പേള്‍ നദിയില്‍ പൊട്ടിവിരിഞ്ഞ വര്‍ണ്ണപ്പൂക്കളുടെ മാസ്മരികതയില്‍ കാണികള്‍ തരിച്ചു നില്‍ക്കെ,അലങ്കരിച്ച നൌകകളില്‍ നിന്നും ഒഴുകിയെത്തിയ ദേവസംഗീതത്തിന്‍റെ താളത്തില്‍ നര്‍ത്തകികള്‍ ചുവടു വെച്ച് നീങ്ങവേ, ഏഷ്യയിലെ കായിക മഹാമേളയ്ക്ക് ചൈനയിലെ ഗ്വാങ്ഷൂവില്‍ കൊടിയിറങ്ങി.ചൈനീസ് ജനതയുടെ സംഘാടക മികവും,കായികമായ കരുത്തും മേളയിലുടനീളം തെളിഞ്ഞു നിന്നിരുന്നു.ഉല്‍ഘാടന ചടങ്ങുകള്‍ മുതല്‍ സമാപനം വരെ മുന്‍കാല മേളകളില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്താന്‍ സംഘാടകര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.16 ദിവസങ്ങള്‍ നീണ്ടു നിന്ന കായിക മാമാങ്കത്തിനൊടുവില്‍ ഇന്ന് നടന്ന സമാപന ചടങ്ങുകള്‍ ഹൃദയഹാരിയായി തീരുകയും ചരിത്രത്തില്‍ ഇടം പിടിക്കുകയും ചെയ്തു.മെഡല്‍ വേട്ടയില്‍ ആതിഥേയരായ ചൈന മറ്റു രാജ്യങ്ങളെ തുടക്കം മുതല്‍ക്ക് തന്നെ ബഹുദൂരം പിന്നിലാക്കിയിരുന്നു.199 സ്വര്‍ണവും 119 വെള്ളിയും 98 വെങ്കലവും ഉള്‍പ്പടെ 416 മെഡലുകളാണ് ചൈന വാരിക്കൂട്ടിയത്.സ്വര്‍ണമെഡലുകളുടെ എണ്ണത്തില്‍ ഒന്നിന്‍റെ കുറവ് കൊണ്ടുമാത്രം അവര്‍ക്ക് ഡബിള്‍ സെഞ്ചുറി തികയ്ക്കാന്‍ കഴിഞ്ഞില്ല.മെഡല്‍നിലയില്‍ രണ്ടാം സ്ഥാനത് നില്‍ക്കുന്ന കൊറിയക്ക് 76 സ്വര്‍ണവും 65 വെള്ളിയും 91 വെങ്കലവും കൂടി ആകെ 232 മെഡലുകളുംമൂന്നാം സ്ഥാനക്കാരായ ജപ്പാന് 48 സ്വര്‍ണവും 74 വെള്ളിയും 94 വെങ്കലവും ചേര്‍ത്ത് മൊത്തം 216 മെഡലുകളാണ് ലഭിച്ചത്.മെഡല്‍പട്ടികയില്‍ ആറാം സ്ഥാനം കരസ്ഥമാക്കിയ ഇന്ത്യക്ക് 14 സ്വര്‍ണവും 17 വെള്ളിയും 33 വെങ്കലവും കൂടി ആകെ 64 മെഡലുകള്‍ കിട്ടി.ഏഷ്യന്‍ ഗെയിംസില്‍ മുമ്പ് ഇന്ത്യക്ക് ഇത്രയും നേട്ടം കൊയ്യാന്‍ കഴിഞ്ഞിരുന്നില്ല.ഈ നേട്ടത്തില്‍ പങ്കു വഹിച്ച കേരളത്തിന്റെ ചുണക്കുട്ടികളെ നമുക്ക് ഈ അവസരത്തില്‍ അനുമോദിക്കാം.2014 ല്‍ ദക്ഷിണ കൊറിയയിലെ ഇന്‍ഷിയോണില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ കായിക താരങ്ങള്‍ ഏഷ്യാഡിനോട് ഇന്ന് വിട പറഞ്ഞു.
2010, നവംബർ 27, ശനിയാഴ്ച
2010, നവംബർ 26, വെള്ളിയാഴ്‌ച
ഏഷ്യന്‍ ഗെയിംസ്-കബഡിയില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം
ഇന്ന് നടന്ന ഫൈനല്‍ മത്സരങ്ങളില്‍ പുരുഷവിഭാഗത്തില്‍ ഇറാനെയും,വിനിതാവിഭാഗത്തില്‍ തായ് ലണ്ടിനെയും പരാജയപ്പെടുത്തി കബഡിയില്‍ ഇന്ത്യ സ്വര്‍ണമെഡലുകള്‍ കരസ്ഥമാക്കി, ഈ ഇനത്തില്‍ ഇന്ത്യയുടെ ആധിപത്യം ഉറപ്പിച്ചു.ഏഷ്യന്‍ ഗെയിംസില്‍ പുരുഷകബഡിയില്‍ തുടര്‍ച്ചയായി ഇന്ത്യക്ക് ഇത് ആറാം തവണയാണ് സ്വര്‍ണം കിട്ടുന്നത്.1990 ല്‍ ഏഷ്യന്‍ ഗെയിംസില്‍ കബഡി ഉള്‍പ്പെടുത്തിയത് മുതല്‍ ഇന്ത്യയാണ് ജേതാക്കള്‍.വനിതകളുടെ 4 ഗുണം 400 മീറ്റര്‍ റിലെയിലും ഇന്ത്യ ഇന്ന് സ്വര്‍ണം നേടി.മഞ്ജിത് കൌര്‍,സിനി ജോസ്,അശ്വിനി ചിദാനന്ദ,മന്ദീപ് കൌര്‍ എന്നിവരടങ്ങിയ ടീം 3 മി 29.02 സെക്കണ്ട് കൊണ്ടാണ് ഓടിയെത്തിയത്. ബോക്സിംഗ് 75 കിലോ വിഭാഗത്തില്‍ വിജേന്ദര്‍ സിംഗിന് സ്വര്‍ണവും,91 കിലോ വിഭാഗത്തില്‍ മന്‍ പ്രീത് സിംഗിന് വെള്ളിയും ലഭിച്ചു.ഇന്ത്യക്ക് ഇന്നുണ്ടായ ശ്രദ്ധേയമായ മറ്റു വിജയങ്ങള്‍ 5000 മീറ്ററില്‍ മലയാളി താരം പ്രീജാ ശ്രീധരന്‍ വെള്ളിയും,കവിതാ റാവത്ത് വെങ്കലവും നേടിയതാണ്.ഇരുവരും കരിയറിലെ മികച്ച സമയത്തോടെയാണ് ഫിനിഷ് ചെയ്തത്.പ്രീജയുടെ സമയം-15 മി 15.89 സെക്കണ്ട്.ചെസ്സിലും സ്കൈറ്റിങ്ങിലും ഇന്ത്യക്ക് വെങ്കലമുണ്ട്.ഇതോടെ ഇന്ത്യയുടെ മത്സരങ്ങളെല്ലാം അവസാനിച്ചു.ഇന്ത്യക്ക് 14 സ്വര്‍ണമെഡലുകള്‍ കിട്ടി .2006 ലെ ദോഹ ഗെയിംസില്‍ 10 സ്വര്‍ണമെഡലുകളായിരുന്നു കിട്ടിയിരുന്നത്. 14 സ്വര്‍ണവും 17 വെള്ളിയും 33 വെങ്കലവും ചേര്‍ത്ത് ആകെ 64 മെഡലുകള്‍ നേടിയ ഇന്ത്യ മെഡല്‍ പട്ടികയില്‍ ആറാം സ്ഥാനത്ത് നിലയുറപ്പിച്ചു.ഏഷ്യന്‍ ഗെയിംസിന് നാളെ കൊടിയിറങ്ങും.
2010, നവംബർ 25, വ്യാഴാഴ്‌ച
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഇന്ന് സ്വര്‍ണത്തിളക്കത്തിന്‍റെ ദിനം
ഏഷ്യന്‍ ഗെയിംസില്‍ അത് ലറ്റിക് മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഇന്ത്യക്ക് ഇന്ന് ആഹ്ലാദിയ്ക്കാന്‍ വകയേറെ.വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കര്‍ണ്ണാടക താരം അശ്വിനി ചിദാനന്ദയും,ഇതേ ഇനം പുരുഷന്മാരുടെ വിഭാഗത്തില്‍ മലയാളിയും ദില്ലിയില്‍ സി ആര്‍ പി എഫ് ഉദ്യോഗസ്ഥനുമായ ജോസഫ് എബ്രഹാമും സ്വര്‍ണം കരസ്ഥമാക്കിയതിനു പുറമേ, ബോക്സിംഗ് 60 കിലോ വിഭാഗത്തില്‍ വികാസ് കൃഷ്ണയും സ്വര്‍ണം കൊയ്തു.പുരുഷന്മാരുടെ ബില്യാര്‍ഡ്സില്‍ പങ്കജ് അദ്വാനി സ്വര്‍ണം നേടി.81 കിലോ ബോക്സിങ്ങില്‍ ദിനേശ് കുമാറിന് വെള്ളിമെഡല്‍ ലഭിച്ചു.ഹര്‍ഡില്‍സില്‍ 56.16 സെക്കന്റു കൊണ്ടാണ് അശ്വിനി ഓടിയെത്തിയത്.ജോസഫ് 49.96 സെക്കന്റു കൊണ്ടാണ് മത്സരം പൂര്‍ത്തിയാക്കിയത്.ഇരുവരുടെയും മികച്ച സമയമാണിത്.800 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ സുവര്‍ണപ്രതീക്ഷയായിരുന്ന ടിന്റുവിനു വെങ്കലമേ നേടാനായുള്ളൂ.ഹോക്കിയിലും ഇന്ത്യക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.എന്നാല്‍ നാളെ നടക്കാനിരിക്കുന്ന പുരുഷ-വനിതാ വിഭാഗം കബഡി ഫൈനലിലേക്ക് ഇന്ത്യ യോഗ്യത നേടിയത് ആശ്വാസമായി.
2010, നവംബർ 23, ചൊവ്വാഴ്ച
ഏഷ്യന്‍ ഗെയിംസ്-സോംദേവ് ദേവ് വര്‍മന് ടെന്നീസില്‍ വീണ്ടും സ്വര്‍ണ്ണം
ടെന്നീസില്‍ ചരിത്രവിജയം നേടിക്കൊണ്ട് പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ ടെന്നീസ് താരം സോം ദേവ് വര്‍മന്‍ സുവര്‍ണ്ണ പതക്കത്തില്‍ മുത്തമിട്ടു.ഇതോടെ ഇന്ത്യക്ക് വേണ്ടി ടെന്നീസില്‍ ഇരട്ടസ്വര്‍ണം നേടിയ അപൂര്‍വ്വ ബഹുമതിയും സോംദേവിന് സ്വന്തമായി.ഇന്ന് ഗ്വാങ്ഷൂവില്‍ നടന്ന ഫൈനലില്‍ ഉസ്ബൈക്കിസ്ഥാന്‍ കളിക്കാരന്‍ ഡെനീസ് ഇസ്ടോമിനെ മറുപടിയില്ലാത്ത രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്വര്‍ണം കൊയ്തത്.സ്കോര്‍ 2 -0 (6-1 ,6-2 ).ടെന്നീസ് ലോകറാങ്കിങ്ങില്‍ നാല്പ്പത്തിനാലാം സ്ഥാനക്കാരനാണ് ഇസ്ടോമിന്‍ .എന്നാല്‍ നൂറ്റിആറാം സ്ഥാനക്കാരനാണ് സോം ദേവ്.അതുകൊണ്ട് തന്നെ ഈ വിജയം ഏറെ അഭിനന്ദനീയമാണ്.ഇന്ത്യക്ക് പുരുഷ സിംഗിള്‍സില്‍ ആദ്യമായി കിട്ടിയ സ്വര്‍ണ്ണമെഡല്‍ എന്ന നിലയ്ക്ക് സോം ദേവ് നേടിയ ഈ വിജയം മാധുര്യമേറിയതാണ്.ഇപ്പോള്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ടെന്നീസില്‍ ഇതേ വരെ അഞ്ച് മെഡലുകളായി.സോം ദേവിന് മാത്രം മൂന്ന് മെഡലുകള്‍,രണ്ട് സ്വര്‍ണവും ഒരു വെങ്കലവും.ഇന്ത്യക്ക് കിട്ടിയ മൊത്തം സ്വര്‍ണമെഡലുകളുടെ എണ്ണം ഏഴായി ഉയര്‍ന്നു.
ഏഷ്യന്‍ ഗെയിംസ്-പത്താം ദിവസം ചൈന ബഹുദൂരം മുന്നില്‍
ഏഷ്യന്‍ ഗെയിംസ് പത്തു ദിവിസം പൂര്‍ത്തിയാക്കിയപ്പോള്‍ ആതിഥേയരായ ചൈന മെഡല്‍ വേട്ടയില്‍ ബഹുദൂരം മുന്നിലെത്തി തങ്ങളുടെ ആധിപത്യം തുടരുകയാണ്.ഏഷ്യയിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ലാവോ യി നേടിയ സ്വര്‍ണപ്പതക്കം ഉള്‍പ്പടെ ചൈന ഇതുവരെ 154 സ്വര്‍ണവും 77 വെള്ളിയും 73 വെങ്കലവും ചേര്‍ത്ത് മൊത്തം 304 മെഡലുകള്‍ വാരിക്കൂട്ടി.ഇപ്പോള്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ദക്ഷിണ കൊറിയ 61 സ്വര്‍ണവും 51 വെള്ളിയും 66 വെങ്കലവും കൂടി ആകെ 178 മെഡലുകള്‍ നേടിയിട്ടുണ്ട്.മൂന്നാം സ്ഥാനത്തുള്ള ജപ്പാന് ഇതുവരെ 32 സ്വര്‍ണം 59 വെള്ളി 67 വെങ്കലം ഉള്‍പ്പടെ ആകെ 158 മെഡലുകള്‍ കിട്ടി. ടെന്നീസ് പുരുഷ ഡബിള്‍സില്‍ ഇന്ന് സോംദേവ്-സനം സിംഗ് സഖ്യം നേടിയ സ്വര്‍ണമടക്കം മൊത്തം 6 സ്വര്‍ണവും 12 വെള്ളിയും 18 വെങ്കലവുമായി 36 മെഡലുകളോടെ ഇന്ത്യ എട്ടാം സ്ഥാനത്ത് തുടരുന്നു.ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ ഇന്ത്യക്ക് ഇനിയും പ്രതീക്ഷയുണ്ട്.
2010, നവംബർ 22, തിങ്കളാഴ്‌ച
ഏഷ്യന്‍ ഗെയിംസ്-ടെന്നീസ് പുരുഷവിഭാഗം ഡബിള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം
മെഡല്‍ പട്ടികയില്‍ ഇന്ത്യക്ക് ആറാമത് സ്വര്‍ണം കൂട്ടിചേര്‍ത്ത് സോം ദേവ് ദേവ് വര്‍മ്മന്‍-സനം കൃഷന്‍ സിംഗ് കൂട്ടുകെട്ട് ടെന്നീസ് പുരുഷന്മാരുടെ ഡബിള്‍സില്‍ സ്വര്‍ണം കരസ്ഥമാക്കി.ഗ്വാങ്ഷൂവില്‍ ഇന്ന് നടന്ന ഫൈനലില്‍ ചൈനയുടെ ടീമിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യം വിജയം കണ്ടത്.എന്നാല്‍ ടെന്നീസ് മിക്സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ-വിഷ്ണുവര്‍ദ്ധന്‍ സഖ്യത്തിന് വെള്ളി മെഡല്‍ നേടാനേ കഴിഞ്ഞുള്ളൂ.ഇവര്‍ ചൈനയുടെ തായ്പേയി കൂട്ടുകെട്ടിനോടാണ് തോറ്റത്.
2010, നവംബർ 21, ഞായറാഴ്‌ച
ഏഷ്യന്‍ ഗെയിംസ്-സുധ സിങ്ങിന് സ്വര്‍ണം
ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ചൈനയെ പരാജയപ്പെടുത്തി വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചെയ്സില്‍ ഇന്ത്യയുടെ സുധ സിങ്ങ് സ്വര്‍ണം കൊയ്തു.ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളില്‍ ഇന്ന് ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വര്‍ണമാണിത്.9 മി 55.67 സെക്കണ്ട് കൊണ്ട് സുധ ഫിനിഷ് ചെയ്തപ്പോള്‍ 9 മി 55 .71 സെക്കണ്ട് കൊണ്ട് ഓടിയെത്തിയ ചൈനയുടെ യുവാന്‍ ജിന്‍ വെള്ളിമെഡല്‍ കരസ്ഥമാക്കി.ജപ്പാന്‍ താരം മിനോരി ഹയക്കാരി 10 മി 01.25 സെ സമയമെടുത്ത് വെങ്കലവും നേടി.നേരത്തെ വനിതകളുടെ 10000 മീറ്ററില്‍ ഇന്ത്യയുടെ പ്രീജ ശ്രീധരന്‍ സ്വര്‍ണവും,കവിത റാവത്ത് വെള്ളിയും നേടിയിരുന്നു. ഇതോടെ ഇന്ത്യയുടെ സ്വര്‍ണമെഡലുകള്‍ 5 ആയി ഉയര്‍ന്നു.
ഏഷ്യന്‍ ഗെയിംസ്-വനിതകളുടെ 10000 മീറ്ററില്‍ പ്രീജ ശ്രീധരന് സ്വര്‍ണം
ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ട്രാക്കുകളണര്‍ന്നപ്പോള്‍ വനിതകളുടെ 10000 മീറ്ററില്‍ മലയാളി താരം പ്രീജ ശ്രീധരന് സ്വര്‍ണം നേടി ,ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് സ്വര്‍ണത്തിളക്കം സമ്മാനിച്ചു.31 മി 50 .4 7 സെക്കണ്ട് കൊണ്ടാണ് പ്രീജ ഫിനിഷ് ചെയ്തത്.തന്റെ 32 മി 04 .41സെ എന്ന മുന്‍കാലറിക്കാര്‍ഡാണ് പ്രീജ തിരുത്തിയത്.2006 ലെ ഏഷ്യന്‍ ഗെയിം സില്‍ 5000 മീറ്ററിലും 10000 മീറ്ററിലും പ്രീജ അഞ്ചാം സ്ഥാനത്തായിരുന്നു.ഇതേ ഇനത്തില്‍ കവിതാ റാവത് നേടിയ വെള്ളി മെഡല്‍ ഇന്ത്യന്‍ വിജയത്തിന് മാറ്റ് വര്‍ദ്ധിപ്പിച്ചു.31 മി 51 .44 സെക്കണ്ട് കൊണ്ടാണ് കവിത ഓടിയത്തിയത്.തന്റെ 32 മി 41.31 സെ റെക്കോര്‍ഡ് കവിത ഇതിലൂടെ ഭേദിച്ചു.ഇന്ന് അതലറ്റിക്സില്‍ നേടിയ സ്വര്‍ണമടക്കം ഇന്ത്യക്ക് 4 സ്വര്‍ണമെഡല്‍ ലഭിച്ചു.
2010, നവംബർ 18, വ്യാഴാഴ്‌ച
ഏഷ്യന്‍ ഗെയിംസില്‍ ചൈനയുടെ സ്വര്‍ണക്കൊയ്ത്ത് തുടരുന്നു
ചൈനയിലെ ഗ്വാങ്ഷൂവില്‍ ഏഷ്യന്‍ ഗെയിംസ് നാല് ദിവസങ്ങള്‍ പിന്നിടിമ്പോള്‍, ആതിഥേയരായ ചൈന ഇതര രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കികൊണ്ട് അതിന്റെ സ്വര്‍ണക്കൊയ്ത്ത് തുടരുകയാണ്.77 സ്വര്‍ണ്ണം, 28 വെള്ളി,28 വെങ്കലം ഉള്‍പ്പെടെ മൊത്തം 133 മെഡലുകളുമായി ചൈന ഒന്നാം സ്ഥാനത് നിലയുറപ്പിച്ചു.22 സ്വര്‍ണ്ണം,17 വെള്ളി,27 വെങ്കലം എന്നിവ നേടി ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തും, 15 സ്വര്‍ണ്ണം,34 വെള്ളി,29 വെങ്കലം എന്നിവ നേടി ജപ്പാന്‍ മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തുമാണ്.ഒരു സ്വര്‍ണ്ണം,നാല് വെള്ളി,ഏഴു വെങ്കലം എന്നീ മെഡലുകള്‍ നേടിയ ഇന്ത്യ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.നീന്തല്‍ ഇനങ്ങളില്‍ നാലാം ദിവസം പ്രഖ്യാപിച്ച ഏഴ് സ്വര്‍ണമെഡലുകളില്‍ അഞ്ചും ചൈനയ്ക്കാണ് കിട്ടിയത്.ജിംനാസ്റ്റിക്കിലും ഭാരദ്വഹനത്തിലും ചൈനയ്ക്കു തന്നെയാണ് ആധിപത്യം.വനിതകുടെ സോഫ്റ്റ് ടെന്നീസില്‍ ചൈന സ്വര്‍ണ്ണം നേടി.
2010, നവംബർ 12, വെള്ളിയാഴ്‌ച
ഏഷ്യന്‍ ഗെയിംസിന് ചൈനയില്‍ വര്‍ണ്ണോജ്വലമായ തുടക്കം
വന്‍കരയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ പതിനാറാമത് ഏഷ്യന്‍ ഗെയിംസിന് ചൈനയിലെ ഗ്വങ്ഷോവില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന തുടക്കം.നവംബര്‍ 12 മുതല്‍ 27 വരെ നീളുന്ന 42 മത്സര ഇനങ്ങളില്‍ 53 വേദികളിലായി 45 രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തോളം കായിക പ്രതിഭകള്‍ മാറ്റുരയ്ക്കും.വര്‍ണ്ണ വിളക്കുകളാല്‍ അലങ്കരിക്കപ്പെട്ട ഗോപുരങ്ങളെ സാക്ഷി നിര്‍ത്തി, ചൈനക്ക് മാത്രം സ്വന്തമായ 40000 കരിമരുന്നുപ്രയോഗങ്ങളുടെ അകമ്പടിയോടെ 21 സംഗീത സംവിധായകര്‍ ചിട്ടപ്പെടുത്തിയ, 190 മിനുട്ട് ദൈര്‍ഘ്യമേറിയ സംഗീത വിരുന്ന് ഒരുക്കിയ അന്തരീക്ഷത്തില്‍ ഉല്‍ഘാടന ചടങ്ങുകള്‍ വര്‍ണ്ണവിസ്മയമായി മാറി .ഹൈസിന്‍ഷ സ്ക്വയറിനെ തൊട്ടുരുമ്മി ഒഴുകുന്ന പേള്‍ നദിയിലാണ് ഉല്‍ഘാടന വേദി ഒരുക്കിയിരിക്കുന്നത്.45 അലംകൃത നൌകകളില്‍ കായിക താരങ്ങളെ കരയിലേക്ക് ആനയിച്ചു.നാന്‍ ഹായ് ഗോഡ് എന്ന നൌക ഇവയുടെ മുന്നിലായി സഞ്ചരിച്ചു.മുന്‍പ് നടന്ന കായികമേളകളുടെ ഉല്‍ഘാടന ചടങ്ങുകള്‍ മുഖ്യ വേദിയിലാണ് നടത്തപ്പെട്ടിരുന്നത്.എന്നാല്‍ ഈ പതിവില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തി ഉല്‍ഘാടന വേദി പേള്‍ നദിയിലേക്ക് മാറ്റുകയായിരുന്നു.മുഖ്യ സ്റ്റേഡിയത്തില്‍ കാണികള്‍ക്കായി 30000 ഇരിപ്പിടങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.ഇനിയുള്ള 15 ദിനരാത്രങ്ങള്‍ ലോകത്തെങ്ങുമുള്ള കായിക പ്രേമികളുടെ കണ്ണും കാതും പേള്‍ നദിക്കരയിലെ മനോഹര നഗരിയിലെ മത്സരവേദികളിലേക്ക്.മെഡല്‍ വേട്ടയില്‍ ആരായിരിക്കും മുന്നിലെത്തുകയെന്ന് നമുക്ക് കാത്തിരുന്നു കാണാം.
2010, നവംബർ 2, ചൊവ്വാഴ്ച
ചെമ്പൈ സംഗീതോത്സവം ഇന്ന് തുടങ്ങും
ഗുരുവായൂര്‍ ഏകാദശി പ്രമാണിച്ച് നടത്തപ്പെടുന്ന ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് തുടക്കമാവും.ഇന്ന് വൈകീട്ട് 6.30 ന് ദേവസ്വം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും.കെ ജി ജയനുള്ള ഗുരുവായൂരപ്പന്‍ പുരസ്കാരം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സമ്മാനിക്കും.ചടങ്ങില്‍ ദേവസ്വം കമ്മീഷണര്‍ ഡോ.വി വേണു,നടന്‍ മനോജ് കെ ജയന്‍,മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്,പി സി വാസുദേവന്‍ നമ്പൂതിരിപ്പാട്,പി കെ മാനവേദന്‍ രാജ,ഡോ.കെ ഓമനക്കുട്ടി,തോട്ടത്തില്‍ രവീന്ദ്രന്‍,ഗോകുലം ഗോപാലന്‍,എ വി ചന്ദ്രന്‍,കെ വി ബാബു മുതലായവര്‍ സംബന്ധിക്കും.15 ദിനരാത്രങ്ങള്‍ നീളുന്ന നാദോപാസന നവംബര്‍ 3 ന് ബുധനാഴ്ച രാവിലെ ആരംഭിക്കും.നാദോപാസനയില്‍ ആയിരത്തിലേറെ സംഗീത പ്രതിഭകള്‍ പങ്കെടുക്കും.എല്ലാ ദിവസവും രാവിലെ കച്ചേരിയും വൈകീട്ട് പ്രത്യേക കച്ചേരിയും ഉണ്ടാവും.സുപ്രസിദ്ധ സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ് രാജ്,ചേപ്പാട് എ ഇ വാമനന്‍ നമ്പൂതിരി,ടി വി ഗോപാലകൃഷ്ണന്‍,സി എസ് അനുരൂപ്,ഗിരിജ വര്‍മ,മങ്ങാട് നടേശന്‍,അരൂര്‍ പി കെ മനോഹരന്‍,മധു ബാലകൃഷ്ണന്‍,രംഗനാഥ ശര്‍മ,ഡോ.അരുന്ധതി,ഡോ.ഭാവന രാധാകൃഷ്ണന്‍,തിരുവൈയാര്‍ ബി വി ജയശ്രി,അഭിഷേക് രഘുറാം തുടങ്ങിയ സംഗീതജ്ഞര്‍ പങ്കെടുക്കുന്നതാണ്.
2010, ഒക്‌ടോബർ 6, ബുധനാഴ്‌ച
ചങ്ങമ്പുഴ ജന്മശതാബ്ദി ആഘോഷങ്ങള്‍-ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മലയാളത്തിന്‍റെ പ്രിയപ്പെട്ട കവി ചങ്ങമ്പുഴയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ അദ്ദേഹത്തിന്റെ ജന്മദേശമായ ഇടപ്പള്ളിയില്‍ പൂര്‍ത്തിയായി.സംസ്ഥാന സര്‍ക്കാര്‍,കേന്ദ്ര-കേരള സാഹിത്യ അക്കാദമികള്‍,കേരള ഗ്രന്ഥശാലാസംഘം എന്നിവയുടെ സഹകരണത്തോടെയാണ് എറണാകുളം ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 7 മുതല്‍ 11 വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ ചര്‍ച്ചകള്‍,സെമിനാറുകള്‍,കവിരങ്ങ്,കലാപരിപാടികള്‍ എന്നിവ ഉണ്ടാവും.അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഒമ്പതിന് വൈകീട്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിര്‍വ്വഹിക്കുന്നതാണ്.കേന്ദ്രസാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ 2011 ജനവരി 10 മുതല്‍ 12 വരെ സാഹിത്യ സെമിനാറും നടത്തുന്നതാണ്.
2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച
ഒ എന്‍ വിയ്ക്ക് ജ്ഞാനപീഠം അവാര്‍ഡ്
മലയാളത്തിന്‍റെ മഹാകവി ഒ എന്‍ വി കുറുപ്പിന് 2007 ലെ ജ്ഞാനപീഠം അവാര്‍ഡ് നല്‍കാന്‍ അവാര്‍ഡ് നിര്‍ണ്ണയ സമിതി തീരുമാനിച്ചു.കവിത,നാടകം,ചലച്ചിത്രം തുടങ്ങിയവയിലെല്ലാം, തൊട്ടതെല്ലാം പൊന്നാക്കിയ ജനകീയ കവി കൂടിയാണ് മലയാളികള്‍ നെഞ്ചേറ്റിയ ഈ മഹാപ്രതിഭ.1931 ല്‍ കൊല്ലം ജില്ലയിലെ ചവറയില്‍ ഒ എം കൃഷ്ണകുറുപ്പിന്റെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും പുത്രനായി ജനിച്ച ഒ എന്‍ വി സാമ്പത്തിക ശാസ്ത്രത്തിലാണ് ബിരുദമെടുത്തതെന്കിലും മലയാളത്തെ ജീവന് തുല്യം സ്നേഹിക്കുന്ന അദ്ദേഹം മലയാള ഭാഷയിലാണ് ബിരുദാനന്തര ബിരുദം നേടിയത്.1957 ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 1958 മുതല്‍ 25 വര്‍ഷം കേരളത്തിലെ വിവിധ കോളേജുകളിലും സര്‍വ്വകലാശാലകളിലും സേവനമനുഷ്ടിച്ചു.ജോലിയില്‍ നിന്നും വിരമിച്ച ശേഷം കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസ്സറുമായിരുന്നു.കേന്ദ്രസാഹിത്യ അക്കാദമി അംഗമായും, കേരളകലാമണ്ഡലം ചെയര്‍മാനായും ഒ എന്‍ വി പ്രവര്‍ത്തിച്ചിട്ടുണ്ട്.താന്‍ ജനിച്ചു വളര്‍ന്ന ഭൂമിയേയും, തനിക്കു ചുറ്റും ജീവിക്കുന്ന ജനനങ്ങളെയും ഇത്രമാത്രം ഇഷ്ടപ്പെട്ട മറ്റൊരു കവി മലയാളത്തില്‍ ഉണ്ടായിട്ടില്ല.വിദ്യാര്‍ഥിയായിയിരിക്കുമ്പോള്‍ തന്നെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും,നിരവധി സമരപോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും ചെയ്ത ഒ എന്‍ വി കേരളത്തിന്‍റെ സാംസ്കാരിക നവോത്ഥാനത്തിന് കനപ്പെട്ട സംഭാവനകള്‍ നല്‍കിയ കവിയാണ്.1949 ല്‍ പ്രസ്ദ്ധീകരിച്ച 'പൊരുതുന്ന സൌന്ദര്യം' എന്ന കവിതാസമാഹാരമാണ് ആദ്യകൃതി.ദാഹിക്കുന്ന പാനപാത്രം,ഭൂമിക്കൊരു ചരമഗീതം,ഉപ്പ്,തുടങ്ങിയ ഈടുറ്റ കൃതികള്‍ ഒ എന്‍ വി രചിച്ചിട്ടുണ്ട്.കേരള സാഹിത്യ അക്കാദമി,കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍,ആശാന്‍ പുരസ്കാരം,എഴുത്തഛന്‍ പുരസ്കാരം,വയലാര്‍ അവാര്‍ഡ്,ഓടക്കുഴല്‍ അവാര്‍ഡ് തുടങ്ങിയ അനേകം പുരസ്കാരങ്ങളും മലയാളത്തിന്‍റെ ഈ പ്രിയപ്പെട്ട കവിയെ തേടിയെത്തി.1998 ല്‍ ഭാരത സര്‍ക്കാരിന്‍റെ പദ്മശ്രീ ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചു.നാടക-ചലച്ചിത്ര രംഗങ്ങളിലെ സംഭാവാനകളെ മുന്‍ നിര്‍ത്തിയും നിരവധി തവണ അദ്ദേഹം പുരസ്കാരങ്ങള്‍ ഏറ്റു വാങ്ങുകയുണ്ടായി.ഇപ്പോള്‍ അര്‍ഹാനായിട്ടുള്ള പരമോന്നത ബഹുമതിയില്‍ മഹാകവിയെ നമുക്ക് മനം നിറയെ അനുമോദിക്കാം.
2010, സെപ്റ്റംബർ 15, ബുധനാഴ്‌ച
കുട്ടിസ്രാങ്കിന് സുവര്‍ണകമലം,പഴശ്ശിരാജയ്ക്ക് പുരസ്കാരങ്ങള്‍
ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിച്ചപ്പോള്‍ മലയാള ചിത്രങ്ങള്‍ മിന്നുന്ന നേട്ടങ്ങള്‍ കൊയ്തു.ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത കുട്ടിസ്രാങ്ക് മികച്ച ചിത്രത്തിനുള്ള സുവര്‍ണകമലം കരസ്ഥമാക്കി.തിരക്കഥയ്ക്ക് ഹരികൃഷ്ണന്‍,പി എഫ് മാത്യൂസ് എന്നിവരും,ഛായാഗ്രഹണത്തിന് അഞ്ജലി ശുക്ലയും,വസ്ത്രാലങ്കാരത്തിന് ജയകുമാറും അവാര്‍ഡുകള്‍ നേടി കുട്ടിസ്രാങ്കിന്റെ മാറ്റ് വര്‍ദ്ധിപ്പിച്ചു.മികച്ച മലയാള ചിത്രമായി ഹരിഹരന്‍ സംവിധാന ചെയ്ത കേരളവര്‍മ്മ പഴശ്ശിരാജ തെരഞ്ഞെടുക്കപ്പെട്ടു.പഴശ്ശിരാജയ്ക്ക് മൂന്നു അവാര്‍ഡുകള്‍ കൂടിയുണ്ട്.ശബ്ദ സംവിധാനത്തിന് റസൂല്‍ പൂക്കുട്ടിക്കും,പശ്ചാത്തല സംഗീതത്തിന് ഇളയരാജക്കും,എഡിറ്റിങ്ങിന് ശ്രീകര്‍ പ്രസാദിനും കിട്ടിയ പുരസ്കാരങ്ങള്‍ പഴശ്ശിരാജയുടെ യശസ്സ് കൂട്ടി.നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ഗീതു മോഹന്‍ദാസിന്റെ 'കേള്‍ക്കുന്നുണ്ടോ?'എന്ന ചിത്രത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശവും കിട്ടി . പാ എന്ന ചിത്രത്തിലെ അഭിനയത്തിന് അമിതാഭ് ബച്ചന്‍ മികച്ച നടനുള്ള അവാര്‍ഡ് നേടി. അനന്യ ചാറ്റര്‍ജി മികച്ച നടിയായും,ഋതുപര്‍ണ ഘോഷ് മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.ജനപ്രിയ ചിത്രമായി ത്രീ ഇഡിയറ്റ്സും കുട്ടികളുടെ വിഭാഗത്തില്‍ കേശുവും അവാര്‍ഡുകള്‍ നേടി. ദല്‍ഹി-6 ആണ് മികച്ച ദേശീയോദ്ഗ്രഥന ചിത്രം.രൂപ ഇസ്ലാം,നിലഞ്ജന സര്‍ക്കാര്‍ എന്നിവര്‍ക്ക് യഥാക്രമം മികച്ച ഗായകനും ഗായികയക്കും ഉള്ള അവാര്‍ഡുകള്‍ ലഭിച്ചു.
2010, ഓഗസ്റ്റ് 11, ബുധനാഴ്‌ച
സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ബഹുജനറാലിയോടെ സമാപിച്ചു
കഴിഞ്ഞ നാല് ദിവസങ്ങളിലായി വിജയവാഡയില്‍ നടന്നുവന്ന സിപിഐഎം വിപുലീകൃത കേന്ദ്രകമ്മിറ്റി യോഗം പതിനായിരങ്ങള്‍ പങ്കെടുത്ത ബഹുജനറാലിയോടെ സമാപിച്ചു.യോഗതീരുമാനങ്ങള്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ വിവരിച്ചു.പത്തൊമ്പതാം പാര്‍ടി കോണ്‍ഗ്രസിന് ശേഷം മാറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സ്വീകരിക്കേണ്ട അടവുനയങ്ങള്‍ ഉള്‍പ്പെട്ട രേഖയും പ്രമേയങ്ങളും ചെറിയ മാറ്റങ്ങളോടെ ഏകകണ്ഠമായി അംഗീകരിച്ചതായി അദ്ദേഹം അറിയിച്ചു.കോണ്‍ഗ്രസിനും ബിജെപിയ്ക്കും ബദലായി രാജ്യത്ത് ഇടതുപക്ഷ മതനിരപേക്ഷ പാര്‍ടികളുടെ സഖ്യം ശക്തിപ്പെടുത്താന്‍ യോഗം ആഹ്വാനം ചെയ്തു.യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കുന്ന നവലിബറല്‍ നയങ്ങള്‍ ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കിയിരിക്കയാല്‍ അതിനെതിരെ വരും നാളുകളില്‍ പാര്‍ടിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കും.കേരളത്തിലും ബംഗാളിലും അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ മതേതര മുന്നണികളുടെ വിജയം ഉറപ്പാക്കണം.കേരളത്തില്‍ ഒരുവിഭാഗം മതമേലദ്ധ്യക്ഷന്മാരും ചില മാധ്യമങ്ങളും പാര്‍ടിക്കും എല്‍ ഡി എഫിനുമെതിരെ കള്ളപ്രചാരണങ്ങള്‍ നടത്തുകയാണെന്നും ഇതിനെ ചെറുത്തു തോല്‍പ്പിക്കണമെന്നും ആഹ്വാനമുണ്ടായി.അവിടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കോണ്‍ഗ്രസ് വര്‍ഗ്ഗീയശക്തികളെ കൂട്ട് പിടിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.ബംഗാളില്‍ മാവോയിസ്റ്റുകളുടെ ഒത്താശയോടെ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഇടതു പക്ഷ സര്‍ക്കാരിന് എതിരെ അട്ടിമറി ശ്രമം നടത്തുകയാണെന്ന് യോഗം വിലയിരുത്തി.തൃണമൂല്‍ കോണ്‍ഗ്രസ് മുഖ്യശത്രുവാണെന്കിലും അവരെ നേരിടാന്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കില്ല.ബംഗാളില്‍ പാര്‍ട്ടിക്കെതിരെ നടക്കുന്ന ഗൂഢാലോചന തുറന്നു കാണിക്കാന്‍ സപ്തംബര്‍ 12 മുതല്‍ 18 വരെ രാജ്യമെങ്ങും പ്രചാരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.കേന്ദ്രകമ്മിറ്റി യോഗത്തിന്റെ സമാപനം കുറിച്ച് കൊണ്ട് നടന്ന വന്പിച്ച പൊതുസമ്മേളനത്തെ പ്രകാശ് കാരാട്ട് അഭിസംബോധന ചെയ്തു.
2010, ഓഗസ്റ്റ് 7, ശനിയാഴ്‌ച
സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം വിജയവാഡയില്‍ ആരംഭിച്ചു
സി പി ഐ എമ്മിന്റെ വിപുലീകൃത കേന്ദ്രകമ്മിറ്റിക്ക് വിജയവാഡയില്‍ ഉജ്ജ്വലമായ തുടക്കം.ആഗസ്ത് 7 മുതല്‍ 10 വരെയാണ് കേന്ദ്രകമ്മിറ്റി ചേരുന്നത്.കോയമ്പത്തൂരില്‍ നടന്ന പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ നയം പുനരവലോകനം ചെയ്യുന്നതിനും, മാറിയ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട അടവുകള്‍ക്ക് രൂപം നല്കുന്നതിനുമാണ് കേന്ദ്രകമ്മിറ്റി വിളിച്ചു ചേര്‍ത്തിരിക്കുന്നത്.യു പി എ സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭ പരിപാടികളും യോഗം ആസൂത്രണം ചെയ്യും.പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ യു പി എ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചു.ഹിന്ദു വര്‍ഗീയതയേയും മുസ്ലിം വര്‍ഗീയതയേയും ഒരുപോലെ ചെറുത്തു തോല്പ്പിക്കുന്നതിനു മതേതര ബദല്‍ കെട്ടിപ്പടുക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു.നാല് ദിവസം നീളുന്ന കേന്ദ്രകമ്മിറ്റി യോഗം വന്പിച്ച റാലിയോടെ 10 ന് സമാപിക്കും.
2010, ജൂലൈ 29, വ്യാഴാഴ്‌ച
ഫാറൂഖ് കോളേജില്‍ ഫൊസ്റ്റാള്‍ജിയ ഡയമണ്ട് പ്ലസ് ആഗസ്ത് 1 ന്
ദക്ഷിണേന്ത്യയിലെ അലീഗഡ് എന്ന് വിശേഷിപ്പിക്കാറുള്ള ഫാറൂഖ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റൂഡന്‍റ്സ് അസോസിയേഷ (ഫോസ)ന്റെ ആഭിമുഖ്യത്തില്‍ 2010 ആഗസ്ത് 1 ന് ഞായറാഴ്ച 1948 മുതല്‍ 2010 വരെയുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും പൂര്‍വ്വാധ്യാപകരുടേയും സംഗമം ഫൊസ്റ്റാള്‍ജിയ ഡയമണ്ട് പ്ലസ് സംഘടിപ്പിക്കുന്നു. അന്ന് രാവിലെ 9.30 ന് റജിട്റേഷന്‍ ആരംഭിക്കും.10 മണി മുതല്‍ 1 മണി വരെ ബേച്ച് അടിസ്ഥാനത്തില്‍ ഒത്തുചേര്‍ന്ന് കലാലയ ജീവിതകാലത്തെ അനുഭവങ്ങള്‍ പങ്കിടും.ഫോസയുടെ ജില്ലാകമ്മറ്റികളുടെ രൂപികരണവും നടക്കും.ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ഉച്ചഭക്ഷണത്തിന് ശേഷം പൊതുവായ കൂട്ടായ്മ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ. കെ. ബഷീര്‍ ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ പൂര്‍വ്വാധ്യാപകരെ ആദരിക്കും. പൂര്‍വാധ്യാപക അനുസ്മരണം,റാങ്ക് ജേതാക്കളെ അനുമോദിക്കല്‍ ,പൂര്‍വവിദ്യാര്‍ത്ഥികളുടെ വെബ്സൈറ്റ് ഉദ്ഘാടനം എന്നിവയും ഉണ്ടാവും. കൈരളി പട്ടുറുമാല്‍ ഫെയിം അജയ് ഗോപാലും വിദ്യാര്‍ത്ഥികളും അവവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.
2010, ജൂലൈ 12, തിങ്കളാഴ്‌ച
ലോകകപ്പ്-ഡച്ച് പടയെ തുരത്തി സ്പെയിന്‍ കിരീടം ചൂടി
ജോഹനാസ് ബര്‍ഗ്ഗിലെ സോക്കര്‍ സിറ്റി സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ കാണികളെ സാക്ഷി നിര്‍ത്തി,ലോകകത്തെങ്ങുമുള്ള കോടിക്കണക്കിന് ടെലിവിഷന്‍ പ്രേക്ഷകരുടെ മനസ്സില്‍ നിലനിന്നിരുന്ന ആകാംക്ഷയുടെ നീര്‍ക്കുമിളകള്‍ പൊട്ടിച്ച്,ലോകകപ്പ് ജേതാക്കളുടെ നിരയിലേക്ക് സ്‌പെയിന്‍ അതിന്‍റെ വിജയ പതാക ഉയര്‍ത്തിക്കെട്ടി ഒരു ചരിത്ര ദൌത്യം പൂര്‍ത്തിയാക്കി.വന്‍കരയ്ക്ക് പുറത്തു വെച്ച് സംഘടിപ്പിക്കപ്പെട്ട ലോകകകപ്പ് ടൂര്‍ണമെന്റില്‍ ട്രോഫി നേടിയ പ്രഥമ യൂറോപ്യന്‍ ടീമെന്ന ബഹുമതിയും സ്പെയിന്‍ സ്വന്തമാക്കി.ഗോള്‍ രഹിത നിശ്ചിത സമയത്തിന് ശേഷം അനുവദിച്ച എക്സ്ട്രാ ടൈമിലെ ഇരുപത്തിയാറാം മിനുട്ടില്‍ ആന്ദ്രെ ഇനിയെസ്റ്റ നേടിയ ഗോള്‍ സ്പെയിനിനെ വിജയകിരീടം ചൂടിക്കുകയായിരുന്നു.ഇനിയെസ്റ്റ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.മികച്ച ഗോള്‍കീപ്പറായി സ്പാനിഷ് ഗോളി ഐകര്‍ കസിയസിനെ തെരഞ്ഞെടുത്തു.ടൂര്‍ണമെന്‍റിലെ മാന്യമായ കളിക്കുള്ള ഫെയര്‍ പ്ലേ സമ്മാനവും സ്പെയിന്‍ കരസ്ഥമാക്കി.ഉറുഗ്വയുടെ ഡീഗോ ഫോര്‍ലാന്‍ സുവര്‍ണ്ണ പന്തിനും, ജര്‍മ്മനിയുടെ തോമസ് മുള്ളര്‍ സുവര്‍ണ്ണപാദുകത്തിനും അര്‍ഹരായി.അങ്ങിനെ ആഫ്രിക്കയില്‍ നിന്നുള്ള ആരവമടങ്ങി,മനസ്സില്‍ ആഹ്ലാദത്തിന്റെ പൂത്തിരികളുമായി സ്പാനിഷ് ചുണക്കുട്ടികള്‍ മടങ്ങി...2014 ല്‍ ബ്രസീലില്‍ വീണ്ടും കാണാന്‍ വേണ്ടി ഒരു താല്‍ക്കാലിക വിടവാങ്ങല്‍...
2010, ജൂലൈ 9, വെള്ളിയാഴ്‌ച
ലോകകപ്പ്-ആരവമടങ്ങാന്‍ മണിക്കൂറുകള്‍...ആരാവും കപ്പില്‍ മുത്തമിടുക..?
ദക്ഷിണാഫ്രിക്കയിലെ വിവിധ നഗരങ്ങളില്‍ ഒരുമാസത്തോളമായി നടന്നുവരുന്ന ഫുട്ബോള്‍ മാമാങ്കത്തിന് കൊടിയിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.വന്‍മരങ്ങള്‍ പലതും കടപുഴകി വീണ ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങളില്‍ ഞായറാഴ്ച രാത്രി 12 മണിക്ക് നടക്കുന്ന കലാശക്കളിയില്‍,ജോഹാനസ്ബര്‍ഗ്ഗിലെ സോക്കര്‍ സിറ്റി സ്റ്റേഡിയത്തില്‍ പന്തുരുളുമ്പോള്‍ രണ്ട് യൂറോപ്യന്‍ ടീമുകളായ സ്പെയിനും ഹോളണ്ടും മുഖാമുഖം പൊരുതും. ആരാധകരും മാധ്യമങ്ങളും പാടിപ്പുകഴ്ത്തിയ റൂണി , റൊണാള്‍ഡോ,മെസ്സി മുതലായ ഫുട്ബോള്‍ ദൈവങ്ങളും ലാറ്റിനമേരിക്കന്‍ കരുത്തന്മാരായ ബ്രസീല്‍,അര്‍ജന്റീന തുടങ്ങിയ ടീമുകളും മുന്‍കാലങ്ങളില്‍ മികവ് തെളിയിച്ച ജര്‍മ്മനി,ഇറ്റലി,ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും അപ്പൂപ്പന്‍താടി പോലെ പാറിപ്പോയ 2010 ല്‍ ലോകകപ്പില്‍ ഇടം തേടാനുള്ള ആഫ്രോ-ഏഷ്യന്‍ സ്വപ്നങ്ങളും പൂവണിഞ്ഞില്ല.രണ്ടാം സെമിഫൈനലില്‍ ജര്‍മ്മനിക്കെതിരെ ലാറ്റിനമേരിക്കന്‍ ശൈലിയില്‍ കാണികള്‍ക്ക് ഹരം പകര്‍ന്ന സ്പാനിഷ് കളിക്കാര്‍ ,ഡച്ച് പടയുമായി ഏറ്റുമുട്ടുമ്പോള്‍ ലോകത്തെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത് ആരായിരിക്കും സ്വര്‍ണക്കപ്പില്‍ മുത്തമിടുക എന്നതാണ്.സ്പെയിനോ?ഹോളണ്ടോ?ഉത്തരം കിട്ടാന്‍ നമുക്ക് കാത്തിരിക്കാം ഞായറാഴ്ച അര്‍ദ്ധരാത്രി റഫറിയുടെ അവസാന വിസില്‍ മുഴങ്ങുന്നത് വരെ...
2010, ജൂലൈ 2, വെള്ളിയാഴ്‌ച
എം.ജി.രാധാകൃഷ്ണന്‍ അന്തരിച്ചു
പ്രശസ്ത ഗായകനും ചലച്ചിത്ര സംഗീത സംവിധായകനുമായ എം ജി രാധാകൃഷ്ണന്‍ അന്തരിച്ചു.ഇന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.സുപ്രസിദ്ധ സംഗീതജ്ഞനായിരുന്ന മലബാര്‍ ഗോപാലന്‍ നായരുടെ മകനായി ഹര്പ്പാട്ട് ജനിച്ചു.സംഗീതാഭ്യസനത്തിന് ശേഷം ആകാശവാണിയില്‍ ജോലിയില്‍ പ്രവേശിച്ചു.അക്കാലത്ത് എം ജി രാധാകൃഷ്ണന്റെ ലലളിത ഗാനങ്ങള്‍ ഏറെ ജനപ്രിയങ്ങളായി മാറി.അരവിന്ദന്റെ തമ്പ് എന്ന ചിത്രത്തിനാണ് ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.മണിച്ചിത്രതാഴ് എന്ന സിനിമയിലെ ഗാനങ്ങള്‍ ആസ്വാദകര്‍ ഏറെ ഇഷ്ടപ്പെട്ടു.രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്.പ്രശസ്ത ഗായകന്‍ എം ജി ശ്രീകുമാര്‍ സഹോദരനാണ്.മരണവാര്‍ത്തയറിഞ്ഞ് മുഖ്യമന്ത്രി വി എസ് ഉള്‍പ്പടെ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി.നാളെ 12 മണിമുതല്‍ സംഗീത കോളേജില്‍ പൊതു ദര്‍ശനത്തിനു വെച്ചതിനു ശേഷം 3 മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്കരിക്കും.
2010, ജൂൺ 24, വ്യാഴാഴ്‌ച
ഏഷ്യാകപ്പ് ഇന്ത്യക്ക് ചരിത്രവിജയം
ഒന്നര പതിറ്റാണ്ടിന്‍റെ കാത്തിരിപ്പിന് ശേഷം ശ്രീലങ്കയെ അവരുടെ സ്വന്തം നാട്ടില്‍ 81 റണ്‍സിനു തകര്‍ത്ത് ഇന്ത്യ ഏഷ്യകപ്പില്‍ മുത്തമിട്ടു.ലീഗ് മത്സരങ്ങളില്‍ ഇന്ത്യ ഉള്‍പ്പടെ എല്ലാ ടീമുകളെയും പരാജയപ്പെടുത്തി 14 പോയിന്റുകളോടെ ക്രീസിലിറങ്ങിയ ശ്രീലങ്കയ്ക്ക് ഇന്ന് ധാംബുള്ളയില്‍ അടിപതറി.മൂന്ന് തവണ ഫൈനലില്‍ തോല്‍പ്പിച്ചതിനുള്ള മധുരമായ പകരം വീട്ടല്‍ കൂടിയായി ഇന്ന് ഇന്ത്യക്ക്.ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.50 ഓവറുകളില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സിന്‍റെ വിജലക്ഷൃം കുറിച്ച് കൊണ്ട് ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിച്ചു.എന്നാല്‍ 44.4 ഓവറുകളില്‍ 187 റണ്‍സ് എടുക്കാനെ ശ്രീലങ്കയ്ക്ക് കഴിഞ്ഞുള്ളൂ.ഇന്ത്യന്‍ ഇന്നിംഗ്സില്‍ ഓപ്പണര്‍മാരില്‍ ഗൌതം ഗംഭീര്‍ 16 പന്തുകളില്‍ നിന്നും 15 റണ്‍സെടുത്തു റണ്‍ ഔട്ട് ആയെങ്കിലും, ദിനേശ് കാര്‍ത്തിക് 9 ഫോറുകളുമായി 84 പന്തുകളില്‍ നിന്നും അര്‍ദ്ധസെന്ച്വറിയോടെ 66 റണ്സെടുത്ത് ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടു.തുടര്‍ന്ന് വന്ന ബാറ്റ്സ്മാന്‍മാരില്‍ വിരാട് കൊഹലി 28/34 ,ക്യാപ്ടന്‍ എം എസ് ധോണി 38/50 ,രോഹിത് ശര്‍മ്മ 41/52 ,സുരേഷ് കുമാര്‍ റയ്ന 29/31 ,ജഡേജ 25/27 എന്നിവരെല്ലാം ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യന്‍ തേരോട്ടത്തിന് ആക്കം കൂട്ടി.ശ്രീലങ്കന്‍ കളിക്കാരില്‍ റണ്‍ വേട്ടക്കാരായ തിലക രത്നെ ദില്‍ഷന്‍,ആന്ജെലോ മാത്യൂസ് എന്നിവര്‍ക്ക് റണ്ണോന്നും എടുക്കാനാവാതെ മടങ്ങേണ്ടി വന്നു.തുടക്കത്തിലേ ശ്രീലങ്കയുടെ ബാറ്റിങ്ങ് തകര്‍ച്ച കാണാമായിരുന്നു.അവര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമായത് ചാമര കപുഗടെരയുടെ 88 പന്തില്‍ നിന്നും കിട്ടിയ 55 റണ്ണുകള്‍ മാത്രം.ദിനേശ് കാര്‍ത്തിക് മാന്‍ ഓഫ് ദി മാച്ച് ആയും ,ശഹീദ് അഫ്രീദി മാന്‍ ഓഫ് ദി സീരീസ് ആയും തെരഞ്ഞെടുക്കപ്പെട്ടു.ട്വന്‍റി 20 മത്സരങ്ങളില്‍ നിന്നുണ്ടായ നാണക്കേടില്‍ നിന്നും കരകയറാന്‍ ധോണിക്കും കൂട്ടുകാര്‍ക്കും ഏഷ്യകപ്പ് ടൂര്‍ണമെന്‍റിലെ ഈ ഐതിഹാസിക വിജയം തുണയാകുമെന്നു പ്രതീക്ഷിക്കാം.
ലേബലുകള്‍:
ക്രിക്കറ്റ് വാര്‍ത്തകള്‍
2010, ജൂൺ 16, ബുധനാഴ്‌ച
ഏഷ്യാകപ്പ് ക്രിക്കറ്റിനു ശ്രീലങ്കയില്‍ തുടക്കമായി
ഏഷ്യാകപ്പ് 2010 ന് വേണ്ടിയുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ശ്രീലങ്കയിലെ ധാംബുള്ളയില്‍ തുടക്കമായി.ഇന്ത്യ,പാക്കിസ്ഥാന്‍,ശ്രീലങ്ക,ബംഗ്ലാദേശ് എന്നീ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റ് ജൂണ്‍ 24 വരെ നീണ്ടു നില്ക്കും.ശ്രീലങ്കയും പാക്കിസ്ഥാനും തമ്മില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്ക പാക്കിസ്ഥാനെ 16 റണ്‍സിനു പരാജയപ്പെടുത്തി.ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 50 ഓവറുകളില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന് 47 ഓവറുകളില്‍ 226 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.76 പന്തില്‍ നിന്നും മികച്ച സെഞ്ച്വറിയോടെ 109 റണ്ണുകള്‍ വാരിക്കൂട്ടിയ പാക്കിസ്ഥാന്‍റെ ശഹീദ് അഫ്രീദിയാണ് മാന്‍ ഓഫ് ദി മാച്ച്. ശ്രീലങ്കയുടെ ലസിത് മലിംഗ 5 വിക്കറ്റുകള്‍ വീഴ്ത്തി.ഇന്ത്യയടെ ആദ്യമല്‍സരം 16 ന് ബുധനാഴ്ച ഉച്ചക്ക് 2.30 ന് ബംഗ്ലാദേശുമായി നടക്കും.
2010, ജൂൺ 11, വെള്ളിയാഴ്‌ച
ഇ എം എസിന്‍റെ ലോകം ദേശീയ സെമിനാര്‍ നാളെ മുതല്‍
ഇ എം എസ് ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ ജൂണ്‍ 12 ,13 തിയ്യതികളില്‍ ഇ എം എസിന്‍റെ ലോകം എന്ന ദേശീയ സെമിനാര്‍ നടക്കുന്നതാണ്.ശനിയാഴ്ച രാവിലെ 10 മണിക്ക് മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ അദ്ധ്യക്ഷതയില്‍ സി പി ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നതാണ്.ഉച്ചയ്ക്ക് 1.30 ന് 'ജാതി-മത രാഷ്ട്രീയത്തിന്റെ വര്‍ത്തമാനം'എന്ന സെഷന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി ഉദ്ഘാടനം ചെയ്യും.സി പി ഐ (എം)കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എ വിജയരാഘവന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സെഷനില്‍ കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ.കെ ജി പൗലോസ്,പ്രൊഫ.ഹമീദ് ചേന്നമംഗലൂര്‍,പ്രൊഫ.എം എം നാരായണന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.ഞായറാഴ്ച രാവിലെ 9.30 ന് കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കുറിച്ചുള്ള സെഷനില്‍ സി പി ഐ (എം) പി ബി അംഗം എസ് രാമചന്ദ്രന്‍ പിള്ള ,മന്ത്രി ഡോ.ടി എം തോമസ് ഐസക്ക്, കെ ടി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.വൈകുന്നേരം 5 മണിക്ക് സി പി ഐ (എം) മലപ്പുറം ജില്ലാ സെക്രട്ടറി കെ ഉമ്മറിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഇ എന്‍ മോഹന്‍ദാസ്,വേലായുധന്‍ വള്ളിക്കുന്ന്,എം കൃഷ്ണന്‍ എന്നിവര്‍ സെമിനാറിന്‍റെ ഒരുക്കങ്ങളെ പറ്റി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
ലോകകപ്പ് ഫുട്ബോള്‍ കിക്കോഫിന് മണിക്കൂറുകള്‍ മാത്രം
ദക്ഷിണാഫ്രിക്കയിലെ സുവര്‍ണനഗരിയായ ജോഹനസ്ബര്‍ഗ്ഗിലെ സോക്കര്‍സിറ്റി സ്റ്റേഡിയത്തില്‍ ലോക ഫുട്ബാള്‍ മാമാങ്കത്തിന് തുടക്കം കുറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.ലോകപ്രശസ്ത പോപ് ഗായിക ഷക്കീറയുടേയും സംഘത്തിന്‍റേയുംയും സംഗീത നൃത്ത വിരുന്നിന്‍റെ ലഹരി തീരും മുമ്പേ,വിശ്വവിമോചന നായകന്‍ നെല്‍സണ്‍ മണ്ടേലയുടെ നാട്ടില്‍ 30 നാളുകള്‍ നീണ്ടുനില്‍ക്കുന്ന മത്സരങ്ങളുടെ കിക്ക് ഓഫ് ലോകത്തെങ്ങുമുള്ള 200 കോടി ടെലിവിഷന്‍ പ്രേക്ഷകരെയും സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ഒരുലക്ഷം കാണികളെയും സാക്ഷി നിര്‍ത്തി നടക്കും.ഇന്ത്യന്‍ സമയം രാത്രി 7.30 ന് ഉല്‍ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക മെക്സിക്കോയെ നേരിടും.രാത്രി 12 മണിക്ക് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഉറുഗ്വേ ഫ്രാന്‍സുമായി ഏറ്റുമുട്ടും.
2010, മേയ് 17, തിങ്കളാഴ്‌ച
ട്വന്‍റി 20 ലോകകപ്പ്-ഇംഗ്ലണ്ട് കിരീടം ചൂടി
ബാര്‍ബഡോസിലെ കെന്സിങ്ങ് ടണ്‍ ഓവല്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ക്രിക്കറ്റ് ലോകത്തില്‍ തങ്ങളുടെ പരമ്പരാഗത വൈരികളായ ഓസ്ട്രേലിയയുടെ കിരീടമോഹത്തെ നിലംപരിശാക്കി ഇംഗണ്ട് 7 വിക്കറ്റിനു വിജയം സ്വന്തമാക്കി ,2010 ലെ ചാമ്പ്യന്‍മാരായി.ടോസ് നേടി ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്ത ക്യാപ്ടന്‍ കോളിങ്ങ് വുഡിന്‍റെ തീരുമാനം ശരിയായിരുന്നെന്ന് തുടര്‍ന്നുള്ള കളി സാക്ഷൃപ്പെടുത്തി.8 റണ്‍സ് എടുക്കുന്നിതിനിടയില്‍ എതിരാളികളുടെ വിലപ്പെട്ട 3 വിക്കറ്റുകള്‍ വീണു. ബാറ്റിംഗ് തകര്‍ച്ചയോടെ ആരംഭിച്ച ഓസ്ട്രല്യന്‍ ഇന്നിംഗ്സ് ഡേവിഡ് ഹസി (59/54),കാമറൂണ്‍ വൈറ്റ് (30/19 )എന്നിവരുടെ രക്ഷപ്പെടുത്തലുകളിലൂടെ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു.ഇംഗ്ലണ്ടിന്‍റെ ഇന്നിംഗ്സിലാവട്ട ക്രെയ്ഗ് കിസ് വെറ്റെറും(63/49 )കെവിന്‍ പീറ്റേഴ്സണും (47/31 ) കൂടി വ്യക്തമായ കണക്കുകൂട്ടലുകളിലൂടെ കങ്കാരുക്കളുടെ ശവപ്പെട്ടിയില്‍ ആണികള്‍ അടിച്ചു കൊണ്ടേയിരുന്നു.ക്യാപ്ടന്‍ കോളിംഗ് വുഡും എവിന്‍ മോര്‍ഗനും കൂടി ചേര്‍ന്നപ്പോള്‍ ഇംഗ്ലണ്ടിന്‍റെ വിജയം സുനിശ്ചിതമായി.3 ഓവറുകള്‍ ബാക്കി നില്‍ക്കെ 3 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു ഇംഗ്ലണ്ട് ഓസ്ട്രേലിയയോടു മധുരമായി പകരം വീട്ടി,ഐ സി സി ലോകകപ്പ് സ്വന്തമാക്കി.ഇംഗ്ലണ്ട് ഇതാദ്യമായാണ് ലോകകപ്പ് നേടുന്നത്.കിസ് വെറ്റെര്‍ മാന്‍ ഓഫ് ദി മാച്ച് ആയും, പീറ്റേഴ്സണ്‍ മാന്‍ ഓഫ് ദി സീരീസ് ആയും തെരഞ്ഞെടുക്കപ്പെട്ടു.അങ്ങിനെ കരീബിയന്‍ മണ്ണില്‍ രണ്ടാഴ്ച നീണ്ടു നിന്ന ക്രിക്കറ്റ് മാമാങ്കത്തിന് തിരശ്ശീല വീണു.
ലേബലുകള്‍:
ക്രിക്കറ്റ് വാര്‍ത്തകള്‍
2010, മേയ് 15, ശനിയാഴ്‌ച
ട്വന്‍റി 20 അവസാനപോരാട്ടം നാളെ ഓസ്ട്രേലിയയും ഇംഗ്ളണ്ടും തമ്മില്‍
ലോകചാമ്പ്യന്‍ പദവിക്കിണങ്ങിയ വിധം മികച്ച കളിയിലൂടെ പാക്കിസ്ഥാന്‍ ലക്ഷൃമിട്ടു കൊടുത്ത കൂറ്റന്‍ സ്കോറിനെ മറികടക്കാന്‍ മൈക്കിള്‍ ഹസിയുടെ മാജിക് ബാറ്റിങ്ങിലൂടെ സാധിച്ചെടുത്ത ഓസീസ് ലോകകപ്പ് കൈയ്യെത്തും ദൂരത്തു നിര്‍ത്തിക്കൊണ്ട് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു.വെള്ളിയാഴ്ച സെന്‍റ് ലൂസിയയിലെ ബോസെജോര്‍ സ്റ്റേഡിയത്തില്‍ വീര്‍പ്പടക്കി നിന്ന കാണികളെ സാക്ഷി നിര്‍ത്തി രണ്ടാം സെമി ഫൈനലില്‍ പാക്കിസ്ഥാന്റെയും ഓസ്ട്രേലിയയുടെയും വാശിയേറിയ പോരാട്ടമാണ് നടന്നത്. ടോസ് നേടിയ ഓസ്ട്രേലിയ ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്തു.പാക്കിസ്ഥാന്‍ അക്മല്‍ സഹോദരന്മാരുടെ മികവുറ്റ ബാറ്റിങ്ങിന്റെ കരുത്തില്‍ ഓസ്ട്രേലിയക്ക് 191 റണ്സിറെ വിജയലക്ഷൃം കുറിച്ചു.മറുപടി ബാറ്റിങ്ങിറങ്ങിയ ഒസീസിനാവട്ടെ അവരുടെ ഇന്നിംഗ്സിന്റെ തുടക്കത്തില്‍ മേല്‍ക്കൈ നേടാനായില്ല.21 പന്തുകള്‍ ബാക്കിനില്‍ക്കെ ജയിക്കാന്‍ 53 റണ്‍സ് വേണ്ടിയിരുന്ന ഓസീസ് കരകയറിയത് മൈക്കിള്‍ ഹസി 24 പന്തില്‍ നിന്നും അടിച്ചു കൂട്ടിയ 60 റണ്‍സിന്റെ ബലത്തിലാണ്.അവര്‍ 19.5 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തു വിജയം കണ്ടു.അങ്ങിനെ ഈ ടൂര്‍ണമെന്റില്‍ ഇതുവരെ പരാജയം എന്തെന്നറിയാതെ ജയിച്ചു കയറിയ ഓസ്ട്രേലിയ കഴിഞ്ഞ വര്‍ഷത്തെ ചാമ്പൃന്മാരെ തോല്‍പ്പിച്ചു ഫൈനലിലെത്തി.നവാഗതരും പരിചയസമ്പന്നരും ഒത്തിണങ്ങിയ ഓസീസിന്റെ കിരീടമോഹത്തിന് അങ്ങിനെ ചിറകു മുളച്ചിരിക്കയാണ്.വ്യാഴാഴ്ച നടന്ന ഒന്നാം സെമി ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചു ഫൈനലില്‍ എത്തിയ ഇംഗ്ളണ്ടുമായി നാളെ രാത്രി ഇന്ത്യന്‍ സമയം 9 മണിക്ക് ബാര്‍ബഡോസിലെ കെന്സിങ്ങ് ടണ്‍ ഓവലില്‍ ഓസ്ട്രേലിയ ഏറ്റുമുട്ടും.
2010, മേയ് 12, ബുധനാഴ്‌ച
ട്വന്‍റി 20 സെമിഫൈനലുകള്‍ക്ക് കളമൊരുങ്ങി
സുപ്പര്‍ 8 മത്സരങ്ങളുടെ വെടിക്കെട്ട് അവസാനിച്ചു.ഇനി വാശിയേറിയ സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് സെന്‍റ് ലൂസിയയിലെ ബോസെജോര്‍ സ്റ്റേഡിയം 13 ,14 തിയ്യതികളില്‍ വേദിയാകും.13 ന് ഇന്ത്യന്‍ സമയം രാത്രി 9 മണിക്ക് നടക്കുന്ന ഒന്നാം സെമിഫൈനലില്‍ 6 പോയിന്റുമായി ഇ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇംഗ്ളണ്ടും, എഫ് ഗ്രൂപ്പില്‍ നിന്നും 4 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തിയ ശ്രീലങ്കയും തമ്മിലാണ് മത്സരം.രണ്ട് ടീമുകളും തുല്യ ശക്തികളാണെങ്കിലും ശ്രീലങ്കയ്ക്കാണ് നേരിയ മുന്‍ തൂക്കം.എങ്കിലും ട്വന്‍റി 20 മത്സരം ആയതുകൊണ്ട് തന്നെ ഫലം പ്രവചനാതീതമാണ്.14 ന് നടക്കുന്ന രണ്ടാം സെമിഫൈനലില്‍ ഏറ്റുമുട്ടുന്നത് എഫ് ഗ്രൂപ്പില്‍ നിന്നും 6 പോയിന്റുകളുമായി സെമിയിലെത്തിയ കരുത്തരായ ഓസ്ട്രേലിയയും ഇ ഗ്രൂപ്പില്‍ നിന്നും 2 പോയിന്റുകളുമായി ഭാഗ്യം തുണച്ചത് കൊണ്ടുമാത്രം സെമിഫൈനലില്‍ കടന്നു കൂടിയ മുന്‍ ചാമ്പൃന്‍മാരായ പാക്കിസ്ഥാനുമാണ്. ശക്തരായ ഇരു ടീമുകളില്‍ നിന്ന് ആരായിരിക്കും ഫൈനലില്‍ ഇടം നേടുക എന്നറിയാന്‍ കളി കഴിയുന്നതുവരെ കാത്തിരിക്കണം.
ലേബലുകള്‍:
ക്രിക്കറ്റ് വാര്‍ത്തകള്‍
ട്വന്റി 20 ലോകകപ്പ് ഇന്ത്യ നാണം കെട്ട് മടങ്ങുന്നു
സുപ്പര്‍ 8 മത്സരത്തില്‍ ഒരു ആശ്വാസ ജയം പോലും നേടാന്‍ കഴിയാതെ ട്വന്‍റി 20 ലോകകപ്പ് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി ഇന്ത്യന്‍ കളിക്കാര്‍ നാണം കെട്ട് നാട്ടിലേക്ക് മടങ്ങുന്നു.സെന്‍റ് ലൂസിയയില്‍ ഇന്ന് നടന്ന നിര്‍ണ്ണായക മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ 163 റണ്‍സെടുത്തു.ടൂര്‍ണമെന്‍റില്‍ നിന്നും പുറത്താകാതിരിക്കാന്‍ ശ്രീലങ്കയെ 143 റണ്‍സില്‍ തളയ്ക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു ശ്രീലങ്ക ഇന്ത്യക്കെതിരെ വിജയം നേടുകയും ചെയ്തു.പഴയ ലങ്കന്‍ സിംഹക്കുട്ടികളായ ജയസൂര്യയും ജയവര്‍ദ്ധനയും കാര്യമായൊന്നും ചെയ്യാന്‍ കഴിയാതെ പവലിയനിലേക്ക് മടങ്ങിയപ്പോള്‍ ,കുമാര്‍ സംഗക്കാര 46/33 ,ആന്ജലൊ മാത്യൂസ് 46/37 ,ചാമര കാന്ത കപുഗെദേര 37/16 ,തിലകരത്നെ ദില്‍ഷന്‍ 33/26 എന്നിവരുടെ മികച്ച പ്രകടനമാണ് ലങ്കന്‍ ടീമിനെ ജയത്തിലേക്ക് നയിച്ചത്.ആന്ജലൊ മാത്യൂസ് ആണ് മാന്‍ ഓഫ് ദി മാച്ച്.ഇന്ത്യന്‍ ഇന്നിംഗ്സില്‍ സുരേഷ് റയ്ന 63 /47 ,ഗൌതം ഗംഭീര്‍ 41 /32 ,എം എസ് ധോണി 23/19 എന്നിവരാണ് കുറച്ചെങ്കിലും തിളങ്ങിയത്.ബൌളിങ്ങില്‍ അല്പമെങ്കിലും പിടിച്ചു നില്‍ക്കാനായത് വിനയ് കുമാറിന് മാത്രം.ഏതായാലും 2009 ന്‍റെ പുനരാവര്‍ത്തനം പോലെ 2010 ലും ഇന്ത്യക്കേറ്റ കനത്ത പരാജയത്തെ പറ്റി ബി സി സി ഐ യും സെലക്ടര്‍മാരും ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭ്യുദയകാംക്ഷികളും ആഴത്തില്‍ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
2010, മേയ് 9, ഞായറാഴ്‌ച
ദേശാഭിമാനി ആസ്ഥാനമന്ദിരം തുറന്നു
ജനങ്ങളുടെ പത്രം ദേശാഭിമാനി ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്കുള്ള പ്രയാണത്തില്‍ ഒരു പടവ് കൂടി പിന്നിട്ട്, അതിന്‍റെ ആസ്ഥാനമന്ദിരം തിരുവനന്തപുരത്ത് പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചു .തമ്പാനൂരില്‍ അരിസ്റ്റൊ ജംഗ്ഷനിലെ ആസ്ഥാനമന്ദിരത്തിന്റെ അങ്കണത്തില്‍ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷി നിര്‍ത്തി സി പി ഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മന്ദിരം ഉല്‍ഘാടനം ചെയ്തു.പുതിയ പ്രസ്സിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിര്‍വ്വഹിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി.മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാല്‍,കവി ഒ എന്‍ വി കുറുപ്പ്,നടന്‍ മുകേഷ്,രാഷ്ട്രീയ പാര്‍ടി നേതാക്കള്‍,മന്ത്രിമാര്‍,മറ്റു ജനപ്രതിനിധികള്‍,മാധ്യമ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.സംഗീത സംവിധായകന്‍ ജോണ്‍സന്‍റെ നേതൃത്വത്തില്‍ 'ശക്തിഗാഥ'യുടെ സംഗീത പരിപാടി ചടങ്ങിനു മിഴിവേകി.ഉല്‍ഘാടനത്തോടനുബന്ധിച്ചുള്ള പ്രത്യേക പതിപ്പ് ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി നടന്‍ മുകേഷിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ സ്വാഗതവും സംഘാടകസമിതി ചെയര്‍മാന്‍ കടകംപള്ളി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
2010, മേയ് 8, ശനിയാഴ്‌ച
ദേശാഭിമാനി ആസ്ഥാനമന്ദിരം ഇന്ന് ഉല്‍ഘാടനം ചെയ്യും
ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും, പൌരാവകാശ ലംഘനങ്ങള്‍ ചെറുക്കുന്നതിനും എന്നും മുന്‍തൂക്കം നല്‍കി വരുന്ന ജനകീയ മാധ്യമമായ ദേശാഭിമാനി പത്രത്തിന്റെ വളര്‍ച്ചയുടെ ഒരു പടവ് കൂടി പിന്നിടുന്ന അവിസ്മരണീയ മുഹൂര്‍ത്തത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം.തിരുവനന്തപുരം റയില്‍വേ സ്റ്റേഷന് സമീപം തമ്പാനൂരിലെ അരിസ്റ്റൊ ജംഗ്ഷനില്‍ നിര്‍മ്മിച്ച ദേശാഭിമാനി ആസ്ഥാനമന്ദിരം ഇന്ന് വൈകിട്ട് 5 ന് സി പി ഐ (എം )ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉല്‍ഘാടനം ചെയ്യും.പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചടങ്ങില്‍ അദ്ധ്യക്ഷനാവും.പുതിയ പ്രസ്സിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം മുഖ്യമന്തി വി എസ് അച്ചുതാനന്ദന്‍ നിവ്വഹിക്കും.ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ സ്വാഗതം പറയും.പി ബി അംഗം കോടിയേരി ബാലകൃഷ്ണന്‍,സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍,യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും.ആയിരങ്ങള്‍ പങ്കെടുക്കുന്ന ഉല്‍ഘാടന ചടങ്ങില്‍ സംസ്ഥാനത്തെ രാഷ്ട്രീയ-കല-സാംസ്കാരിക -മാധൃമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.ഉല്‍ഘാടനത്തിന് ശേഷം കലാപരിപാടികള്‍ അരങ്ങേറും.
2010, മേയ് 7, വെള്ളിയാഴ്‌ച
ട്വന്‍റി 20 സൂപ്പര്‍ 8 ല്‍ ഇന്ത്യക്ക് ദയനീയ പരാജയം
സൂപ്പര്‍ 8 ല്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസീസിനോട് ദയനീയമായി പരാജയപ്പെട്ടു.ബാര്‍ബഡോസില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.ഓസ്ട്രേലിയ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി.ഓസ്ട്രേലൃന്‍ ബാറ്റ്സ്മാന്‍മാരായ ഷെയ്ന്‍ വാട്സണ്‍,ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ നേടിയ കൂറ്റന്‍ സ്കോറാണ് ഓസീസിനെ വിജയകിരീടം അണിയിച്ചത്.വാട്സണ്‍ 32 പന്തില്‍ നിന്നും 6 സിക്സും 1 ഫോറും ഉള്‍പ്പടെ 54 റണ്‍സും, വാര്‍ണര്‍ 42 പന്തില്‍ നിന്നും 7 സിക്സും 2 ഫോറുമായി നേടിയ 72 റണ്‍സും കംഗാരുക്കള്‍ക്ക് കരുത്ത് പകര്‍ന്നു.22 പന്തില്‍ നിന്നും ഡേവിഡ് ഹസി അടിച്ചെടുത്ത 35 റണ്‍സും ഓസീസിന് മുതല്‍ക്കൂട്ടായി.ഓസ്ട്രലിയയുടെ റണ്‍ റേറ്റ് 9.20. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ വിക്കറ്റുകള്‍ ഓരോന്നായി വീഴുന്നതാണ് പിന്നെ നാം കാണുന്നത്.ഓസീസിന്റെ ഉയര്‍ന്ന റണ്‍ റേറ്റ് എത്തിപ്പിടിക്കാനുള്ള ശ്രമത്തിനിടയില്‍ 23 റണ്‍സ് എടുക്കുമ്പോഴേക്കും ഇന്ത്യക്ക് 4 വിക്കറ്റുകള്‍ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.46 പന്തില്‍ നിന്നും 79 റണ്ണുകള്‍ വാരിക്കൂട്ടിയ രോഹിത് ശര്‍മ്മയുടെ മികച്ച പ്രകടനം കൂടി ഇല്ലാതിരുന്നെങ്കില്‍ ധോണിക്കും കൂട്ടുകാര്‍ക്കും റണ്ണുകളുടെ എണ്ണം 3 അക്കം തികയ്ക്കാന്‍ പോലും കഴിയുമായിരുന്നില്ല.13 റണ്‍സെടുത്ത ഹര്‍ഭജന്‍ സിംഗ് ഒഴികെ ഇന്ത്യയുടെ പ്രതീക്ഷയായ മുരളി വിജയ്,സുരേഷ്കുമാര്‍ റയ്ന,യുവരാജ് സിംഗ് എന്നിവര്‍ക്ക് 2 അക്കം പോലും തികയ്ക്കാനായില്ല.7.64 ന്‍റെ റണ്‍ റേറ്റുമായി 17.4 ഓവറില്‍ 135 റണ്‍സിനു ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിച്ചു.അങ്ങിനെ ഇന്ത്യയടെ കിരീട മോഹത്തിന് മങ്ങലേല്‍പ്പിച്ചു കൊണ്ട് 49 റണ്‍സിനു ഓസീസിനോട് അടിയറവു പറഞ്ഞു.ഇന്ത്യയുടെ അടുത്ത കളി മെയ് 9 ന് ഞായറാഴ്ച വെസ്റ്റിന്‍ഡീസുമായാണ്.
ലേബലുകള്‍:
ക്രിക്കറ്റ് വാര്‍ത്തകള്‍
2010, മേയ് 6, വ്യാഴാഴ്‌ച
ട്വന്‍റി 20 സൂപ്പര്‍ 8 ന് തുടക്കം, ഇന്ത്യയുടെ കളി നാളെ
ട്വന്‍റി 20 ലോക കപ്പിന് വേണ്ടി ഇന്ന് മുതല്‍ ഉശിരന്‍ മത്സരങ്ങള്‍.ബാര്‍ബഡോസില്‍ ഇന്നാരംഭിക്കുന്ന സൂപ്പര്‍ 8 ആദ്യ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ പാക്കിസ്ഥാന്‍ ഇംഗ്ളണ്ടുമായും, രണ്ടാമത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ന്യൂസീലാന്ഡുമായും ഏറ്റുമുട്ടും.12 ടീമുകള്‍ മാറ്റുരച്ച പ്രാഥമിക റൌണ്ടില്‍ ബംഗ്ലാദേശ്,സിംബാബ്‌വെ.അഫ്ഗാനിസ്ഥാന്‍,അയര്‍ലന്‍ഡ് എന്നീ ടീമുകള്‍ സൂപ്പര്‍ 8 ലേക്ക് കടക്കാനാവാതെ പുറത്തായി.യോഗ്യത നേടിയ ഇന്ത്യ,ആസ്ട്രേലിയ,വെസ്റ്റിന്‍ഡീസ്,ശ്രീലങ്ക എന്നീ ടീമുകളെ ഇ ഗ്രൂപ്പിലും പാക്കിസ്ഥാന്‍,ഇംഗ്ളണ്ട്,ദക്ഷിണാഫ്രിക്ക,ന്യൂസിലാന്ഡ് എന്നീ ടീമുകളെ എഫ് ഗ്രൂപ്പിലും പെടുത്തിയാണ് സൂപ്പര്‍ 8 മല്‍സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.ഓരോ ടീമും ഗ്രൂപ്പിലെ മറ്റു മൂന്ന് ടീമുകളുമായി മത്സരിച്ചു രണ്ടെണ്ണത്തിലെന്കിലും ജയിച്ചാലേ സെമി ഫൈനലില്‍ എത്തുകയുള്ളൂ.ബാര്‍ബഡോസിലും സെന്‍റ് ലൂസിയയിലുമായാണ് സൂപ്പര്‍ 8 മത്സരങ്ങള്‍ക്ക് വേദിയൊരുങ്ങുന്നത്.സെന്‍റ് ലൂസിയയിലെ വേഗം കുറഞ്ഞ പിച്ചിനെ അപേക്ഷിച്ച് ബൌളര്‍മാര്‍ക്ക് അനുകൂലമായ ബാര്‍ബഡോസിലെ ഗ്രൌണ്ട് കളിയുടെ ഗതി എങ്ങിനെ നിര്‍ണ്ണയിക്കുമെന്ന് കണ്ടറിയണം.മഴയുടെ കളി മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് ഭീഷണിയായിട്ടുണ്ട്.ഇന്ത്യയുടെ ആദ്യ മത്സരം നാളെ രാത്രി 7 മണിക്ക് ആസ്ട്രേലിയയുമായും,രണ്ടാമത്തെ മത്സരം മെയ് 9 ന് ഞായറാഴ്ച വെസ്റ്റിന്‍ഡീസുമായി ബാര്‍ബഡോസിലും,മൂന്നാമത്തെ മത്സരം പതിനൊന്നാം തിയ്യതി ശ്രീലങ്കയുമായി സെന്‍റ് ലൂസിയയിലും നടക്കും.മൂന്നു മത്സരങ്ങളിലും കരുത്തരായ എതിരാളികളെയാണ് ഇന്ത്യയ്ക്ക് നേരിടാനുള്ളത്.മഹേന്ദ്രസിംഗ് ധോണിയുടെ നായകത്വവും സുരേഷ് കുമാര്‍ റയ്ന,യുവരാജ് സിംഗ് തുടങ്ങിയ കളിക്കാരുടെ മികച്ച ഫോമും ഇന്ത്യയ്ക്ക് തുണയാകുമെന്നു പ്രതീക്ഷിക്കാം.
ലേബലുകള്‍:
ക്രിക്കറ്റ് വാര്‍ത്തകള്‍
2010, മേയ് 2, ഞായറാഴ്‌ച
ട്വന്‍റി 20 ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ സുപ്പര്‍ 8 ല്‍ കടന്നു
ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ ആഗ്രഹിച്ചതു പോലെ സംഭവിച്ചു.സെന്‍റ് ലൂസിയയിലെ മൈതാനത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ തളച്ച് ഇന്ത്യ ടൂര്‍ണമെന്‍റിന്‍റെ അടുത്ത റൌണ്ടായ സുപ്പര്‍ 8 ലേക്ക് യോഗ്യത നേടി.ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്ത് ഇന്ത്യയെ ബാറ്റിങ്ങിന് പറഞ്ഞയക്കുകയായിരുന്നു.ഇന്ത്യന്‍ റണ്‍ വേട്ടക്കാരന്‍ സുരേഷ്കുമാര്‍ റയ്നക്ക് സെഞ്ചുറി സമ്മാനിച്ച ഇന്ത്യന്‍ ഇന്നിംഗ്സ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സില്‍ അവസാനിച്ചു.9 ഫോറും 5 സിക്സും വാരിക്കൂട്ടിയ റയ്ന 60 പന്തുകളില്‍ നിന്നും 101 റണ്സെടുത്ത് ഇന്ത്യയുടെ വിജയത്തിന് ശക്തമായ അടിത്തറ പാകി.37 പന്തില്‍ നിന്നും 30 റണ്‍സെടുത്ത യുവരാജും ഇന്ത്യയുടെ വിജയത്തിന് ആക്കം കൂട്ടി.ഇന്ത്യയുടെ റണ്‍ റേറ്റ് 9.3 .ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് കാലീസിന്റെയും സ്മിത്തിന്റെയും വെടിക്കെട്ടോടെ തന്നെ ആരംഭിച്ചു.3 ഫോറും 3 സിക്സും അടക്കം 54 പന്തില്‍ നിന്നും 73 റണ്‍സെടുത്ത കാലീസിനും 28 പന്തില്‍ നിന്നും 36 റണ്‍സെടുത്ത സ്മിത്തിനും 15 പന്തില്‍ നിന്നും 31 റണ്‍സെടുത്ത വില്ലിയേഴ്സിനും ദക്ഷിണാഫ്രിക്കയെ തോല്‍വിയില്‍ നിന്നും കരകയറ്റാന്‍ കഴിഞ്ഞില്ല.8.60 റണ്‍ റേറ്റുമായി 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സോടെ ദക്ഷിണാഫ്രിക്ക പരാജയം സമ്മതിച്ചു.14 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്.അങ്ങിനെ പ്രാഥമിക റൌണ്ടില്‍ ധോണിയും കൂട്ടുകാരും ഇന്ത്യയുടെ മാനം കാത്തു.ഇനി അവര്‍ക്ക് സുപ്പര്‍ 8 ല്‍ ഒരു കൈ നോക്കാം.
2010, മേയ് 1, ശനിയാഴ്‌ച
ട്വന്‍റി 20 ഇന്ത്യ അഫ്ഗാനിസ്ഥാനെ 7 വിക്കറ്റിനു തോല്‍പ്പിച്ചു
ട്വന്‍റി 20 പ്രാഥമിക റൌണ്ടിലെ മൂന്നാമത്തെ മത്സരത്തില്‍ നവാഗതരായ അഫ്ഗാനിസ്ഥാനെ മുന്‍ ചാമ്പ്യന്‍ മാരായ ഇന്ത്യ 7 വിക്കറ്റിനു പരാജയപ്പെടുത്തി.സെന്‍റ് ലൂസിയയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിന് അയച്ചു.അഫ്ഗാന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.48 പന്തില്‍ നിന്നും 50 റണ്‍സെടുത്ത നൂര്‍ അലിയാണ് അവരുടെ ടോപ് സ്കോറര്‍.33 പന്തില്‍ നിന്നും 30 റണ്‍സെടുത്ത അസ്ഗറിനെ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റു ബാറ്റ്സ്മാന്‍മാര്‍ക്കെല്ലാം ഒറ്റയക്കത്തിലൊതുങ്ങുന്ന റണ്‍സേ നേടാനായുള്ളൂ.116 റണ്സ് വിജയലക്ഷൃവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഫ്ഗാന്‍റെ 5.75 റണ്‍ റേറ്റ് മറികടന്നു 13.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു.ഇന്ത്യയുടെ റണ്സ് റേറ്റ് 7.82 ആണ്.മുരളി വിജയ് 46 പന്തില്‍ നിന്നും നേടിയ 48 റണ്‍സും (2 ഫോറും 3 സിക്സും)ഇന്ത്യയുടെ വിജയത്തിന് താങ്ങായി.22 പന്തില്‍ നിന്നും യുവരാജ് സിംഗ് നേടിയ 23 റണ്‍സും ഇന്ത്യയുടെ വിജയം അനായാസമാക്കി.മറ്റൊരു മത്സരത്തില്‍ പാകിസ്താന്‍ ബംഗ്ലാദേശിനെതിരെ 21 റണ്‍സിനു വിജയിച്ചു.ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയേയും ,പാകിസ്താന്‍ ഓസ്ട്രേലിയയേയും നേരിടും.
ലേബലുകള്‍:
ക്രിക്കറ്റ് വാര്‍ത്തകള്‍
ട്വന്റി 20 ആദ്യമത്സരത്തില്‍ ന്യൂസീലാന്‍ഡിന് വിജയം
ട്വന്‍റി 20 ലോകകപ്പിന് വേണ്ടി വെസ്റ്റിന്‍ഡീസിലെ ഗയാനയില്‍ നടന്ന ഉല്‍ഘാടന മത്സരത്തില്‍ ശ്രീലങ്കയെ 2 വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ച് ന്യൂസീലാന്‍ഡ് ആദ്യ വിജയം സ്വന്തമാക്കി.ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു.ഗയാനയിലെ വേഗത കുറഞ്ഞ പിച്ചില്‍ റണ്ണുകള്‍ വാരിക്കൂട്ടാന്‍ എളുപ്പമായിരുന്നില്ല.മറുപടി ബാറ്റിങ്ങിനിറങ്ങിയ കീവികള്‍ക്ക് തോല്‍വി മണത്തു തുടങ്ങിയെങ്കിലും, അവസാന ഓവറില്‍ ഒരു പന്ത് മാത്രം ബാക്കി നില്‍ക്കെ നാഥാന്‍ മക്കല്ലത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ ബലത്തില്‍ ന്യൂസിലാന്ഡ് വിജയം കൊയ്തു.കീവീസ് 19.5 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തു.6 പന്തില്‍നിന്നും 16 റണ്‍സെടുത്ത മക്കല്ലത്തിന്റെ മികച്ച പ്രകടനം ന്യൂസിലാന്ഡിനു തുണയായി.ശ്രീലങ്കയ്ക്കാവട്ടെ 51 പന്തില്‍ നിന്നും 81 റണ്‍സെടുത്ത ജയവര്‍ദ്ധനയുടെ നേട്ടം മുതലാക്കാനും കഴിഞ്ഞില്ല.ഗയാനയില്‍ തന്നെ നടന്ന രണ്ടാമത് മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് അയര്‍ലന്‍ഡിനെ 70 റണ്‍സിനു കെട്ടു കെട്ടിച്ചു.മെയ് 1 ന് സെന്‍റ് ലൂസിയയില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെയും പാകിസ്താന്‍ ബംഗ്ലാദേശിനെയും നേരിടും.
2010, ഏപ്രിൽ 27, ചൊവ്വാഴ്ച
ഐസിസി ലോകകപ്പ് ട്വന്‍റി 20 ടൂര്‍ണമെന്‍റ് ഏപ്രില്‍ 30 മുതല്‍ വെസ്റ്റിന്‍ഡീസില്‍
കരീബിയന്‍ ദ്വീപുകളില്‍ വീണ്ടുമൊരു ക്രിക്കറ്റ് വസന്തത്തിനു തുടക്കം കുറിച്ചു കൊണ്ട് മൂന്നാമത് ട്വന്‍റി 20 ടൂര്‍ണമെന്‍റ് വെസ്റ്റിന്‍ഡീസിലെ വിവിധ നഗരങ്ങളില്‍ 2010 ഏപ്രില്‍ 30 മുതല്‍ മെയ് 16 വരെ നടത്തപ്പെടുന്നു.ഗയാന,സെന്‍റ് ലൂസിയ,ബാര്‍ബഡോസ് എന്നിവടങ്ങളിലെ വേദികളിലാണ് ലോകത്തെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ഉശിരന്‍ പോരാട്ടങ്ങള്‍ അരങ്ങേറുന്നത്.മൊത്തമുള്ള 12 ടീമുകളെ 3 വീതം ടീമുകള്‍ ഉള്‍പ്പെട്ട 4 ഗ്രൂപ്പുകളായി തിരിച്ചാണ് ആദ്യറൌണ്ട് മത്സരങ്ങള്‍.ഗ്രൂപ്പുകളും അവയിലുള്‍പ്പെട്ട രാജ്യങ്ങളും :-
എ-പാകിസ്താന്‍,ഓസ്ട്രേലിയ,ബംഗ്ലാദേശ് ബി-ശ്രീലങ്ക,ന്യൂസീലാഡ്,സിംബാബ്‌വെ
സി -ഇന്ത്യ,ദക്ഷിണാഫ്രിക്ക,അഫ്ഗാനിസ്ഥാന്‍ ഡി -വെസ്റ്റിന്‍ഡീസ്,ഇംഗ്ളണ്ട്,അയര്‍ലന്‍ഡ്
ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് വീതം ടീമുകള്‍ സുപ്പര്‍ 8 ലേക്ക് യോഗ്യത നേടും.സുപ്പര്‍ 8 ല്‍ നിന്നും ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന 4 ടീമുകള്‍ മെയ് 13,14 തിയ്യതികളില്‍ സെന്‍റ് ലൂസിയയില്‍ നടക്കുന്ന സെമി ഫൈനലുകളില്‍ ഏറ്റുമുട്ടും.മെയ് 15 ന് ബാര്‍ബഡോസിലാണ് കലാശക്കളി.2008 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ആദ്യത്തെ ടൂര്‍ണമെന്റില്‍ കിരീടവുമായി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിന് 2009 ല്‍ ഇംഗ്ലണ്ടില്‍ നടന്ന രണ്ടാമത് എഡിഷനില്‍ സുപ്പര്‍ 8 മത്സരങ്ങളില്‍ നിന്നും 'പൂജ്യ' രായി നാണം കെട്ടു മടങ്ങേണ്ടി വന്നു.ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ശനിദശ മാറി സുവര്‍ണ കാലം വന്നു എന്ന് കരുതപ്പെടുന്ന ഇപ്പോള്‍ മഹേന്ദ്ര സിംഗ് ധോണിയും ടീമംഗങ്ങളും ഒരിക്കല്‍ കൂടി ലോകകപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവരണേയെന്നാണ് രാജൃത്തിലെ ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിക്കുന്നത്.ഇന്ത്യ ആദ്യറൌണ്ടില്‍ മെയ് 1 ന് അഫ്ഗാനിസ്ഥാനുമായും, മെയ് 2 ന് ദക്ഷിണാഫ്രിക്കയുമായും സെന്‍റ് ലൂസിയയിലെ ഗ്രൗണ്ടില്‍ മാറ്റുരയ്ക്കും.
എ-പാകിസ്താന്‍,ഓസ്ട്രേലിയ,ബംഗ്ലാദേശ് ബി-ശ്രീലങ്ക,ന്യൂസീലാഡ്,സിംബാബ്‌വെ
സി -ഇന്ത്യ,ദക്ഷിണാഫ്രിക്ക,അഫ്ഗാനിസ്ഥാന്‍ ഡി -വെസ്റ്റിന്‍ഡീസ്,ഇംഗ്ളണ്ട്,അയര്‍ലന്‍ഡ്
ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് വീതം ടീമുകള്‍ സുപ്പര്‍ 8 ലേക്ക് യോഗ്യത നേടും.സുപ്പര്‍ 8 ല്‍ നിന്നും ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന 4 ടീമുകള്‍ മെയ് 13,14 തിയ്യതികളില്‍ സെന്‍റ് ലൂസിയയില്‍ നടക്കുന്ന സെമി ഫൈനലുകളില്‍ ഏറ്റുമുട്ടും.മെയ് 15 ന് ബാര്‍ബഡോസിലാണ് കലാശക്കളി.2008 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ആദ്യത്തെ ടൂര്‍ണമെന്റില്‍ കിരീടവുമായി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിന് 2009 ല്‍ ഇംഗ്ലണ്ടില്‍ നടന്ന രണ്ടാമത് എഡിഷനില്‍ സുപ്പര്‍ 8 മത്സരങ്ങളില്‍ നിന്നും 'പൂജ്യ' രായി നാണം കെട്ടു മടങ്ങേണ്ടി വന്നു.ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ശനിദശ മാറി സുവര്‍ണ കാലം വന്നു എന്ന് കരുതപ്പെടുന്ന ഇപ്പോള്‍ മഹേന്ദ്ര സിംഗ് ധോണിയും ടീമംഗങ്ങളും ഒരിക്കല്‍ കൂടി ലോകകപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവരണേയെന്നാണ് രാജൃത്തിലെ ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിക്കുന്നത്.ഇന്ത്യ ആദ്യറൌണ്ടില്‍ മെയ് 1 ന് അഫ്ഗാനിസ്ഥാനുമായും, മെയ് 2 ന് ദക്ഷിണാഫ്രിക്കയുമായും സെന്‍റ് ലൂസിയയിലെ ഗ്രൗണ്ടില്‍ മാറ്റുരയ്ക്കും.
ലേബലുകള്‍:
ക്രിക്കറ്റ് വാര്‍ത്തകള്‍
2010, ഏപ്രിൽ 26, തിങ്കളാഴ്‌ച
ചെന്നൈ സുപ്പര്‍ കിംഗ്സ് ഐപിഎല്‍ കിരീടം ചൂടി
ഐപിഎല്‍ ഫൈനല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 22 റണ്‍സിനു തോല്‍പ്പിച്ചു ചെന്നൈ സുപ്പര്‍ കിംഗ്സ് ചാമ്പ്യന്‍ പദവി കരസ്ഥമാക്കി.ലീഗ് മത്സരങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ സച്ചിന്‍ ടെണ്ഡുല്‍ക്കറുടെ മുംബൈ ടീമിന് ഫൈനലില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ എം എസ് ധോണി നയിച്ച ചെന്നൈ ടീമിനോട് അടിയറവു പറയേണ്ടിവന്നു.കഴിഞ്ഞ സീസണില്‍ മുടിനാരിഴക്ക് കൈവിട്ടു പോയ ഐപിഎല്‍ കിരീടം അങ്ങിനെ ചെന്നൈ രാജാക്കന്മാര്‍ സ്വന്തമാക്കി.കാണികള്‍ തിങ്ങി നിറഞ്ഞ നവിമുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ചെന്നൈ 20 ഓവറില്‍ മുംബൈക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സിന്റെ വിജയലക്ഷൃം കുറിച്ചു.ഐപിഎല്‍ ഫൈനലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടുന്നത്.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ന്ശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.സച്ചിന്‍ ടെണ്ടുല്‍ക്കര്‍,സൌരഭ് തീവാരി എന്നിവര്‍ക്ക് കാര്യമായി ഒന്നുംചെയ്യാന്‍ കഴിഞ്ഞില്ല.എന്നാല്‍ പൊള്ളാര്‍ഡിന്‍റെ പ്രകടനം ഒട്ടും മോശമായില്ല.ചെന്നൈ സുപ്പര്‍ കിംഗ്സിനു വേണ്ടി സുരേഷ് റയിന-എം എസ് ധോണി കൂട്ടുകെട്ട് കരുത്തേകി ടീമിനെ വിജയത്തിലേക്ക് നയിച്ചു.ഫൈനലില്‍ ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങാന്‍ കഴിയാതെ പോയ മുംബൈ ടീമിന്‍റെ സ്വാഭാവിക പരിണാമമാണ് ഈ പരാജയം.മുംബൈ ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തന്നെ അവരുടെ ഓപ്പണര്‍ ബാറ്റ്സ്മാന്‍ ശിഖിര്‍ ധവാന്‍ റണ്ണൊന്നും എടുക്കാനാവാതെ ആദ്യഓവറില്‍ പുറത്തായപ്പോള്‍ മുംബൈ ടീമിന് സംഭവിക്കാന്‍ പോകുന്ന ദുരന്തത്തിന്റെ കേളികൊട്ട് ഉയര്‍ന്നിരുന്നു.മത്സരത്തിന്റെ ഒരുഘട്ടത്തിലും ആവശ്യമായ റണ്‍റേറ്റിന്‍റെ അടുത്തെങ്ങുമെത്താന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല.ചെന്നൈയുടെ ബാറ്റ്സ്മാന്‍മാരെ പുറത്താക്കാന്‍ കിട്ടിയ രണ്ട് മൂന്നു അവസരങ്ങള്‍ ക്യാച്ച് എടുക്കാന്‍ കഴിയാതെ അവര്‍ പാഴാക്കുകയും ചെയ്തു.
വിജയികള്‍ക്കുള്ള ട്രോഫി ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡി വിതരണം ചെയ്തു.
ലേബലുകള്‍:
ക്രിക്കറ്റ് വാര്‍ത്തകള്‍
2010, ഏപ്രിൽ 23, വെള്ളിയാഴ്‌ച
ഐപിഎല്‍ ഫൈനല്‍ മുംബൈ-ചെന്നൈ മത്സരം ഞായറാഴ്ച
ഐപിഎല്‍ ട്വന്റി 20 മത്സരങ്ങള്‍ അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഏപ്രില്‍ 25 ന് ഞായറാഴ്ച രാത്രി 8 മണിക്ക് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ ഏറ്റുമുട്ടുന്നത് ലീഗ് മത്സരങ്ങളില്‍ 14 ല്‍ 10 ഉം ജയിച്ച് 20 പോയിന്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുബൈ ഇന്ത്യന്‍സും, 7 ജയവും 7 പരാജയവും ഏറ്റുവാങ്ങി 14 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുപോയ ചെന്നൈ സുപ്പര്‍ കിംഗ്സുമാണ്. ബുധനാഴ്ച നടന്ന ആദ്യ സെമിഫൈനലില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിക്കുന്ന മുംബൈ ടീം കഴിഞ്ഞ സീസണിലെ റണ്ണര്‍അപ്പായ ബാംഗളൂര്‍ റോയല്‍ ചാലന്ജേര്‍സിനെ 35 റണ്‍സിനു തകര്‍ത്താണ് ഫൈനലില്‍ ഇടം കണ്ടത്.ഈ മത്സരത്തില്‍ 2 ഓവര്‍ തികയ്ക്കും മുമ്പേ നായകന്‍ സച്ചിന്‍ 9 റണ്‍സുമായി മടങ്ങിയെങ്കിലും സൌരഭ് തീവാരി,പൊള്ളാര്‍ഡ് തുടങ്ങിയ കളിക്കാരുടെ മികച്ച പ്രകടനത്തില്‍ ടീം രക്ഷപ്പെടുകയായിരുന്നു.വ്യാഴാഴ്ച നടന്ന രണ്ടാം സെമിയിലാവട്ടെ നിലവിലെ ചാമ്പ്യന്‍മാരായ ഡെക്കാന്‍ ചാര്‍ജേര്‍സിനെ 38 റണ്‍സിനു തോല്‍പ്പിച്ചാണ് എം എസ് ധോനിയുടെ നേതൃത്വത്തിലുള്ള ചെന്നൈ രാജാക്കന്മാര്‍ ഫൈനലില്‍ കടന്നത്. ഫൈനല്‍ മത്സരങ്ങള്‍ക്ക് ക്രീസുണരുന്പോള്‍ മുംബൈയോ? ചെന്നൈയോ? ആരാണ് കീരീടം ചൂടുക എന്നതാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റു നോക്കുന്നത്.
2010, ഏപ്രിൽ 20, ചൊവ്വാഴ്ച
ഐപിഎല്‍-മുംബൈ മുന്നില്‍,സെമിഫൈനല്‍ ചിത്രം തെളിഞ്ഞു
ലീഗ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ക്രിക്കറ്റ് മാന്ത്രികന്‍ സച്ചിന്‍ ടെണ്ഡുല്‍ക്കരുടെ കരുത്തില്‍ 14 കളികളില്‍ 10 എണ്ണം വിജയിച്ച് 20 പോയിന്റുകളോടെ മുംബൈ ഇന്ത്യന്‍സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.നാളെ നവിമുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ ഇവര്‍ നാലാം സ്ഥാനക്കാരായ ബാംഗ്ലൂര്‍ റോയല്‍ ചാലന്ജേഴ്സിനെ നേരിടും. വ്യാഴാഴ്ച ലീഗ് മത്സരങ്ങളിലെ രണ്ടാം സ്ഥാനക്കാരായ ഡെക്കാന്‍ ചാര്‍ജേഴ്സ് ,മൂന്നാം സ്ഥാനക്കാരായ ചെന്നൈ സുപ്പര്‍ കിംഗ്സുമായി ഏറ്റുമുട്ടും. ശനിയാഴ്ച മൂന്നാം സ്ഥാനക്കാരെ തീരുമാനിക്കുന്നതിനുള്ള ലൂസേര്‍സ് ഫൈനലും ഞായറാഴ്ച ഫൈനലും നടക്കും.സെമിഫൈനല്‍ മത്സരങ്ങള്‍ ബംഗളൂരുവില്‍ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും കഴിഞ്ഞ ദിവസം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ സ്ഫോടനങ്ങളെ തുടര്‍ന്നാണ് വേദി മുംബൈയിലേക്ക് മാറ്റിയത്.
ലേബലുകള്‍:
ക്രിക്കറ്റ് വാര്‍ത്തകള്‍
2010, മാർച്ച് 23, ചൊവ്വാഴ്ച
നാടകാചാര്യന്‍ കെ.ടി.മുഹമ്മദിന്റെ രണ്ടാം ചരമവാര്‍ഷികം
നാടകാചാര്യന്‍ കെ.ടി.മുഹമ്മദിന്റെ രണ്ടാം ചരമവാര്‍ഷികം മാര്‍ച്ച് 24 ,25 തിയ്യതികളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ കോഴിക്കോട്ട് ആചരിക്കും.24 ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ്നാടകങ്ങള്‍ അവതരിപ്പിച്ചു കൊണ്ടാണ് രണ്ട് നാള്‍ നീളുന്ന ദിനാചരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്.25 ന് രാവിലെ 10 മണിക്ക് ടൌണ്‍ഹാളില്‍ നാടക-സിനിമാ രംഗങ്ങളില്‍ കെ.ടിയുടെ സഹപ്രവര്‍ത്തകരായിരുന്നവരുടെ ഒത്തുചേരല്‍ നടക്കുന്നതാണ്.ഉച്ച കഴിഞ്ഞു കെ.ടിയുടെ നാടകങ്ങളിലെയും സിനിമകളിലെയും ഗാനങ്ങളുടെ പുനരാവിഷ്ക്കരണം ഉണ്ടായിരിക്കും.വൈകുന്നേരം കെ.ടി.മുഹമ്മദ് അനുസ്മരണ സമ്മേളനമാണ്.തുടര്‍ന്ന് അച്ഛനും ബാപ്പയും എന്ന നാടകം അരങ്ങേറും.മേയര്‍ എം.ഭാസ്കരന്‍ ചെയര്‍മാനും,പി .എം.വി.പണിക്കര്‍ ജനറല്‍ കണ്‍വീനറുമായി രൂപീകരിച്ച സംഘാടകസമിതിയാണ് പരിപാടികളുടെ ചുമതല വഹിക്കുന്നത്.കോഴിക്കോട്ട് കാര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കെ.ടിയുടെ സ്മരണ നിലനിര്‍ത്താന്‍ നഗരത്തില്‍ തിയേറ്റര്‍ സമുച്ചയം നിര്‍മ്മിക്കാന്‍ കേരള സര്‍ക്കാര്‍ ഇത്തവണത്തെ ബജറ്റില്‍ തുക വകയിരുത്തിയ അവസരത്തിലാണ് ഈ വര്‍ഷത്തെ ദിനാചരണചടങ്ങുകള്‍ നടക്കുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്.
2010, മാർച്ച് 12, വെള്ളിയാഴ്‌ച
ഐപിഎല്‍ ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് തുടക്കം
ആറാഴ്ചകള്‍ നീണ്ടുനില്‍ക്കുന്നതും,ആര്‍ഭാടാരവങ്ങളുടേയും പണക്കൊഴുപ്പിന്റേയും മേളയുമായ ഐപിഎല്‍ ട്വന്റി 20 മത്സരങ്ങള്‍ക്ക് ഇന്ന് മുംബൈയില്‍ തുടക്കമാവും.ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സീസണ്‍3 ന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലുള്ള ജേതാക്കളായ ഡക്കാന്‍ ചാര്‍ജേഴ്സും ,കഴിഞ്ഞ വര്‍ഷത്തെ അവസാനസ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ഡിവൈ പാട്ടീല്‍ സ്പോര്‍ട്സ് അക്കാദമി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നത്.8 ടീമുകള്‍ തമ്മില്‍ 50 മത്സരങ്ങളാണ് വിവിധ നഗരങ്ങളിലെ വേദികളിലായി ഏപ്രില്‍ 25 വരെ നടക്കുന്നത്.ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് വെസ്റ്റ് ഇന്‍ഡീസില്‍ തിരിതെളിയുന്ന ട്വന്റി 20 ലോകകപ്പ് മല്സങ്ങളുടെ തിരനോട്ടം കൂടിയായിരിക്കും ഐ പി എല്‍ പോരാട്ടം.ഗില്‍ ക്രിസ്റ്റിന്റെ നായകത്വത്തില്‍ ആന്‍ഡറൂ സൈമണ്ട്സ് തുടങ്ങിയ പ്രഗല്‍ഭകളിക്കാരെ അണിനിരത്തി വിജയം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഡെക്കാന്‍.എന്നാല്‍ സൌരവ് ഗാന്ഗുലിയുടെ നേതൃത്വത്തിലുള്ള കൊല്‍ക്കത്തയാവട്ടെ കഴിഞ്ഞ തവണത്തെ നാണക്കേടില്‍ നിന്നും കരകയറാനുള്ള ബദ്ധപ്പാടിലുമാണ്.ഉദ്ഘാടനത്തോടനുബന്ധിച്ചു ലോകപ്രശസ്ത ഗായകര്‍ അണിനിരക്കുന്ന സംഗീതവിരുന്നും വര്‍ണ്ണശഭളമായ കരിമരുന്നു പ്രയോഗവും ഒരുക്കിയിരിക്കുന്നു.രാത്രി 8 മണി മുതല്‍ സെറ്റ് മാക്സ് ടിവിയില്‍ മത്സരത്തിന്റെ തല്‍സമയ സംപ്രേഷണവും ഉണ്ടായിരിക്കുന്നതാണ്.
ലേബലുകള്‍:
ക്രിക്കറ്റ് വാര്‍ത്തകള്‍
2010, മാർച്ച് 10, ബുധനാഴ്‌ച
ഇന്ത്യന്‍ സ്ത്രീത്വത്തിന് ഇത് ചരിത്രമുഹൂര്‍ത്തം
നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നിയമനിര്‍മ്മാണ സഭകളില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 33 % പ്രാതിനിധ്യം ഉറപ്പാക്കുന്ന ഭരഘടനാ ഭേദഗതി ബില്‍ ,ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ പുതിയ അദ്ധ്യായം തങ്കലിപികളാല്‍ എഴുതിചേര്‍ത്തുകൊണ്ട് രാജ്യസഭ പാസാക്കി. സഭയ്ക്ക് അകത്തും പുറത്തും ബില്ലിന്റെ അവതരണത്തെ തടയാന്‍ മുലായം-ലാലു-ശരത് യാദവുമാര്‍ നടത്തിയ എതിര്‍പ്പുകളെ തട്ടി മാറ്റി, ബിജെപിയുടേയും ഇടതുപക്ഷ പാര്‍ട്ടികളുടേയും പരിപൂര്‍ണ്ണ പിന്തുണയോടെയാണ് ബില്‍ പാസായത്.യുപി എ ഘടകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രീസ്സിന്റെ മലക്കം മറിച്ചില്‍ എല്ലാവരിലും കൌതുകമുളവാക്കി.സഭയില്‍ ഹാജരായ 190 അംഗങ്ങളില്‍ ഒരാളൊഴികെ മറ്റെല്ലാവരും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. ലോകസഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.ലോകസഭയില്‍ പാസാക്കി കഴിഞ്ഞാല്‍ പകുതിയോളം സംസ്ഥാന നിയമസഭകള്‍ അംഗീകരിക്കുകയും, രാഷ്ട്രപതി ഒപ്പ് വെക്കുകയും ചെയ്‌താല്‍ ബില്‍ നിയമമാവും.കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഇന്ത്യയിലെ എല്ലാ വനിതാ സംഘടനകളുടേയും നിരന്തരമായ പോരാട്ടങ്ങളുടെ ഫലം കൂടിയാണ് വനിതാ സംവരണനിയമം.
2010, മാർച്ച് 4, വ്യാഴാഴ്‌ച
കൈരളി ടവര്‍ നാളെ നാടിന് സമര്‍പ്പിക്കും
മലയാളികളുടെ ആത്മാവിഷ്കാരത്തിന്റെ പ്രതീകമായ കൈരളി ചാനലിന്റെ ആസ്ഥാനമന്ദിരം നാളെ മാര്‍ച്ച് 5 ന് നാടിന് സമര്‍പ്പിക്കും.തിരുവനന്തപുരം പാളയത്ത് 9 നിലകളിലായി 70000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 12 കോടി രൂപ ചിലവഴിച്ചു നിര്‍മ്മിച്ച ബഹിനില കെട്ടിടം ജനകീയ ടെലിവിഷന്‍ ചാനലായ കൈരളിയുടെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ നാടിന്റെ അഭിമാനമായി മാറുകയാണ്.കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി കൈരളി ടവറിന്റെയും സിപിഐഎം ജനറല്‍ സിക്രട്ടറി പ്രകാശ് കാരാട്ട് സ്റ്റുഡിയോ കോംപ്ളക്സിന്‍റെയും ഉദ്ഘാടനം നിര്‍വ്വഹിക്കും. മുഖ്യമന്ത്രി വി എസ അച്ചുതാനന്ദന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സിപിഐഎം സംസ്ഥാന സിക്രട്ടറി പിണറായി വിജയന്‍,പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.മലയാളം കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ മമ്മൂട്ടി ആമുഖപ്രഭാഷണവും എം ഡി ജോണ്‍ ബ്രിട്ടാസ് സ്വാഗത പ്രസംഗവും നടത്തും.മലയാളം കമ്മ്യൂണിക്കേഷന്‍സിന്‍റെ ആസ്ഥാനവും കൈരളിയുടെ വിവിധ ചാനലുകളുടെ ഓഫീസും സ്റ്റുഡിയോകളും ഇനി ഇവിടെയാരിക്കും പ്രവര്‍ത്തിക്കുക.രണ്ടര ലക്ഷം ഓഹരി ഉടമകളുടെ മനസ്സു കുളിര്‍പ്പിക്കുന്ന വളര്‍ച്ചയുടെ ഒരു പടവ് കൂടി കൈരളി പിന്നിടുകയാണ്.ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ചാനല്‍ ഓഹരി ഉടമകള്‍ക്ക് ലാഭ വിഹിതവും നല്കിതുടങ്ങിയിട്ടുണ്ട്.50 കോടി രൂപ മൂല്യമുള്ള കെട്ടിട സമുച്ചയത്തിന്റെ 5 നിലകള്‍ വ്യാപാരാവശ്യത്തിനായി മാറ്റിവെച്ചിരിക്കുന്നു.25000 ചതുരശ്ര അടി ഭാവിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വികസനത്തിനും നീക്കി വെച്ചിട്ടുണ്ട്.ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചു വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ്.
2010, ജനുവരി 30, ശനിയാഴ്‌ച
ത്യാഗരാജ ആരാധന ഉത്സവം കോഴിക്കോട്ട് തുടങ്ങി
കര്‍ണ്ണാടകസംഗീത പ്രേമികള്‍ക്ക് 5 ദിവസത്തെ സംഗീത വിരുന്ന് ഒരുക്കികൊണ്ട് ത്യാഗരാജ ആരാധനാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മുപ്പതാമത് ത്യാഗരാജ ആരാധനാ ഉത്സവം ശെമ്മാങ്കുടി നഗറില്‍(തളി പത്മശ്രീ കല്യാണമണ്ഡപം)തുടക്കമായി.സീനിയര്‍ വിദുഷി ശ്രീമതി നീലാ രാംഗോപാല്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ആകാശവാണി കോഴിക്കോട് നിലയം ഡയരക്ടര്‍ കെ.രാജന്‍,സംഗീത ചികിത്സാ വിദഗ്ധന്‍ ഡോ.ടി.പി.മെഹറൂഫ് രാജ് എംഡി എന്നിവര്‍ സംസാരിച്ചു.മാനേജിങ്ങ് ട്രസ്റ്റി ഡോ.എ രാമനാഥന്‍ സ്വാഗതവും ട്രസ്റ്റി എം ഡി രാജാമണി നന്ദിയും പറഞ്ഞു.തുടര്‍ന്ന് സംഗീത പരിപാടികള്‍ അരങ്ങേറി.കുട്ടികളുടെ സംഗീതാര്‍ച്ചന,കുമാരി ശ്രീരഞ്ജിനി,സുമിത്ര നിധിന്‍,സുമിത്ര വാസുദേവ്,നീലാ രാംഗോപാല്‍,വിഷ്ണു ഭാട്ടിയ സഹോദരിമാര്‍ എന്നിവരുടെ കച്ചേരിയും, ചിത്ര നാരായണ സ്വാമിയുടെ വീണക്കച്ചേരിയും ആദ്യ ദിവസം തന്നെ അവതരിപ്പിക്കപ്പെട്ടു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേരളത്തിനകത്തും പുറത്തുമുള്ള സംഗീത പ്രതിഭകളുടെ കച്ചേരികളും കുട്ടികളുടെ സംഗീതാര്‍ച്ചനയും ഉണ്ടാവും.സംഗീതോല്‍സവം ഫിബ്രവരി 3 ന് സമാപിക്കും.
2010, ജനുവരി 18, തിങ്കളാഴ്‌ച
ദേശാഭിമാനി മലപ്പുറം എഡിഷന്‍ തുടങ്ങി
ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന്‍റെ മുന്നണിപ്പോരാളി വംഗനാടിന്‍റെ വീരപുത്രന്‍ ജ്യോതിബസുവിന്‍റെ വേര്‍പാട് സൃഷ്‌ടിച്ച ദുഖസാന്ദ്രമായ അന്തരീക്ഷത്തില്‍ ദേശാഭിമാനിയുടെ മലപ്പുറം എഡിഷന് തുടക്കമായി.വെള്ളപ്പട്ടാളത്തിന്‍റെ നിറതോക്കുകള്‍ക്കു മുമ്പില്‍ വിരിമാറ് കാട്ടി വീരമൃത്യു വരിച്ച ധീരദേശാഭിമാനികളുടെ ചുടുചോര വീണു ചുവന്ന ഏറനാടിന്‍റെ മണ്ണില്‍ നിന്നും ,സാമ്രാജ്യത്വത്തിനും മുതലാളിത്വത്തിനുമെതിരെ സന്ധിയിയില്ലാത്ത പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിപ്ലവപ്രസ്ഥാനത്തിന്‍റെ ജിഹ്വയായ ദേശാഭിമാനിയുടെ ഒമ്പതാമത്തെ എഡിഷന്‍ ഇനി ജനങ്ങളുടെ കൈകളിലേക്ക്.തന്‍റെ കുടുംബസ്വത്ത് വിറ്റു കിട്ടിയ തുക പാര്‍ട്ടിപത്രത്തിന് നല്‍കുകയും ,ആയുഷ്ക്കാലം മുഴുവന്‍ പ്രസ്ഥാനത്തിനും ദേശാഭിമാനിക്കും വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത മഹാനായ ഇ എം എസ്സിന്‍റെ ജന്മനാട്ടില്‍ നിന്നും പത്രത്തിന്റെ പതിപ്പ് എന്ന ചിരകാലസ്വപ്നമാണ് ഇതോടെ സാക്ഷാല്‍ക്കരിക്കപ്പെട്ടിരിക്കുന്നത്.മലപ്പുറം എം എസ് പി ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞ ജനസഞ്ചയത്തെ സാക്ഷി നിര്‍ത്തി സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയും പി ബി അംഗവുമായ പിണറായി വിജയന്‍ എഡിഷന്‍ പുറത്തിറക്കി.ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങില്‍ തദ്ദേശവകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി,ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി,എംപിമാരായ എ വിജയരാഘവന്‍,ഇ ടി മുഹമ്മദ് ബഷീര്‍,എംഎല്‍ എ മാരായ കെ ടി ജലീല്‍,മഞ്ഞളാംകുഴി അലി,പാര്‍ട്ടി ജില്ലാസെക്രട്ടറി കെ ഉമ്മര്‍ മാസ്റ്റര്‍,മാധ്യമ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.സിനിമാ നടന്‍ കലാഭവന്‍ മണി ദേശാഭിമാനി മലപ്പുറം യൂനിറ്റ് സന്ദര്‍ശിച്ചു.സ്വാഗതസംഘം ചെയര്‍മാന്‍ ടി കെ ഹംസ സ്വാഗതം പറഞ്ഞ ചടങ്ങില്‍ യൂനിറ്റ് മാനേജര്‍ ഇ എന്‍ മോഹന്‍ദാസ് കൃതജ്ഞത പ്രകാശിപ്പിച്ചു.
2010, ജനുവരി 15, വെള്ളിയാഴ്‌ച
സ്കൂള്‍ കലോത്സവം കോഴിക്കോട്ട് കൊടിയിറങ്ങി
കോഴിക്കോട്ടെ ജനാവലിക്ക് കലാമാമാങ്കത്തിന്റെ ഏഴു രാപ്പലുകള്‍ സമ്മാനിച്ച കേരള സ്കൂള്‍ കലോത്സവത്തിന്റെ സുവര്‍ണ്ണ ജൂബിലി നിറപ്പകിട്ടാര്‍ന്ന ചടങ്ങുകളോടെ സമാപിച്ചു.790 പോയിന്‍റുകള്‍ നേടി തുടര്‍ച്ചയായി നാലാം തവണയും ആതിഥേയരായ കോഴിക്കോട് ജില്ല സ്വര്‍ണ്ണകപ്പ് കരസ്ഥമാക്കി കലോത്സവചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതി ചേര്‍ത്തു.723 പോയിന്റുകളോടെ കണ്ണൂര്‍ രണ്ടാം സ്ഥാനത്തും,720 പോയിന്റുകള്‍ നേടിയ തൃശ്ശൂര്‍ മൂന്നാം സ്ഥാനത്തുമെത്തി.ഹൈസ്കൂള്‍ വിഭാഗത്തില്‍ കോഴിക്കോട്ടെ സില്‍വര്‍ ഹില്‍സ് സ്കൂളും,ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഇടുക്കിയിലെ കുമാരമംഗലം എം കെ എന്‍ എം സ്കൂളും ചാമ്പ്യന്മാരായി.മാനാഞ്ചിറ മൈതാനിയില്‍ തിങ്ങി നിറഞ്ഞ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ഗാനഗന്ധര്‍വന്‍ ഡോ .കെ.ജെ .യേശുദാസ് സമ്മാനദാനം നിര്‍വ്വഹിച്ചു.സമാപനസമ്മേളനം വിദ്യാഭ്യാസമന്ത്രി എം എ ബേബിയുടെ അദ്ധ്യക്ഷതയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി മുഖ്യാതിഥിയായ ചടങ്ങില്‍ വ്യവസായമന്ത്രി എളമരം കരീം,എം പി മാരായ എം കെ രാഘവന്‍,എം ഐ ഷാനവാസ്,എം പി അച്യുതന്‍,മേയര്‍ എം ഭാസ്കരന്‍, എം എല്‍ എ മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.സമ്മാനര്‍ഹമായ ഇനങ്ങള്‍ വേദിയില്‍ വീണ്ടും അവതരിപ്പിച്ചു.എം കെ രാഘവന്‍ എം പി ഒരു പാട്ട് പാടിയതും യേശുദാസും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും കൂടെ ചേര്‍ന്നതും സദസ്സിന് ഹരം പകര്‍ന്നു.അടുത്ത വര്‍ഷത്തെ സ്കൂള്‍ കലോത്സവം നടക്കുന്ന കോട്ടയത്തിന് കലോത്സവപതാക കൈമാറി.
സ്വര്‍ണ്ണകപ്പ് ഉറപ്പുവരുത്തി കോഴിക്കോട് മുന്നേറ്റം തുടരുന്നു
സ്കൂള്‍ കലോത്സവത്തിന് തിരശ്ശീല വീഴാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആതിഥേയരായ കോഴിക്കോട് ജില്ല സ്വര്‍ണ്ണകപ്പ് ഉറപ്പിച്ചു കൊണ്ട് പോയിന്റ് നിലയില്‍ ബഹുദൂരം മുന്നില്‍.ഏറ്റവും ഒടുവിലെ നിലയനുസരിച്ച് ഹൈസ്കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും 7 വീതം ഇനങ്ങള്‍ മാത്രമേ ഇനി നടക്കാനുള്ളു.പോയിന്റ് നില ചുവടെ കൊടുക്കുന്നു.
കോഴിക്കോട് -726 ,കണ്ണൂര്‍-669 ,തൃശൂര്‍-664 ,പാലക്കാട്-659 ,എറണാകുളം-630 ,മലപ്പുറം -623തിരുവനന്തപുരം-615 ,കൊല്ലം-606 ,കോട്ടയം-601 ,കാസര്‍ഗോഡ്-594 ,ആലപ്പുഴ-581 ,വയനാട്-527 ,പത്തനംതിട്ട-500 ,ഇടുക്കി -461 എന്നിങ്ങനെയാണ് ഏറ്റവും ഒടുവിലെ പോയിന്റ് നില.കലോത്സവം വെള്ളിയാഴ്ച വൈകീട്ട് സമാപിക്കും.വിദ്യാഭ്യാസമന്ത്രി എം എ ബേബിയുടെ അദ്ധ്യക്ഷതയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി മുഖ്യാതിഥിയായ ചടങ്ങില്‍ ഗാനഗന്ധര്‍വന്‍ ഡോ.കെ ജെ.യേശുദാസ് സമ്മാന ദാനം നിര്‍വ്വഹിക്കും.വ്യവസായമന്ത്രി എളമരം കരീം സുവനീര്‍ പ്രകാശനം ചെയ്യും.എം പി മാര്‍, എം എ എല്‍ എ മാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
കോഴിക്കോട് -726 ,കണ്ണൂര്‍-669 ,തൃശൂര്‍-664 ,പാലക്കാട്-659 ,എറണാകുളം-630 ,മലപ്പുറം -623തിരുവനന്തപുരം-615 ,കൊല്ലം-606 ,കോട്ടയം-601 ,കാസര്‍ഗോഡ്-594 ,ആലപ്പുഴ-581 ,വയനാട്-527 ,പത്തനംതിട്ട-500 ,ഇടുക്കി -461 എന്നിങ്ങനെയാണ് ഏറ്റവും ഒടുവിലെ പോയിന്റ് നില.കലോത്സവം വെള്ളിയാഴ്ച വൈകീട്ട് സമാപിക്കും.വിദ്യാഭ്യാസമന്ത്രി എം എ ബേബിയുടെ അദ്ധ്യക്ഷതയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി മുഖ്യാതിഥിയായ ചടങ്ങില്‍ ഗാനഗന്ധര്‍വന്‍ ഡോ.കെ ജെ.യേശുദാസ് സമ്മാന ദാനം നിര്‍വ്വഹിക്കും.വ്യവസായമന്ത്രി എളമരം കരീം സുവനീര്‍ പ്രകാശനം ചെയ്യും.എം പി മാര്‍, എം എ എല്‍ എ മാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
2010, ജനുവരി 11, തിങ്കളാഴ്‌ച
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം സമാപിച്ചു
ഇന്ത്യന്‍ യുവത്വത്തിന്റെ വിപ്ലവപ്രസ്ഥാനവും സമരങ്ങളുടെ മുന്നണി പോരാളിയുമായ ഡി വൈ എഫ് ഐ യുടെ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉജ്വല യുവജനറാലിയോടെ സമാപിച്ചു.ശംഖുമുഖം കടപ്പുറത്ത് മറ്റൊരു ശുഭ്രസാഗരം തീര്‍ത്ത മഹാസമ്മേളനം സി പി ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്തു.സി പി ഐ (എം ) മതവിശ്വാസത്തിന് എതിരല്ലെന്നും ജീവന്‍ നല്‍കിയും മതവിശ്വാസികളെ സംരക്ഷിച്ച പാര്‍ട്ടിയാണെന്നും പിണറായി തന്റെ ഉല്‍ഘാടനപ്രസംഗത്തില്‍ പറഞ്ഞു. പാര്‍ട്ടി എതിര്‍ക്കുന്നത് മതവിശ്വാസത്തെയല്ല ,മറിച്ച് മതമൌലികതാവാദത്തെയും വര്‍ഗ്ഗീയതയേയുമാണെന്ന് പിണറായി ഓര്‍മ്മിപ്പിച്ചു.ന്യൂനപക്ഷ വര്‍ഗീയതയേയും ഭൂരിപക്ഷ വര്‍ഗീയതയേയും ഒരുപോലെ എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.കോണ്‍ഗ്രസ് പലപ്പോഴും ഭൂരിപക്ഷ വര്‍ഗീയതയെ തുണച്ചിട്ടുണ്ടെന്നും എന്‍ ഡി എഫിനെ സംരക്ഷിക്കുന്നത് മുസ്ലിംലീഗാണെന്നും പിണറായി പറഞ്ഞു.സക്കറിയാ സംഭവത്തെ പരാമര്‍ശിക്കവെ കമ്മ്യൂണിസ്റ്റ് നേതാക്കളെ അപകീര്‍ത്തിപെടുത്തുന്ന വാക്കുകള്‍ പയ്യന്നൂരില്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്ന് പിണറായി അഭിപ്രായപ്പെട്ടു.പട്ടിക ജാതി പട്ടിക വര്‍ഗ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിന് കുറവ് വരുത്താതെ, മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതില്‍ ഡി എഫ് ഐക്ക് എതിര്‍പ്പില്ലെന്നും,കോളേജ് അദ്ധ്യാപകരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു.റേഷന്‍ വിഹിതം വെട്ടിക്കുറച്ചും മറ്റും കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കെതിരെ വരും നാളുകളില്‍ വന്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കാന്‍ സമ്മേളനം തീരുമാനിച്ചു.സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റായി എം ബി രാജേഷ് എംപിയും, സെക്രട്ടറിയായി ടി വി രാജേഷും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
2010, ജനുവരി 10, ഞായറാഴ്‌ച
സ്കൂള്‍ കലോല്‍സവത്തിന് കോഴിക്കോട്ട് തിളക്കമാര്‍ന്ന തുടക്കം
ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമെന്ന ഖ്യാതി സമ്പാദിച്ച കേരള സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട്ട് തിളക്കമാര്‍ന്ന തുടക്കമായി.നിരവധി നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും മിഴിവേകിയ, ആയിരങ്ങള്‍ അണിനിരന്ന സാംസ്കാരിക ഘോഷയാത്രയോടെയായിരുന്നു കലോത്സവത്തിന് നാന്ദി കുറിച്ചത്.വൈകുന്നേരം നാലുമണിക്ക് ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച് നഗരവീഥികളില്‍ വര്‍ണ്ണപ്പോലിമ വാരിവിതറി,റോഡിന്‍റെ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ പതിനായിരങ്ങളുടെ ആശീര്‍വാദങ്ങളേറ്റുവാങ്ങി ഘോഷയാത്ര പ്രധാന വേദിയായ മാനാഞ്ചിറ മൈതാനിയില്‍ എത്തിയപ്പോള്‍ അവിടം കോഴിക്കോട്ടെ കലാസ്നേഹികള്‍ കയ്യടക്കി കഴിഞ്ഞിരുന്നു.പ്രശസ്ത കവി പി കെ ഗോപി രചിച്ച് പ്രേംകുമാര്‍ വടകര ചിട്ടപ്പെടുത്തിയ സ്വാഗത ഗാനത്തോടെയും അതിന്‍റെ ദൃശ്യാവിഷ്ക്കാരതോടെയുമായിരുന്നു ഉല്‍ഘാടനചടങ്ങുകള്‍ ആരംഭിച്ചത്.തുടര്‍ന്ന് ആകാശത്ത് പൊട്ടിവിടര്‍ന്ന വര്‍ണ്ണവിസ്മയത്തെ സാക്ഷി നിര്‍ത്തി വിദ്യാഭ്യാസ മന്ത്രി എം എ ബേബി കലോത്സവത്തിന്റെ അമ്പതാം വാര്‍ഷികത്തിന് തിരി തെളിയിച്ചു.വേദിയില്‍ സന്നിഹിതരായിരുന്ന മന്ത്രി ബിനോയ് വിശ്വം,എം കെ രാഘവന്‍ എംപി, മേയര്‍ എം ഭാസ്കരന്‍,പ്രശസ്ത കലാകാരനും ചടങ്ങിലെ മുഖ്യാതിഥിയുമായിരുന്ന ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍,പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് എന്നിവരും ദീപം തെളിച്ചു.ഉല്‍ഘാടന ചടങ്ങിനു ശേഷം പ്രധാന വേദിയായ വേദി ഒന്നില്‍ മോഹിനിയാട്ടവും മറ്റു വേദികളില്‍ മൂകാഭിനയം,കേരളനടനം,ദേശഭക്തിഗാനം,ഓടക്കുഴല്‍,വീണ എന്നീ ഇനങ്ങളും അരങ്ങേറി.
2010, ജനുവരി 9, ശനിയാഴ്‌ച
സ്കൂള്‍ കലോത്സവം അരങ്ങുകളുണരാന്‍ മണിക്കൂറുകള്‍ മാത്രം
സുവര്‍ണ്ണജൂബിലിയുടെ നിറവില്‍ കേരള സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട്ട് അരങ്ങുകളുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.കോഴിക്കോടന്‍ ഹലുവയുടെ മാധുര്യമൂറും മിഠായിത്തെരുവില്‍ നിന്നും ഒരു വിളിപ്പാടകലെ ചരിത്രമുറങ്ങുന്ന മാനാഞ്ചിറ മൈതാനിയിലെ പ്രധാന പന്തലില്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ കലോല്‍സവത്തിന് ദീപം കൊളുത്തുന്നതോടെ ഏഴു ദിവസങ്ങള്‍ നീളുന്ന കലാമാമാങ്കത്തിന് തുടക്കമാവും.തുടര്‍ന്നുള്ള ഏഴു രാപ്പകലുകള്‍ കോഴിക്കോട്ടുകാരുടെ കണ്ണും കാതും മനസ്സും കുളിര്‍പ്പിക്കാന്‍ കലാവിരുന്ന്.ജനുവരി 9 മുതല്‍ 15 വരെ നഗരത്തിലെ 16 വേദികളില്‍ 8400 മത്സരാര്‍ത്ഥികള്‍ തങ്ങളുടെ കലാപരമായ കഴിവുകള്‍ മാറ്റുരയ്ക്കും.ഒമ്പതിന് രാവിലെ 9.30 ന് പ്രധാന വേദിയായ മാനാഞ്ചിറ മൈതാനിയില്‍ പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് പതാക ഉയര്‍ത്തും.തുടര്‍ന്ന് കലോത്സവത്തിന്റെ സുവര്‍ണജൂബിലി വര്‍ഷത്തെ അനുസ്മരിച്ചു കൊണ്ട് 49 പ്രശസ്ത വ്യക്തികള്‍ കൂടി പതാകകള്‍ ഉയര്‍ത്തുന്നതാണ്.10 മണിക്ക് ബി ഇ എം ഗേള്‍സ് സ്കൂളില്‍ രജിസ്ട്റേഷന്‍ ആരംഭിക്കും.ഉച്ചയ്ക്ക് 2.30 ന് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നിന്നും നിറപ്പകിട്ടാര്‍ന്ന സാംസ്കാരിക ഘോഷയാത്ര പുറപ്പെടും.നിശ്ചല ദൃശ്യങ്ങള്‍,കലാപ്രകടനങ്ങള്‍, പെണ്‍കുട്ടികളുടെ കളരിപ്പയറ്റ് തുടങ്ങിയവ അകമ്പടി സേവിക്കുന്ന, ആയിരങ്ങള്‍ അണിനിരക്കുന്ന ഘോഷയാത്ര മാവൂര്‍ റോഡു വഴി പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിനു മുന്നിലൂടെ പ്രധാന വേദിയായ മാനാഞ്ചിറ മൈതാനിയില്‍ പ്രവേശിക്കും.തുടര്‍ന്ന് 5 മണിക്ക് പ്രൌഢഗംഭീരമായ ഉല്‍ഘാടന ചടങ്ങുകള്‍.ജില്ലയിലെ അമ്പതു സംഗീതാധ്യാപകര്‍ ചേര്‍ന്ന് ആലപിക്കുന്ന സ്വാഗത ഗാനത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ കലോല്‍സവത്തിന് തിരികൊളുത്തും.മന്ത്രി ബിനോയ് വിശ്വം,മേയര്‍ എം ഭാസ്കരന്‍,എം കെ രാഘവന്‍ എം പി ,എം എല്‍ എ മാര്‍ തുടങ്ങിയവര്‍ സംസാരിക്കും.പ്രശസ്ത കലാകാരന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ മുഖ്യാതിഥിയായ ചടങ്ങില്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി ജെയിംസ് വര്‍ഗീസ് സ്വാഗതവും ഹയര്‍ സെക്കണ്ടറി ഡയരക്ടര്‍ സി പി ചിത്ര നന്ദിയും പറയും.ഉത്ഘാടനത്തിനു ശേഷം 6 മണിക്ക് മത്സരങ്ങള്‍ക്ക് തുടക്കമാവും.പ്രധാന വേദിയായ മാനാഞ്ചിറ മൈതാനിയിലെ വേദി 1 ല്‍ ഹൈസക്കൂള്‍ വിഭാഗം മോഹിനിയാട്ടം അരങ്ങേറും.ക്രിസ്ത്യന്‍ കോളേജ് ഗ്രൌണ്ടിലെ വേദി 2 ല്‍ കേരള നടനം വേദി 3 ല്‍ ദേശഭക്തിഗാനം എന്നിവയാണ് നടക്കുക.ടൌണ്‍ ഹാളില്‍ (വേദി 4 )മൂകാഭിനയം,സെന്‍റ് ജോസഫ് എച്ച് എസ് എസ് (വേദി 6 ) ഓടക്കുഴല്‍,ആംഗ്ലോ ഇന്ത്യന്‍ എച്ച് എസ് എസ് (വേദി 7 )വീണ എന്നിവയാണ് ഇന്ന് നടക്കുന്ന മറ്റു മത്സരങ്ങള്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)