2010, ജനുവരി 11, തിങ്കളാഴ്‌ച

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം സമാപിച്ചു

ഇന്ത്യന്‍ യുവത്വത്തിന്റെ വിപ്ലവപ്രസ്ഥാനവും സമരങ്ങളുടെ മുന്നണി പോരാളിയുമായ ഡി വൈ എഫ് ഐ യുടെ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉജ്വല യുവജനറാലിയോടെ സമാപിച്ചു.ശംഖുമുഖം കടപ്പുറത്ത് മറ്റൊരു ശുഭ്രസാഗരം തീര്‍ത്ത മഹാസമ്മേളനം സി പി ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്തു.സി പി ഐ (എം ) മതവിശ്വാസത്തിന് എതിരല്ലെന്നും ജീവന്‍ നല്‍കിയും മതവിശ്വാസികളെ സംരക്ഷിച്ച പാര്‍ട്ടിയാണെന്നും പിണറായി തന്റെ ഉല്‍ഘാടനപ്രസംഗത്തില്‍ പറഞ്ഞു. പാര്‍ട്ടി എതിര്‍ക്കുന്നത് മതവിശ്വാസത്തെയല്ല ,മറിച്ച്‌ മതമൌലികതാവാദത്തെയും വര്‍ഗ്ഗീയതയേയുമാണെന്ന് പിണറായി ഓര്‍മ്മിപ്പിച്ചു.ന്യൂനപക്ഷ വര്‍ഗീയതയേയും ഭൂരിപക്ഷ വര്‍ഗീയതയേയും ഒരുപോലെ എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.കോണ്‍ഗ്രസ് പലപ്പോഴും ഭൂരിപക്ഷ വര്‍ഗീയതയെ തുണച്ചിട്ടുണ്ടെന്നും എന്‍ ഡി എഫിനെ സംരക്ഷിക്കുന്നത് മുസ്ലിംലീഗാണെന്നും പിണറായി പറഞ്ഞു.സക്കറിയാ സംഭവത്തെ പരാമര്‍ശിക്കവെ കമ്മ്യൂണിസ്റ്റ്‌ നേതാക്കളെ അപകീര്‍ത്തിപെടുത്തുന്ന വാക്കുകള്‍ പയ്യന്നൂരില്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്ന് പിണറായി അഭിപ്രായപ്പെട്ടു.പട്ടിക ജാതി പട്ടിക വര്‍ഗ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിന് കുറവ് വരുത്താതെ, മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതില്‍ ഡി എഫ് ഐക്ക് എതിര്‍പ്പില്ലെന്നും,കോളേജ് അദ്ധ്യാപകരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു.റേഷന്‍ വിഹിതം വെട്ടിക്കുറച്ചും മറ്റും കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കെതിരെ വരും നാളുകളില്‍ വന്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കാന്‍ സമ്മേളനം തീരുമാനിച്ചു.സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റായി എം ബി രാജേഷ് എംപിയും, സെക്രട്ടറിയായി ടി വി രാജേഷും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.






അഭിപ്രായങ്ങളൊന്നുമില്ല: