ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന്‍റെ മുന്നണിപ്പോരാളി വംഗനാടിന്‍റെ വീരപുത്രന്‍ ജ്യോതിബസുവിന്‍റെ വേര്‍പാട് സൃഷ്‌ടിച്ച ദുഖസാന്ദ്രമായ അന്തരീക്ഷത്തില്‍ ദേശാഭിമാനിയുടെ മലപ്പുറം എഡിഷന് തുടക്കമായി.വെള്ളപ്പട്ടാളത്തിന്‍റെ നിറതോക്കുകള്‍ക്കു മുമ്പില്‍ വിരിമാറ് കാട്ടി വീരമൃത്യു വരിച്ച ധീരദേശാഭിമാനികളുടെ ചുടുചോര വീണു ചുവന്ന ഏറനാടിന്‍റെ മണ്ണില്‍ നിന്നും ,സാമ്രാജ്യത്വത്തിനും മുതലാളിത്വത്തിനുമെതിരെ സന്ധിയിയില്ലാത്ത പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിപ്ലവപ്രസ്ഥാനത്തിന്‍റെ ജിഹ്വയായ ദേശാഭിമാനിയുടെ ഒമ്പതാമത്തെ എഡിഷന്‍ ഇനി ജനങ്ങളുടെ കൈകളിലേക്ക്.തന്‍റെ കുടുംബസ്വത്ത് വിറ്റു കിട്ടിയ തുക പാര്‍ട്ടിപത്രത്തിന് നല്‍കുകയും ,ആയുഷ്ക്കാലം മുഴുവന്‍ പ്രസ്ഥാനത്തിനും ദേശാഭിമാനിക്കും വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത മഹാനായ ഇ എം എസ്സിന്‍റെ ജന്മനാട്ടില്‍ നിന്നും പത്രത്തിന്റെ പതിപ്പ് എന്ന ചിരകാലസ്വപ്നമാണ് ഇതോടെ സാക്ഷാല്‍ക്കരിക്കപ്പെട്ടിരിക്കുന്നത്.മലപ്പുറം എം എസ് പി ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞ ജനസഞ്ചയത്തെ സാക്ഷി നിര്‍ത്തി സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയും പി ബി അംഗവുമായ പിണറായി വിജയന്‍ എഡിഷന്‍ പുറത്തിറക്കി.ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങില്‍ തദ്ദേശവകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി,ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി,എംപിമാരായ എ വിജയരാഘവന്‍,ഇ ടി മുഹമ്മദ് ബഷീര്‍,എംഎല്‍ എ മാരായ കെ ടി ജലീല്‍,മഞ്ഞളാംകുഴി അലി,പാര്‍ട്ടി ജില്ലാസെക്രട്ടറി കെ ഉമ്മര്‍ മാസ്റ്റര്‍,മാധ്യമ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.സിനിമാ നടന്‍ കലാഭവന്‍ മണി ദേശാഭിമാനി മലപ്പുറം യൂനിറ്റ് സന്ദര്‍ശിച്ചു.സ്വാഗതസംഘം ചെയര്‍മാന്‍ ടി കെ ഹംസ സ്വാഗതം പറഞ്ഞ ചടങ്ങില്‍ യൂനിറ്റ് മാനേജര്‍ ഇ എന്‍ മോഹന്‍ദാസ് കൃതജ്ഞത പ്രകാശിപ്പിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ