ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമെന്ന ഖ്യാതി സമ്പാദിച്ച കേരള സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട്ട് തിളക്കമാര്‍ന്ന തുടക്കമായി.നിരവധി നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും മിഴിവേകിയ, ആയിരങ്ങള്‍ അണിനിരന്ന സാംസ്കാരിക ഘോഷയാത്രയോടെയായിരുന്നു കലോത്സവത്തിന് നാന്ദി കുറിച്ചത്.വൈകുന്നേരം നാലുമണിക്ക് ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച് നഗരവീഥികളില്‍ വര്‍ണ്ണപ്പോലിമ വാരിവിതറി,റോഡിന്‍റെ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ പതിനായിരങ്ങളുടെ ആശീര്‍വാദങ്ങളേറ്റുവാങ്ങി ഘോഷയാത്ര പ്രധാന വേദിയായ മാനാഞ്ചിറ മൈതാനിയില്‍ എത്തിയപ്പോള്‍ അവിടം കോഴിക്കോട്ടെ കലാസ്നേഹികള്‍ കയ്യടക്കി കഴിഞ്ഞിരുന്നു.പ്രശസ്ത കവി പി കെ ഗോപി രചിച്ച് പ്രേംകുമാര്‍ വടകര ചിട്ടപ്പെടുത്തിയ സ്വാഗത ഗാനത്തോടെയും അതിന്‍റെ ദൃശ്യാവിഷ്ക്കാരതോടെയുമായിരുന്നു ഉല്‍ഘാടനചടങ്ങുകള്‍ ആരംഭിച്ചത്.തുടര്‍ന്ന് ആകാശത്ത് പൊട്ടിവിടര്‍ന്ന വര്‍ണ്ണവിസ്മയത്തെ സാക്ഷി നിര്‍ത്തി വിദ്യാഭ്യാസ മന്ത്രി എം എ ബേബി കലോത്സവത്തിന്റെ അമ്പതാം വാര്‍ഷികത്തിന് തിരി തെളിയിച്ചു.വേദിയില്‍ സന്നിഹിതരായിരുന്ന മന്ത്രി ബിനോയ് വിശ്വം,എം കെ രാഘവന്‍ എംപി, മേയര്‍ എം ഭാസ്കരന്‍,പ്രശസ്ത കലാകാരനും ചടങ്ങിലെ മുഖ്യാതിഥിയുമായിരുന്ന ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍,പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് എന്നിവരും ദീപം തെളിച്ചു.ഉല്‍ഘാടന ചടങ്ങിനു ശേഷം പ്രധാന വേദിയായ വേദി ഒന്നില്‍ മോഹിനിയാട്ടവും മറ്റു വേദികളില്‍ മൂകാഭിനയം,കേരളനടനം,ദേശഭക്തിഗാനം,ഓടക്കുഴല്‍,വീണ എന്നീ ഇനങ്ങളും അരങ്ങേറി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ