2010, ജനുവരി 7, വ്യാഴാഴ്‌ച

ശാസ്ത്രകോണ്ഗ്രസ്സിന് സമാപനമായി അടുത്ത കോണ്‍ഗ്രസ് ചെന്നൈയില്‍

തിരുവനന്തപുരത്ത് കഴിഞ്ഞ അഞ്ച് ദിവസമായി നടന്നുവരുന്ന ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിനു വിജയകരമായ പരിസമാപ്തി.ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 7000 പ്രതിനിധികളും നോബല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞരും പങ്കെടുത്ത ശാസ്ത്ര കോണ്‍ഗ്രസ്സില്‍ 'ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ശാസ്ത്ര സാങ്കേതിക രംഗം നേരിടുന്ന വെല്ലുവിളികള്‍ ദേശീയ കാഴ്ചപ്പാടില്‍ 'എന്ന മുഖ്യ വിഷയത്തെ ആധാരമാക്കി ആഴത്തിലുള്ള വിശകലനങ്ങള്‍ നടന്നു.കൂടാതെ വിവിധ ശാസ്ത്ര വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്ലീനറി സെഷനുകളും 14 വേദികളില്‍ ഒരേ സമയം സംഘടിപ്പിക്കുകയ്ണ്ടായി.കോണ്‍ഗ്രസ്സിന്റെ ഭാഗമായി പൊതു പ്രഭാഷണങ്ങള്‍ , 3500 കുട്ടികള്‍ പങ്കെടുത്ത കുട്ടികളുടെ ശാസ്ത്ര കോണ്‍ഗ്രസ്,ശാസ്ത്ര തത്വങ്ങള്‍ അനാവരണം ചെയ്യുന്ന ശാസ്ത്ര പ്രദര്‍ശനം,കേരളീയ സമൂഹത്തെ പരിചയപ്പെടുത്തുന്ന 'കേരളഗ്രാമം' എന്നിവ അത്യന്തം ആകര്‍ഷകങ്ങളായി.കാര്യവട്ടത്തെ പ്രധാന പന്തലില്‍ നടന്ന സമാപന സമ്മേളനത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജയകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.തൊണ്ണൂറ്റി ഏഴാം ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ജനറല്‍ പ്രസിഡന്‍റ് ഡോ. ജി.മാധവന്‍ നായര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ പുതിയ പ്രസിഡന്‍റ് ഡോ.കെ.സി.പാണ്ഡെ പ്രസംഗിച്ചു.ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ജനറല്‍ സെക്രടറി അശോക്‌ കെ സക്സേന നന്ദി പറഞ്ഞു.അടുത്ത ശാസ്ത്ര കോണ്‍ഗ്രസ് 2011 ജനവരി 3 മുതല്‍ ചെന്നൈയിലെ എസ് ആര്‍ എം സര്‍വകലാശാലയില്‍ നടത്താന്‍ തീരുമാനമായി.

അഭിപ്രായങ്ങളൊന്നുമില്ല: