2010, ജനുവരി 9, ശനിയാഴ്‌ച

സ്കൂള്‍ കലോത്സവം അരങ്ങുകളുണരാന്‍ മണിക്കൂറുകള്‍ മാത്രം

സുവര്‍ണ്ണജൂബിലിയുടെ നിറവില്‍ കേരള സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട്ട് അരങ്ങുകളുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.കോഴിക്കോടന്‍ ഹലുവയുടെ മാധുര്യമൂറും മിഠായിത്തെരുവില്‍ നിന്നും ഒരു വിളിപ്പാടകലെ ചരിത്രമുറങ്ങുന്ന മാനാഞ്ചിറ മൈതാനിയിലെ പ്രധാന പന്തലില്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ കലോല്‍സവത്തിന് ദീപം കൊളുത്തുന്നതോടെ ഏഴു ദിവസങ്ങള്‍ നീളുന്ന കലാമാമാങ്കത്തിന് തുടക്കമാവും.തുടര്‍ന്നുള്ള ഏഴു രാപ്പകലുകള്‍ കോഴിക്കോട്ടുകാരുടെ കണ്ണും കാതും മനസ്സും കുളിര്‍പ്പിക്കാന്‍ കലാവിരുന്ന്.ജനുവരി 9 മുതല്‍ 15 വരെ നഗരത്തിലെ 16 വേദികളില്‍ 8400 മത്സരാര്‍ത്ഥികള്‍ തങ്ങളുടെ കലാപരമായ കഴിവുകള്‍ മാറ്റുരയ്ക്കും.ഒമ്പതിന് രാവിലെ 9.30 ന് പ്രധാന വേദിയായ മാനാഞ്ചിറ മൈതാനിയില്‍ പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ എ പി എം മുഹമ്മദ്‌ ഹനീഷ് പതാക ഉയര്‍ത്തും.തുടര്‍ന്ന് കലോത്സവത്തിന്റെ സുവര്‍ണജൂബിലി വര്‍ഷത്തെ അനുസ്മരിച്ചു കൊണ്ട് 49 പ്രശസ്ത വ്യക്തികള്‍ കൂടി പതാകകള്‍ ഉയര്‍ത്തുന്നതാണ്.10 മണിക്ക് ബി ഇ എം ഗേള്‍സ് സ്കൂളില്‍ രജിസ്ട്റേഷന്‍ ആരംഭിക്കും.ഉച്ചയ്ക്ക് 2.30 ന് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നിന്നും നിറപ്പകിട്ടാര്‍ന്ന സാംസ്കാരിക ഘോഷയാത്ര പുറപ്പെടും.നിശ്ചല ദൃശ്യങ്ങള്‍,കലാപ്രകടനങ്ങള്‍, പെണ്‍കുട്ടികളുടെ കളരിപ്പയറ്റ് തുടങ്ങിയവ അകമ്പടി സേവിക്കുന്ന, ആയിരങ്ങള്‍ അണിനിരക്കുന്ന ഘോഷയാത്ര മാവൂര്‍ റോഡു വഴി പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിനു മുന്നിലൂടെ പ്രധാന വേദിയായ മാനാഞ്ചിറ മൈതാനിയില്‍ പ്രവേശിക്കും.തുടര്‍ന്ന് 5 മണിക്ക് പ്രൌഢഗംഭീരമായ ഉല്‍ഘാടന ചടങ്ങുകള്‍.ജില്ലയിലെ അമ്പതു സംഗീതാധ്യാപകര്‍ ചേര്‍ന്ന് ആലപിക്കുന്ന സ്വാഗത ഗാനത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ കലോല്‍സവത്തിന് തിരികൊളുത്തും.മന്ത്രി ബിനോയ്‌ വിശ്വം,മേയര്‍ എം ഭാസ്കരന്‍,എം കെ രാഘവന്‍ എം പി ,എം എല്‍ എ മാര്‍ തുടങ്ങിയവര്‍ സംസാരിക്കും.പ്രശസ്ത കലാകാരന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ മുഖ്യാതിഥിയായ ചടങ്ങില്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി ജെയിംസ്‌ വര്‍ഗീസ്‌ സ്വാഗതവും ഹയര്‍ സെക്കണ്ടറി ഡയരക്ടര്‍ സി പി ചിത്ര നന്ദിയും പറയും.ഉത്ഘാടനത്തിനു ശേഷം 6 മണിക്ക് മത്സരങ്ങള്‍ക്ക് തുടക്കമാവും.പ്രധാന വേദിയായ മാനാഞ്ചിറ മൈതാനിയിലെ വേദി 1 ല്‍ ഹൈസക്കൂള്‍ വിഭാഗം മോഹിനിയാട്ടം അരങ്ങേറും.ക്രിസ്ത്യന്‍ കോളേജ് ഗ്രൌണ്ടിലെ വേദി 2 ല്‍ കേരള നടനം വേദി 3 ല്‍ ദേശഭക്തിഗാനം എന്നിവയാണ് നടക്കുക.ടൌണ്‍ ഹാളില്‍ (വേദി 4 )മൂകാഭിനയം,സെന്‍റ് ജോസഫ് എച്ച് എസ് എസ് (വേദി 6 ) ഓടക്കുഴല്‍,ആംഗ്ലോ ഇന്ത്യന്‍ എച്ച് എസ് എസ് (വേദി 7 )വീണ എന്നിവയാണ് ഇന്ന് നടക്കുന്ന മറ്റു മത്സരങ്ങള്‍.

അഭിപ്രായങ്ങളൊന്നുമില്ല: