര്‍പാട് സൃഷ്‌ടിച്ച ദുഖസാന്ദ്രമായ അന്തരീക്ഷത്തില്‍ ദേശാഭിമാനിയുടെ മലപ്പുറം എഡിഷന് തുടക്കമായി.വെള്ളപ്പട്ടാളത്തിന്‍റെ നിറതോക്കുകള്‍ക്കു മുമ്പില്‍ വിരിമാറ് കാട്ടി വീരമൃത്യു വരിച്ച ധീരദേശാഭിമാനികളുടെ ചുടുചോര വീണു ചുവന്ന ഏറനാടിന്‍റെ മണ്ണില്‍ നിന്നും ,സാമ്രാജ്യത്വത്തിനും മുതലാളിത്വത്തിനുമെതിരെ സന്ധിയിയില്ലാത്ത പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിപ്ലവപ്രസ്ഥാനത്തിന്‍റെ ജിഹ്വയായ ദേശാഭിമാനിയുടെ ഒമ്പതാമത്തെ എഡിഷന്‍ ഇനി ജനങ്ങളുടെ കൈകളിലേക്ക്.തന്‍റെ കുടുംബസ്വത്ത് വിറ്റു കിട്ടിയ തുക പാര്‍ട്ടിപത്രത്തിന് നല്‍കുകയും ,ആയുഷ്ക്കാലം മുഴുവന്‍ പ്രസ്ഥാനത്തിനും ദേശാഭിമാനിക്കും വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത മഹാനായ ഇ എം എസ്സിന്‍റെ ജന്മനാട്ടില്‍ നിന്നും പത്രത്തിന്റെ പതിപ്പ് എന്ന ചിരകാലസ്വപ്നമാണ് ഇതോടെ സാക്ഷാല്‍ക്കരിക്കപ്പെട്ടിരിക്കുന്നത്.മലപ്പുറം എം എസ് പി ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞ ജനസഞ്ചയത്തെ സാക്ഷി നിര്‍ത്തി സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയും പി ബി അംഗവുമായ പിണറായി വിജയന്‍ എഡിഷന്‍ പുറത്തിറക്കി.ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങില്‍ തദ്ദേശവകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി,ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി,എംപിമാരായ എ വിജയരാഘവന്‍,ഇ ടി മുഹമ്മദ് ബഷീര്‍,എംഎല്‍ എ മാരായ കെ ടി ജലീല്‍,മഞ്ഞളാംകുഴി അലി,പാര്‍ട്ടി ജില്ലാസെക്രട്ടറി കെ ഉമ്മര്‍ മാസ്റ്റര്‍,മാധ്യമ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.സിനിമാ നടന്‍ കലാഭവന്‍ മണി ദേശാഭിമാനി മലപ്പുറം യൂനിറ്റ് സന്ദര്‍ശിച്ചു.സ്വാഗതസംഘം ചെയര്‍മാന്‍ ടി കെ ഹംസ സ്വാഗതം പറഞ്ഞ ചടങ്ങില്‍ യൂനിറ്റ് മാനേജര്‍ ഇ എന്‍ മോഹന്‍ദാസ് കൃതജ്ഞത പ്രകാശിപ്പിച്ചു.
2010, ജനുവരി 15, വെള്ളിയാഴ്‌ച
സ്കൂള്‍ കലോത്സവം കോഴിക്കോട്ട് കൊടിയിറങ്ങി
കോഴിക്കോട്ടെ ജനാവലിക്ക് കലാമാമാങ്കത്തിന്റെ ഏഴു രാപ്പലുകള്‍ സമ്മാനിച്ച കേരള സ്കൂള്‍ കലോത്സവത്തിന്റെ സുവര്‍ണ്ണ ജൂബിലി നിറപ്പകിട്ടാര്‍ന്ന ചടങ്ങുകളോടെ സമാപിച്ചു.790 പോയിന്‍റുകള്‍ നേടി തുടര്‍ച്ചയായി നാലാം തവണയും ആതിഥേയരായ കോഴിക്കോട് ജില്ല സ്വര്‍ണ്ണകപ്പ് കരസ്ഥമാക്കി കലോത്സവചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതി ചേര്‍ത്തു.723 പോയിന്റുകളോടെ കണ്ണൂര്‍ രണ്ടാം സ്ഥാനത്തും,720 പോയിന്റുകള്‍ നേടിയ തൃശ്ശൂര്‍ മൂന്നാം സ്ഥാനത്തുമെത്തി.ഹൈസ്കൂള്‍ വിഭാഗത്തില്‍ കോഴിക്കോട്ടെ സില്‍വര്‍ ഹില്‍സ് സ്കൂളും,ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഇടുക്കിയിലെ കുമാരമംഗലം എം കെ എന്‍ എം സ്കൂളും ചാമ്പ്യന്മാരായി.മാനാഞ്ചിറ മൈതാനിയില്‍ തിങ്ങി നിറഞ്ഞ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ഗാനഗന്ധര്‍വന്‍ ഡോ .കെ.ജെ .യേശുദാസ് സമ്മാനദാനം നിര്‍വ്വഹിച്ചു.സമാപനസമ്മേളനം വിദ്യാഭ്യാസമന്ത്രി എം എ ബേബിയുടെ അദ്ധ്യക്ഷതയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി മുഖ്യാതിഥിയായ ചടങ്ങില്‍ വ്യവസായമന്ത്രി എളമരം കരീം,എം പി മാരായ എം കെ രാഘവന്‍,എം ഐ ഷാനവാസ്,എം പി അച്യുതന്‍,മേയര്‍ എം ഭാസ്കരന്‍, എം എല്‍ എ മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.സമ്മാനര്‍ഹമായ ഇനങ്ങള്‍ വേദിയില്‍ വീണ്ടും അവതരിപ്പിച്ചു.എം കെ രാഘവന്‍ എം പി ഒരു പാട്ട് പാടിയതും യേശുദാസും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും കൂടെ ചേര്‍ന്നതും സദസ്സിന് ഹരം പകര്‍ന്നു.അടുത്ത വര്‍ഷത്തെ സ്കൂള്‍ കലോത്സവം നടക്കുന്ന കോട്ടയത്തിന് കലോത്സവപതാക കൈമാറി.
സ്വര്‍ണ്ണകപ്പ് ഉറപ്പുവരുത്തി കോഴിക്കോട് മുന്നേറ്റം തുടരുന്നു
സ്കൂള്‍ കലോത്സവത്തിന് തിരശ്ശീല വീഴാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആതിഥേയരായ കോഴിക്കോട് ജില്ല സ്വര്‍ണ്ണകപ്പ് ഉറപ്പിച്ചു കൊണ്ട് പോയിന്റ് നിലയില്‍ ബഹുദൂരം മുന്നില്‍.ഏറ്റവും ഒടുവിലെ നിലയനുസരിച്ച് ഹൈസ്കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും 7 വീതം ഇനങ്ങള്‍ മാത്രമേ ഇനി നടക്കാനുള്ളു.പോയിന്റ് നില ചുവടെ കൊടുക്കുന്നു.
കോഴിക്കോട് -726 ,കണ്ണൂര്‍-669 ,തൃശൂര്‍-664 ,പാലക്കാട്-659 ,എറണാകുളം-630 ,മലപ്പുറം -623തിരുവനന്തപുരം-615 ,കൊല്ലം-606 ,കോട്ടയം-601 ,കാസര്‍ഗോഡ്-594 ,ആലപ്പുഴ-581 ,വയനാട്-527 ,പത്തനംതിട്ട-500 ,ഇടുക്കി -461 എന്നിങ്ങനെയാണ് ഏറ്റവും ഒടുവിലെ പോയിന്റ് നില.കലോത്സവം വെള്ളിയാഴ്ച വൈകീട്ട് സമാപിക്കും.വിദ്യാഭ്യാസമന്ത്രി എം എ ബേബിയുടെ അദ്ധ്യക്ഷതയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി മുഖ്യാതിഥിയായ ചടങ്ങില്‍ ഗാനഗന്ധര്‍വന്‍ ഡോ.കെ ജെ.യേശുദാസ് സമ്മാന ദാനം നിര്‍വ്വഹിക്കും.വ്യവസായമന്ത്രി എളമരം കരീം സുവനീര്‍ പ്രകാശനം ചെയ്യും.എം പി മാര്‍, എം എ എല്‍ എ മാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
കോഴിക്കോട് -726 ,കണ്ണൂര്‍-669 ,തൃശൂര്‍-664 ,പാലക്കാട്-659 ,എറണാകുളം-630 ,മലപ്പുറം -623തിരുവനന്തപുരം-615 ,കൊല്ലം-606 ,കോട്ടയം-601 ,കാസര്‍ഗോഡ്-594 ,ആലപ്പുഴ-581 ,വയനാട്-527 ,പത്തനംതിട്ട-500 ,ഇടുക്കി -461 എന്നിങ്ങനെയാണ് ഏറ്റവും ഒടുവിലെ പോയിന്റ് നില.കലോത്സവം വെള്ളിയാഴ്ച വൈകീട്ട് സമാപിക്കും.വിദ്യാഭ്യാസമന്ത്രി എം എ ബേബിയുടെ അദ്ധ്യക്ഷതയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി മുഖ്യാതിഥിയായ ചടങ്ങില്‍ ഗാനഗന്ധര്‍വന്‍ ഡോ.കെ ജെ.യേശുദാസ് സമ്മാന ദാനം നിര്‍വ്വഹിക്കും.വ്യവസായമന്ത്രി എളമരം കരീം സുവനീര്‍ പ്രകാശനം ചെയ്യും.എം പി മാര്‍, എം എ എല്‍ എ മാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
2010, ജനുവരി 11, തിങ്കളാഴ്‌ച
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം സമാപിച്ചു
ഇന്ത്യന്‍ യുവത്വത്തിന്റെ വിപ്ലവപ്രസ്ഥാനവും സമരങ്ങളുടെ മുന്നണി പോരാളിയുമായ ഡി വൈ എഫ് ഐ യുടെ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉജ്വല യുവജനറാലിയോടെ സമാപിച്ചു.ശംഖുമുഖം കടപ്പുറത്ത് മറ്റൊരു ശുഭ്രസാഗരം തീര്‍ത്ത മഹാസമ്മേളനം സി പി ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്തു.സി പി ഐ (എം ) മതവിശ്വാസത്തിന് എതിരല്ലെന്നും ജീവന്‍ നല്‍കിയും മതവിശ്വാസികളെ സംരക്ഷിച്ച പാര്‍ട്ടിയാണെന്നും പിണറായി തന്റെ ഉല്‍ഘാടനപ്രസംഗത്തില്‍ പറഞ്ഞു. പാര്‍ട്ടി എതിര്‍ക്കുന്നത് മതവിശ്വാസത്തെയല്ല ,മറിച്ച് മതമൌലികതാവാദത്തെയും വര്‍ഗ്ഗീയതയേയുമാണെന്ന് പിണറായി ഓര്‍മ്മിപ്പിച്ചു.ന്യൂനപക്ഷ വര്‍ഗീയതയേയും ഭൂരിപക്ഷ വര്‍ഗീയതയേയും ഒരുപോലെ എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.കോണ്‍ഗ്രസ് പലപ്പോഴും ഭൂരിപക്ഷ വര്‍ഗീയതയെ തുണച്ചിട്ടുണ്ടെന്നും എന്‍ ഡി എഫിനെ സംരക്ഷിക്കുന്നത് മുസ്ലിംലീഗാണെന്നും പിണറായി പറഞ്ഞു.സക്കറിയാ സംഭവത്തെ പരാമര്‍ശിക്കവെ കമ്മ്യൂണിസ്റ്റ് നേതാക്കളെ അപകീര്‍ത്തിപെടുത്തുന്ന വാക്കുകള്‍ പയ്യന്നൂരില്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്ന് പിണറായി അഭിപ്രായപ്പെട്ടു.പട്ടിക ജാതി പട്ടിക വര്‍ഗ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിന് കുറവ് വരുത്താതെ, മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതില്‍ ഡി എഫ് ഐക്ക് എതിര്‍പ്പില്ലെന്നും,കോളേജ് അദ്ധ്യാപകരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു.റേഷന്‍ വിഹിതം വെട്ടിക്കുറച്ചും മറ്റും കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കെതിരെ വരും നാളുകളില്‍ വന്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കാന്‍ സമ്മേളനം തീരുമാനിച്ചു.സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റായി എം ബി രാജേഷ് എംപിയും, സെക്രട്ടറിയായി ടി വി രാജേഷും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
2010, ജനുവരി 10, ഞായറാഴ്‌ച
സ്കൂള്‍ കലോല്‍സവത്തിന് കോഴിക്കോട്ട് തിളക്കമാര്‍ന്ന തുടക്കം
ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമെന്ന ഖ്യാതി സമ്പാദിച്ച കേരള സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട്ട് തിളക്കമാര്‍ന്ന തുടക്കമായി.നിരവധി നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും മിഴിവേകിയ, ആയിരങ്ങള്‍ അണിനിരന്ന സാംസ്കാരിക ഘോഷയാത്രയോടെയായിരുന്നു കലോത്സവത്തിന് നാന്ദി കുറിച്ചത്.വൈകുന്നേരം നാലുമണിക്ക് ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച് നഗരവീഥികളില്‍ വര്‍ണ്ണപ്പോലിമ വാരിവിതറി,റോഡിന്‍റെ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ പതിനായിരങ്ങളുടെ ആശീര്‍വാദങ്ങളേറ്റുവാങ്ങി ഘോഷയാത്ര പ്രധാന വേദിയായ മാനാഞ്ചിറ മൈതാനിയില്‍ എത്തിയപ്പോള്‍ അവിടം കോഴിക്കോട്ടെ കലാസ്നേഹികള്‍ കയ്യടക്കി കഴിഞ്ഞിരുന്നു.പ്രശസ്ത കവി പി കെ ഗോപി രചിച്ച് പ്രേംകുമാര്‍ വടകര ചിട്ടപ്പെടുത്തിയ സ്വാഗത ഗാനത്തോടെയും അതിന്‍റെ ദൃശ്യാവിഷ്ക്കാരതോടെയുമായിരുന്നു ഉല്‍ഘാടനചടങ്ങുകള്‍ ആരംഭിച്ചത്.തുടര്‍ന്ന് ആകാശത്ത് പൊട്ടിവിടര്‍ന്ന വര്‍ണ്ണവിസ്മയത്തെ സാക്ഷി നിര്‍ത്തി വിദ്യാഭ്യാസ മന്ത്രി എം എ ബേബി കലോത്സവത്തിന്റെ അമ്പതാം വാര്‍ഷികത്തിന് തിരി തെളിയിച്ചു.വേദിയില്‍ സന്നിഹിതരായിരുന്ന മന്ത്രി ബിനോയ് വിശ്വം,എം കെ രാഘവന്‍ എംപി, മേയര്‍ എം ഭാസ്കരന്‍,പ്രശസ്ത കലാകാരനും ചടങ്ങിലെ മുഖ്യാതിഥിയുമായിരുന്ന ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍,പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് എന്നിവരും ദീപം തെളിച്ചു.ഉല്‍ഘാടന ചടങ്ങിനു ശേഷം പ്രധാന വേദിയായ വേദി ഒന്നില്‍ മോഹിനിയാട്ടവും മറ്റു വേദികളില്‍ മൂകാഭിനയം,കേരളനടനം,ദേശഭക്തിഗാനം,ഓടക്കുഴല്‍,വീണ എന്നീ ഇനങ്ങളും അരങ്ങേറി.
2010, ജനുവരി 9, ശനിയാഴ്‌ച
സ്കൂള്‍ കലോത്സവം അരങ്ങുകളുണരാന്‍ മണിക്കൂറുകള്‍ മാത്രം
സുവര്‍ണ്ണജൂബിലിയുടെ നിറവില്‍ കേരള സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട്ട് അരങ്ങുകളുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.കോഴിക്കോടന്‍ ഹലുവയുടെ മാധുര്യമൂറും മിഠായിത്തെരുവില്‍ നിന്നും ഒരു വിളിപ്പാടകലെ ചരിത്രമുറങ്ങുന്ന മാനാഞ്ചിറ മൈതാനിയിലെ പ്രധാന പന്തലില്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ കലോല്‍സവത്തിന് ദീപം കൊളുത്തുന്നതോടെ ഏഴു ദിവസങ്ങള്‍ നീളുന്ന കലാമാമാങ്കത്തിന് തുടക്കമാവും.തുടര്‍ന്നുള്ള ഏഴു രാപ്പകലുകള്‍ കോഴിക്കോട്ടുകാരുടെ കണ്ണും കാതും മനസ്സും കുളിര്‍പ്പിക്കാന്‍ കലാവിരുന്ന്.ജനുവരി 9 മുതല്‍ 15 വരെ നഗരത്തിലെ 16 വേദികളില്‍ 8400 മത്സരാര്‍ത്ഥികള്‍ തങ്ങളുടെ കലാപരമായ കഴിവുകള്‍ മാറ്റുരയ്ക്കും.ഒമ്പതിന് രാവിലെ 9.30 ന് പ്രധാന വേദിയായ മാനാഞ്ചിറ മൈതാനിയില്‍ പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് പതാക ഉയര്‍ത്തും.തുടര്‍ന്ന് കലോത്സവത്തിന്റെ സുവര്‍ണജൂബിലി വര്‍ഷത്തെ അനുസ്മരിച്ചു കൊണ്ട് 49 പ്രശസ്ത വ്യക്തികള്‍ കൂടി പതാകകള്‍ ഉയര്‍ത്തുന്നതാണ്.10 മണിക്ക് ബി ഇ എം ഗേള്‍സ് സ്കൂളില്‍ രജിസ്ട്റേഷന്‍ ആരംഭിക്കും.ഉച്ചയ്ക്ക് 2.30 ന് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നിന്നും നിറപ്പകിട്ടാര്‍ന്ന സാംസ്കാരിക ഘോഷയാത്ര പുറപ്പെടും.നിശ്ചല ദൃശ്യങ്ങള്‍,കലാപ്രകടനങ്ങള്‍, പെണ്‍കുട്ടികളുടെ കളരിപ്പയറ്റ് തുടങ്ങിയവ അകമ്പടി സേവിക്കുന്ന, ആയിരങ്ങള്‍ അണിനിരക്കുന്ന ഘോഷയാത്ര മാവൂര്‍ റോഡു വഴി പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിനു മുന്നിലൂടെ പ്രധാന വേദിയായ മാനാഞ്ചിറ മൈതാനിയില്‍ പ്രവേശിക്കും.തുടര്‍ന്ന് 5 മണിക്ക് പ്രൌഢഗംഭീരമായ ഉല്‍ഘാടന ചടങ്ങുകള്‍.ജില്ലയിലെ അമ്പതു സംഗീതാധ്യാപകര്‍ ചേര്‍ന്ന് ആലപിക്കുന്ന സ്വാഗത ഗാനത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ കലോല്‍സവത്തിന് തിരികൊളുത്തും.മന്ത്രി ബിനോയ് വിശ്വം,മേയര്‍ എം ഭാസ്കരന്‍,എം കെ രാഘവന്‍ എം പി ,എം എല്‍ എ മാര്‍ തുടങ്ങിയവര്‍ സംസാരിക്കും.പ്രശസ്ത കലാകാരന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ മുഖ്യാതിഥിയായ ചടങ്ങില്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി ജെയിംസ് വര്‍ഗീസ് സ്വാഗതവും ഹയര്‍ സെക്കണ്ടറി ഡയരക്ടര്‍ സി പി ചിത്ര നന്ദിയും പറയും.ഉത്ഘാടനത്തിനു ശേഷം 6 മണിക്ക് മത്സരങ്ങള്‍ക്ക് തുടക്കമാവും.പ്രധാന വേദിയായ മാനാഞ്ചിറ മൈതാനിയിലെ വേദി 1 ല്‍ ഹൈസക്കൂള്‍ വിഭാഗം മോഹിനിയാട്ടം അരങ്ങേറും.ക്രിസ്ത്യന്‍ കോളേജ് ഗ്രൌണ്ടിലെ വേദി 2 ല്‍ കേരള നടനം വേദി 3 ല്‍ ദേശഭക്തിഗാനം എന്നിവയാണ് നടക്കുക.ടൌണ്‍ ഹാളില്‍ (വേദി 4 )മൂകാഭിനയം,സെന്‍റ് ജോസഫ് എച്ച് എസ് എസ് (വേദി 6 ) ഓടക്കുഴല്‍,ആംഗ്ലോ ഇന്ത്യന്‍ എച്ച് എസ് എസ് (വേദി 7 )വീണ എന്നിവയാണ് ഇന്ന് നടക്കുന്ന മറ്റു മത്സരങ്ങള്‍.
2010, ജനുവരി 7, വ്യാഴാഴ്‌ച
ശാസ്ത്രകോണ്ഗ്രസ്സിന് സമാപനമായി അടുത്ത കോണ്‍ഗ്രസ് ചെന്നൈയില്‍
തിരുവനന്തപുരത്ത് കഴിഞ്ഞ അഞ്ച് ദിവസമായി നടന്നുവരുന്ന ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിനു വിജയകരമായ പരിസമാപ്തി.ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 7000 പ്രതിനിധികളും നോബല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞരും പങ്കെടുത്ത ശാസ്ത്ര കോണ്‍ഗ്രസ്സില്‍ 'ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ശാസ്ത്ര സാങ്കേതിക രംഗം നേരിടുന്ന വെല്ലുവിളികള്‍ ദേശീയ കാഴ്ചപ്പാടില്‍ 'എന്ന മുഖ്യ വിഷയത്തെ ആധാരമാക്കി ആഴത്തിലുള്ള വിശകലനങ്ങള്‍ നടന്നു.കൂടാതെ വിവിധ ശാസ്ത്ര വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്ലീനറി സെഷനുകളും 14 വേദികളില്‍ ഒരേ സമയം സംഘടിപ്പിക്കുകയ്ണ്ടായി.കോണ്‍ഗ്രസ്സിന്റെ ഭാഗമായി പൊതു പ്രഭാഷണങ്ങള്‍ , 3500 കുട്ടികള്‍ പങ്കെടുത്ത കുട്ടികളുടെ ശാസ്ത്ര കോണ്‍ഗ്രസ്,ശാസ്ത്ര തത്വങ്ങള്‍ അനാവരണം ചെയ്യുന്ന ശാസ്ത്ര പ്രദര്‍ശനം,കേരളീയ സമൂഹത്തെ പരിചയപ്പെടുത്തുന്ന 'കേരളഗ്രാമം' എന്നിവ അത്യന്തം ആകര്‍ഷകങ്ങളായി.കാര്യവട്ടത്തെ പ്രധാന പന്തലില്‍ നടന്ന സമാപന സമ്മേളനത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജയകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.തൊണ്ണൂറ്റി ഏഴാം ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ജനറല്‍ പ്രസിഡന്‍റ് ഡോ. ജി.മാധവന്‍ നായര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ പുതിയ പ്രസിഡന്‍റ് ഡോ.കെ.സി.പാണ്ഡെ പ്രസംഗിച്ചു.ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ജനറല്‍ സെക്രടറി അശോക് കെ സക്സേന നന്ദി പറഞ്ഞു.അടുത്ത ശാസ്ത്ര കോണ്‍ഗ്രസ് 2011 ജനവരി 3 മുതല്‍ ചെന്നൈയിലെ എസ് ആര്‍ എം സര്‍വകലാശാലയില്‍ നടത്താന്‍ തീരുമാനമായി.
2010, ജനുവരി 6, ബുധനാഴ്‌ച
ബുര്‍ജ് ഖലീഫ ആകാശം മുട്ടിയുരുമ്മി അത്ഭുത കാഴ്ചയായി
ലോകത്തിലെ ഏറ്റവും ഉരം കൂടിയ കെട്ടിടമെന്ന ഖ്യാതി നേടിയെടുത്ത് ബുര്‍ജ് ഖലീഫ കഴിഞ്ഞ ദിവസം തുറക്കപ്പെട്ടു.ദുബായിലെ ഈ ആകാശ വിസ്മയത്തിനു 828 മീറ്റര്‍ ഉയരമുണ്ട്.ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം ആണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. നേരത്തെ ബുര്‍ജ് ദുബായ് എന്നറിയപ്പെട്ടിരുന്ന ഈ ടവര്‍ ബുര്‍ജ് ഖലീഫ എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയായിരുന്നു.2004 ല്‍ നിര്‍മ്മാണം ആരംഭിച്ച ബുര്‍ജിന്റെ പണി പൂര്‍ത്തിയായത് ഈ കഴിഞ്ഞ ഒക്ടോബറിലാണ്.100 കോടി ഡോളര്‍(5000 കോടി രൂപ ) ചെലവു ചെയ്തു നിര്‍മ്മിച്ച കെട്ടിടത്തിനു 56.7 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുണ്ട്.തെക്കന്‍ കൊറിയയിലെ സാംസംങ്ങ് കോര്‍പറേഷന്‍ ആയിരുന്നു പ്രധാന കരാറുകാര്‍.അവരുടെ കീഴില്‍ 60 കരാറുകാരുടെ നേതൃത്വത്തില്‍ നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള 12000 ത്തിലേറെ തൊഴിലാളികളാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നത്.വ്യാപാര സമുച്ചയവും,ആഡംബര താമസ കേന്ദ്രങ്ങളും,ഓഫീസുകളും നീരീക്ഷണ കേന്ദ്രവും, നീന്തല്‍ കുളവും മറ്റും ഈ വിസ്മയ കാഴ്ചയുടെ ഭാഗം മാത്രം.
2010, ജനുവരി 5, ചൊവ്വാഴ്ച
കുട്ടികളുടെ ശാസ്ത്രകോണ്‍ഗ്രസ് തുടങ്ങി
തിരുവനന്തപുരത്ത് നടക്കുന്ന തൊണ്ണൂറ്റിയേഴാം ശാസ്ത്രകോണ്‍ഗ്രസ്സിന്റെ ഭാഗമായുള്ള കുട്ടികളുടെ ശാസ്ത്രകോണ്‍ഗ്രസ്സിന് നിറപ്പകിട്ടാര്‍ന്ന തുടക്കം.ജമ്മു കാശ്മീര്‍ മുതല്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 3500 ഓളം കുട്ടികള്‍ തിങ്ങി നിറഞ്ഞ പ്രധാന വേദിയില്‍ മുന്‍ രാഷ്ട്രപതിയും ലോകപ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ.എ പി ജെ അബ്ദുല്‍കലാം കോണ്ഗ്രസ് ഉല്‍ഘാടനം ചെയ്തു.തന്റെ ഉല്‍ഘാടന പ്രസംഗത്തില്‍ ശാസ്ത്രം രാഷ്ട്രത്തെ എങ്ങിനെ ശക്തിപ്പെടുത്തിയെന്നു കുട്ടികളെ ഓര്‍മ്മിപ്പിച്ചു.വിക്രം സാരാഭായി തുടങ്ങിയ പ്രശസ്ത ശാസ്ത്രജ്ഞരുമൊത്ത് പ്രവര്‍ത്തിച്ചത് തന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ഉണ്ടാക്കിയെന്നും അദ്ദേഹം എടുത്തു പറഞ്ഞു.തനിക്കെന്നും പ്രചോദനമായത് തന്റെ അമ്മയാണെന്നും ഡോ .കലാം കുട്ടികളുമായുള്ള സംവാദത്തില്‍ പങ്കെടുക്കവേ പറഞ്ഞു.ഡോ.ജി മാധവന്‍ നായര്‍ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ശാസ്ത്രത്തോടുള്ള ആഭിമുഖ്യം കുട്ടിക്കാലത്ത് തന്നെ ആരംഭിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു.വി എസ് എസ് സി ഡയരക്ടര്‍ പി എസ് വീരരാഘവന്‍,കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊ.എ ജയകൃഷ്ണന്‍ എന്നിവരും പ്രസംഗിച്ചു.
2010, ജനുവരി 4, തിങ്കളാഴ്‌ച
ശാസ്ത്രകോണ്‍ഗ്രസ് തിരുവനന്തപുരത്ത് തുടങ്ങി
ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസ്സിന്റെ തൊണ്ണൂറ്റിയേഴാം സമ്മേളനം പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വയം ഭരണാവകാശം നല്‍കണമെന്നും,രാഷ്ട്രീയ ഇടപെടലുകളും ചുവപ്പ് നാടയും കഴിഞ്ഞ കാലങ്ങളില്‍ ശാസ്ത്ര പുരോഗതിക്കു തസ്സമായെന്നും പ്രധാനമന്ത്രി ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു.രാജ്യത്തിന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് മേലില്‍ സൌരോര്‍ജ്ജം,ആണവോര്‍ജ്ജം എന്നിവയെ കൂടുതല്‍ ആശ്രയിക്കണമെന്നും, വിദേശത്ത് താമസമാക്കിയ ഇന്ത്യന്‍ ശാസ്ത്രജ്ഞരെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരള സര്‍വ്വകലാശാലയും ഐ എസ് ആറോയും സംയുക്തമായി സംഘാടനം നിര്‍വ്വഹിക്കുന്ന ശാസ്ത്ര കോണ്‍ഗ്രസ് സര്‍വ്വകലാശാലയുടെ കാര്യവട്ടം കാമ്പസ്സില്‍ ജനവരി 3 മുതല്‍ 7 വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.നോബല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടെ ഇന്ത്യയിലും വിദേശത്തുമുള്ള ശാത്രജ്ഞര്‍,7000 ത്തില്‍ അധികം പ്രതിനിധികള്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസ്സിന്റെ വിവിധ സെഷനുകളിലും സെമിനാറുകളിലും പങ്കെടുക്കുന്നു.3000 കുട്ടികള്‍ ഒത്തുചേരുന്ന കുട്ടികളുടെ ശാസ്ത്ര കോണ്‍ഗ്രസ്സും സംഘടിപ്പിച്ചിട്ടുണ്ട്.ഉല്‍ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍ എസ് ഗവായ്,മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍,കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍,പ്രമുഖ ശാസ്ത്രജ്ഞര്‍ മുതലാവയര്‍ സന്നിഹിതരായിരുന്നു.ഉല്‍ഘാടന ചടങ്ങിനു ശേഷം പ്രഭാഷണങ്ങളും ചര്‍ച്ചകളും നടന്നു.
2010, ജനുവരി 1, വെള്ളിയാഴ്‌ച
സ്കൂള്‍ കലോത്സവം ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍
കോഴിക്കോട്ട് നടക്കാനിരിക്കുന്ന കേരള സ്കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ അവാസാന ഘട്ടത്തിലേക്ക്. കലോത്സവത്തിന് കോഴിക്കോട് മുമ്പും വേദിയായിട്ടുണ്ടെന്കിലും സുവര്‍ണ്ണജൂബിലി വര്‍ഷത്തില്‍ നടക്കുന്ന കലോല്സവമായ്തു കൊണ്ട് പകിട്ടും പെരുമയും കൂട്ടുന്നതിനുള്ള തയ്യാറെടുപ്പിലാണ് സംഘാടക സമിതി. മേയര്‍ എം ഭാസ്കരന്റെ അദ്ധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന സമിതി യോഗം 2010 ജനവരി 9 മുതല്‍ 15 വരെ നഗരത്തില്‍ നടക്കാനിരിക്കുന്ന കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി.ജനവരി 1 മുതല്‍ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കാനും പബ്ലിസിറ്റി-ട്രോഫി കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ നഗരത്തില്‍ ജനവരി 7 ന് വിളംബര ഘോഷയാത്ര നടത്താനും തീരുമാനമായി.ജനവരി 9 ന് ആരംഭിക്കുന്ന കലോത്സവത്തിന്റെ 16 വേദികളില്‍ നിന്നുമുള്ള തല്‍സമയ ദൃശ്യങ്ങള്‍ റയില്‍വേ സ്റ്റേഷന്‍,ബസ്‌സ്റ്റാന്‍റ് ,കടപ്പുറം എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും.കൂടാതെ എല്ലാ വേദികളുടെയും പരിസരത്ത് മറ്റു വേദികളില്‍ നടക്കുന്ന പരിപാടികള്‍ കാണുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.പ്രധാന വേദിയായ മാനാഞ്ചിറ മൈതാനിയിലെ വിശാലമായ പന്തലിന്റെ നിര്‍മ്മാണം അവസാന മിനുക്ക് പണികളിലാണ്.ഈ വേദിയെ കൂടാതെ ടൌണ്‍ഹാള്‍,മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൌണ്ട്,തളി സാമൂതിരി ഹയര്‍ സെക്ക.സ്കൂള്‍,ആംഗ്ലോ ഇന്ത്യന്‍ സ്കൂള്‍,ഗുജറാത്തി ഹാള്‍,സി എച്ച് ഹാള്‍,എന്‍ ജി ഓ യുണിയന്‍ ഹാള്‍ എന്നിവടങ്ങളിലും വേദികള്‍ സജ്ജീകരിക്കുന്നുണ്ട്.ഭക്ഷണ ശാലകള്‍ ഗവ.മോഡല്‍ എച്ച് എസ് എസ്സിലും ടാഗോര്‍ സെന്റിനറി ഹാളിലുമാണ് ഒരുക്കിയിരിക്കുന്നത്.ജനവരി 10 ന് തുടങ്ങുന്ന സാംസ്കാരിക പരിപാടികള്‍ മുതലക്കുളം മൈതാനിയിലാണ് നടക്കുന്നത്.നഗരത്തിലും പരിസരങ്ങളിലുമുള്ള വിദ്യാലയങ്ങളിലാണ് താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.ഉല്‍ഘാടന ദിവസമായ ജനവരി 9 ന് നടക്കുന്ന സാംസ്കാരിക ഘോഷയാത്ര ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച് ബസ്സ്റ്റാന്‍റ് വഴി മാനാഞ്ചിറ മൈതാനിയില്‍ പ്രവേശിക്കും.5000 ത്തിലേറെ കുട്ടികള്‍ പങ്കെടുക്കുന്ന ഘോഷയാത്രക്ക് നിശ്ചല ദൃശ്യങ്ങളും കലാപ്രകടനങ്ങളും കൊഴുപ്പേകും.10000 ത്തില്‍പരം കലാപ്രതിഭകള്‍ മാറ്റുരക്കുന്ന കലോത്സവത്തിന് ഒന്നര കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്.സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന തുകയ്ക്കു പുറമെ സ്പോണ്സര്‍ഷിപ്പിലൂടെ കണ്ടെത്താനാണ് സംഘാടക സമിതിയുടെ ശ്രമം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)